പുളിഞ്ഞാൽ∙ കുട്ടികളെ സ്കൂളിലേക്ക് ഒരുക്കി ഇറക്കുന്നതിനു മുൻപ് മുത്തശ്ശിമാരായ തങ്കുവും രാധയും പരിസരം വീക്ഷിക്കും. പതിവുകാരായ ആനയും, കാട്ടിയും, കാട്ടുപന്നിയും ഇറങ്ങിയിട്ടുണ്ടോ എന്നാണ് അവരുടെ നോട്ടം.
ഇവയുടെ സാന്നിധ്യം ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ കുട്ടികളുമൊത്ത് മലയിറങ്ങും. ഇതാണ് പുളിഞ്ഞാൽ പെരുങ്കുളം ഊരിലെ പതിവ്.
ഉത്തര, രോഹിത്, നന്ദിത എന്നിവരാണ് ഇവിടെ നിന്ന് മലയിറങ്ങി പുളിഞ്ഞാൽ സ്കൂളിൽ എത്തുന്നത്. 2ാം ക്ലാസുകാരായ ഉത്തരയുടെയും രോഹിത്തിന്റെയും കൈപിടിച്ച് നന്ദിതയും സ്കൂൾ ബാഗ് തോളിലേറ്റി രക്ഷിതാക്കളും കൂടെ ഒരു ചെറു സംഘമായാണ് ഇവർ സ്കൂളിലേക്ക് യാത്രയാകുന്നത്.
ഒരു വശത്ത് വനവും മറുവശത്ത് ആൾ താമസമില്ലാതെ നീണ്ടു കിടക്കുന്ന സ്വകാര്യ തോട്ടത്തിനും നടുവിലെ മൺപാതയിലൂടെ നടന്നു വേണം ഇവർക്ക് സ്കൂളിൽ എത്താൻ.
പൂർണമായും ഇളകിയ നിലയിലുള്ള വലിയ ഉരുളൻ കല്ലുകളും വൻ കുഴികളും നിറഞ്ഞ കുത്തനെയുള്ള റോഡാണ് പുറം ലോകത്തേക്കുള്ള ഏക വഴി. കണ്ണൊന്നു തെറ്റിയാൽ കാൽ തെറ്റി വീഴാനും വൻ അപകടം സംഭവിക്കാനും സാധ്യത ഏറെ.
കൂടെ വരുന്നവരുടെ കൈ പിടിച്ച് ഏറെ സാഹസികമായാണു ഈ കുരുന്നുകൾ മലയിറങ്ങുന്നതും തിരികെ കയറുന്നതും.
മഴ പെയ്താൽ കൂടെയുള്ളവർ ഇവരെ ചുമന്നു വേണം നടക്കാൻ. ഇതിനിടെ വന്യ മൃഗങ്ങളെയും പേടിക്കണം.
എന്നാൽ ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഉത്തരയും രോഹിതും നന്ദിതയും പതിവായി സ്കൂളിൽ എത്തും. വനത്തിനുള്ളിലെ ഏകാന്തതയേക്കാൾ അവർ ഇഷ്ടപ്പെടുന്നത് കൂട്ടുകാരോടൊത്തുള്ള കളിചിരികളാണ്.
സ്കൂളിൽ പോകാൻ തടസ്സം നേരിടുന്നതാണ് ഇവരെ നിരാശരാക്കുന്നത്. വന്യ മൃഗങ്ങൾ ഉള്ളതാണ് ഇവരുടെ സ്കൂൾ യാത്ര മുടക്കുന്നത്.
ഈയടുത്ത് കാട്ടാന ഇറങ്ങിയതിനെത്തുടർന്ന് ദിവസങ്ങളോളം സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെന്ന് ഏറെ നിരാശയോടെ ഇവർ പറയുന്നു. അപ്പോൾ എത്തിയ പരീക്ഷ പോലും എഴുതാൻ ഇവർക്ക് കഴിഞ്ഞില്ല.
വീട്ടിൽ നിന്ന് ഇറങ്ങി കഠിന പാത കുത്തനെ ഇറങ്ങി വാഹനം എത്തുന്ന സ്ഥലമായ മോളിമുക്കിൽ എത്തണമെങ്കിൽ ചുരുങ്ങിയത് മുക്കാൽ മണിക്കൂർ നടക്കണം.
കാലാവസ്ഥ പ്രതികൂലമെങ്കിൽ സമയം കൂടും. സ്കൂൾ വിട്ട് ഇതേ സ്ഥലത്ത് വണ്ടി ഇറങ്ങി മലകയറുകയാണ് പതിവ്.
എന്നാൽ മല കയറി വീടെത്താനുള്ള സമയ ദൈർഘ്യം ഇതിലും ഏറെ വരും. എന്നാൽ പ്രതിസന്ധകളൊന്നും വക വയ്ക്കാതെ ഉത്തരയും രോഹിതും നന്ദിതയും ആടിയും പാടിയും എന്നും സ്കൂളിലെത്തും.
2002 ൽ പെരുങ്കുളം മലയിൽ കുടിയേറിയ കുടുംബങ്ങളിൽ ശേഷിക്കുന്നവരാണ് ഈ കുട്ടികളുടെ കുടുംബം.
28 കുടുംബങ്ങളാണു അന്ന് ഇവിടെ കുടിയേറിയത്. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാനാവാതെ കുടുംബങ്ങളെല്ലാം മലയിറങ്ങി.
ഉരുൾ പൊട്ടലിലും ആന ആക്രമണത്തിലും ഇവിടെ 2 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. നിലവിലുള്ള 2 വീടുകളും നാരോക്കടവിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
എന്നാൽ അത് യാഥാർഥ്യമാകുന്നതിന് നാളുകൾ ഏറെ വരുമെങ്കിലും അത്തരം ആകുലതകൾ ഒന്നുമില്ലാതെ ഈ മൂവർ സംഘം പതിവു തെറ്റിക്കാതെ കളി ചിരികളോടെ അവരുടെ സ്കൂളിലേക്കുള്ള യാത്ര തുടരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

