പുൽപള്ളി ∙ കാപ്പി വിളവെടുപ്പ് പൂർത്തിയാകും മുൻപേ പെയ്ത മഴയിൽ കാപ്പി പൂത്തുലഞ്ഞത് കർഷകരെ പ്രയാസത്തിലാക്കി. വിളവെടുത്ത കാപ്പി ഉണങ്ങിയെടുക്കാൻ പാടുപെടുന്നതിനിടെയാണ് കാപ്പിപ്പൂ സംരക്ഷിക്കാനുള്ള നനയും വേണ്ടിവന്നത്.
ജില്ലയിൽ പലേടത്തും കാപ്പി പൂത്തു. ജലസേചന സൗകര്യമുള്ളവർ നനച്ചാണ് കാപ്പി ഉൽപാദിപ്പിക്കുന്നത്.
കാപ്പിച്ചുവട് നന്നായി നനച്ചുകുതിർത്താണ് കാപ്പിമൊട്ട് നന്നായി പുഷ്പിക്കുന്നത്.പൂക്കൾ കരിയുന്നതോടെ അവ കൊഴിച്ചു കളയാൻ മുകളിലൂടെ നന നൽകണം.
വിരിഞ്ഞ പൂക്കൾ സംരക്ഷിച്ചില്ലെങ്കിൽ വരുന്ന സീസണിൽ ഉൽപാദനം കാര്യമായി കുറയുമെന്നാണ് കർഷകരുടെ ആശങ്ക. സാധാരണ മാർച്ച് മാസത്തിലാണ് കാപ്പി നനച്ച് പുഷ്പിക്കുന്നത്.
ഇക്കൊല്ലം നേരത്തെ വിരിഞ്ഞ പൂക്കളിൽ പരാഗണം നടക്കുന്നില്ലെന്നും കർഷകർ പറയുന്നു. തോട്ടങ്ങളിൽ പരാഗവാഹികളായ തേനീച്ചകളെയും കാണുന്നില്ല.
അതിനാൽ ഇപ്പോൾ പൂത്ത കാപ്പി ഗുണം ചെയ്യുമെന്ന് ഉറപ്പില്ല. കുറെ മൊട്ടുകൾ വിരിയാതെയുമുണ്ട്.
വെയിലേറ്റ് അവ കരിഞ്ഞുപോകും.
ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ മഴയെ ആശ്രയിച്ചാണ് കാപ്പി സംരക്ഷണം. നല്ല കാലാവസ്ഥ ലഭിക്കാതായാൽ കാപ്പി ഉൽപാദനം തീരെയുണ്ടാവില്ല. ഇപ്പോൾ കായ് പിടിച്ചാൽ അത് അസമയത്ത് മൂപ്പെത്തി പഴുക്കും.മിക്കവാറും മഴക്കാലത്താവും കാപ്പി വിളവെടുക്കേണ്ടി വരിക.
അറബിക്ക ഇനത്തിൽപെട്ട കാപ്പി നേരത്തെ പാകമാകുന്നതിനാൽ മഴക്കാലത്താണ് വിളവെടുപ്പ്.
മെച്ചപ്പെട്ട വിലയുള്ളതിനാൽ കാപ്പിയിൽ കർഷകർക്ക് നല്ല കരുതലുണ്ട്.
കൂടുതൽ കർഷകർ കാപ്പികൃഷിയിലേക്കു തിരിയുന്നുമുണ്ട്.
മുൻപ് കാപ്പി പറിച്ചു മാറ്റിയവരും ഇപ്പോൾ സജീവമായി കൃഷിയിലുണ്ട്. കുരുമുളക് നശിച്ച തോട്ടങ്ങളിൽ പലരും കാപ്പിയാണ് നട്ടത്.
സംരക്ഷണ ചെലവുകൾ കുറഞ്ഞ കൃഷിയായി പലരും കാപ്പിയെ കാണുന്നുണ്ട്. കൃത്യമായി നന നൽകിയാൽ നല്ല ഉൽപാദനമുണ്ടാകും. ആഗോളാടിസ്ഥാനത്തിൽ കാപ്പി ഉൽപാദനം കുറയുന്നതിനാൽ ഇവിടെ കാപ്പിക്ക് നല്ലഭാവിയുണ്ടെന്ന് കാർഷിക വിദഗ്ധർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

