യുഎസ് പ്രസിഡന്റ് ഡോണൾട് ട്രംപ് രൂപീകരിക്കുന്ന സമാധാന ബോർഡിൽ (പീസ് ബോർഡ്) ചേരാനുള്ള തീരുമാനത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധം. ലോകരാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിയ്ക്കാൻ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കം.
ഇസ്രയേൽ–ഹമാസ് യുദ്ധത്തില്‍ തകർന്ന ഗസ പുനർനിർമാണമാണ് ബോർഡിന്റെ ആദ്യ ദൗത്യം. ഇതിൽ പങ്കാളിയാകുമെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
എന്നാൽ ബോർഡിൽ ചേരാൻ 100 കോടി ഡോളർ (ഏകദേശം 9,000 കോടി രൂപ) അംഗത്വ ഫീസ് നൽകണമെന്ന വ്യവസ്ഥയാണ് പാക്കിസ്ഥാനിൽ പ്രതിഷേധത്തിന് കാരണമായത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായത്തോടെയാണ് കാര്യങ്ങൾ മുന്നോട്ടുനീക്കുന്നത്. ഇതിനിടയിൽ വലിയ തുക മുടക്കി പീസ് ബോര്‍ഡിൽ അംഗമാകുന്നത് ട്രംപിന് മുന്നിൽ നല്ല പേര് സമ്പാദിക്കാനുള്ള ശ്രമമാണെന്നാണ് വിമർശനം.
പണം മുടക്കി ഇത്തരം സംവിധാനങ്ങളുടെ ഭാഗമാകുന്നത് ശരിയായ നടപടിയല്ലെന്നും പാക്കിസ്ഥാനിലെ പ്രതിപക്ഷം ആരോപിക്കുന്നു.
പാക്കിസ്ഥാന്റെ നീക്കം അപ്രതീക്ഷിതമല്ലെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്. മധ്യേഷ്യയിൽ സ്വാധീനം ചെലുത്താനും ട്രംപുമായുള്ള ബന്ധം ശക്തമാക്കാനും ഏറെ നാളായി പാക്കിസ്ഥാൻ ശ്രമിക്കുകയാണ്.
എന്നാൽ കോളനിവൽക്കരണത്തിന്റെ ഓർമകളുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ട്രംപിന്റെ ക്ഷണം സ്വീകരിക്കാൻ സാധ്യതയില്ലെന്നും യുഎസ് ആസ്ഥാനമായ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മൈക്കൽ കുഗെൽമാൻ വിലയിരുത്തുന്നു.
വിഷയം പാക്കിസ്ഥാനിൽ രാഷ്ട്രീയ പ്രശ്നമായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള പലസ്തീനികളുടെ അവകാശം ലംഘിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് സെനറ്റിലെ പ്രതിപക്ഷ നേതാവ് അല്ലാമ രാജ നസീർ അബ്ബാസ് പറഞ്ഞു.
ഗാസ പുനർനിർമാണം, സുരക്ഷ, രാഷ്ട്രീയം എന്നീ കാര്യങ്ങളിൽ ബാഹ്യശക്തികൾ ഇടപെടുന്നത് നവ കോളനി വൽക്കരണത്തിന് തുല്യമാണെന്നും അവർ കുറ്റപ്പെടുത്തുന്നു.
പാർലമെന്റിന്റെ അനുമതി ഇല്ലാതെ ഇത്തരം തീരുമാനങ്ങളെടുക്കാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ആരാണ് അനുവാദം നൽകിയതെന്നും പ്രതിപക്ഷ പാർട്ടികളും ചോദിക്കുന്നു. ഇക്കാര്യത്തിൽ പാക് സർക്കാർ തിടുക്കം കാട്ടിയെന്ന് രാജ്യത്തെ മുൻ നയതന്ത്ര ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
മറ്റ് രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് പരിശോധിച്ച ശേഷം ഇത്തരം തീരുമാനത്തിൽ എത്തിയാൽ മതിയായിരുന്നുവെന്നാണ് ഇവരുടെ വാദം.
ഐക്യരാഷ്ട്ര സഭയ്ക്ക് ബദലാകുമെന്ന് നിരീക്ഷിക്കപ്പെടുന്ന സമാധാന ബോർഡില്‍ ചേരാൻ ഇന്ത്യയും റഷ്യയും അടക്കം 60 രാജ്യങ്ങൾക്കാണ് ട്രംപിന്റെ പ്രത്യേക ക്ഷണം എത്തിയത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.
എന്നാൽ ഇസ്രയേൽ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തന്നെ ബോർഡിൽ ചേരുമെന്ന് വ്യക്താക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

