പാണ്ടി (ദേലംപാടി) ∙ വന്യജീവി ആക്രമണങ്ങൾ വർധിക്കുമ്പോൾ ജില്ലയ്ക്ക് ആശ്വാസമായി ഫോറസ്റ്റ് സ്റ്റേഷൻ പ്രഖ്യാപനം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, ബന്തടുക്കയിൽ ജില്ലയിലെ ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ബന്തടുക്ക, പരപ്പ സെക്ഷനുകൾ ചേർന്നായിരിക്കും സ്റ്റേഷൻ സ്ഥാപിക്കുന്നത്.
നിലവിൽ ബന്തടുക്ക സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്ന പാണ്ടിയിൽ തന്നെയാകും സ്റ്റേഷന്റെയും ഓഫിസ്.ഒരു ഡപ്യൂട്ടി റേഞ്ച് ഓഫിസർ, 4 സെക്ഷൻ ഓഫിസർ, 10–15 വരെ ബീറ്റ് ഓഫിസർ, ഒരു ബീറ്റ് അസിസ്റ്റന്റ്, 2 ഡ്രൈവർ എന്നിങ്ങനെയാണു ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ എണ്ണം. സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ, വന്യജീവി ആക്രമണങ്ങൾ തടയാൻ ജീവനക്കാരില്ലാത്ത ദുരവസ്ഥയ്ക്കു പരിഹാരമാകുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം.
ജില്ലയിൽ ബോവിക്കാനം, ബന്തടുക്ക, പനത്തടി, ഭീമനടി എന്നിങ്ങനെ 4 സ്റ്റേഷനുകൾക്കാണു വനംവകുപ്പ് ശുപാർശ ചെയ്തിരുന്നത്.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗം സംസ്ഥാനത്താകെ 6 സ്റ്റേഷനുകൾക്ക് അനുമതി നൽകിയപ്പോൾ ജില്ലയിൽനിന്നു ബന്തടുക്ക മാത്രമാണ് ഉൾപ്പെട്ടത്.കർണാടകയിൽനിന്നു ജില്ലയിലേക്കു വന്യമൃഗങ്ങൾ ഏറ്റവുമധികം കടന്നുവരുന്ന മേഖല എന്ന നിലയിലാണു ബന്തടുക്കയ്ക്ക് ആദ്യ പരിഗണന നൽകിയത്. ഇതിനു കീഴിലുള്ള ദേലംപാടി, കുറ്റിക്കോൽ പഞ്ചായത്തുകൾ കർണാടകയുമായി അതിർത്തി പങ്കിടുന്നവയാണ്.
ഇതിലൂടെ എത്തുന്ന മൃഗങ്ങളാണു പിന്നീട് മുളിയാർ, ബേഡഡുക്ക, കാറഡുക്ക തുടങ്ങിയ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്നത്.
സ്റ്റേഷൻ വരുന്നത്, കാട്ടാനശല്യം തടയാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുൻകയ്യെടുത്തു നിർമിച്ച സോളർ തൂക്കുവേലിയുടെ പരിപാലനത്തിനും ഗുണം ചെയ്യും. നിലവിൽ താൽക്കാലിക ബീറ്റ് അസിസ്റ്റന്റുമാർ രാപകൽ പണിയെടുത്താണു വേലി നന്നാക്കുന്നത്. വേലി കൃത്യമായി പരിപാലിക്കുന്നതിനാൽ ആനകൾക്കു വേലി തകർക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ 2 മാസത്തിനിടെ പലതവണ ആനക്കൂട്ടം വേലിക്കരികിൽ എത്തിയെങ്കിലും ഷോക്കടിച്ചപ്പോൾ തിരിച്ചുപോയി. സാധാരണ വേനൽക്കാലങ്ങളിലാണ് ആനക്കൂട്ടം കൂടുതലായി നാട്ടിലിറങ്ങുന്നത്.
എന്നാൽ വേലി നിർമിച്ചതിനാൽ കഴിഞ്ഞ വർഷം വേനൽക്കാലത്തും ആനശല്യം ഉണ്ടായിരുന്നില്ല.
സ്റ്റേഷൻ വന്നുകഴിഞ്ഞാൽ ഇനി വന്യമൃഗ പ്രതിരോധം കൂടുതൽ എളുപ്പമാകും. 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ രാത്രിയിലും വനപാലകരുടെ സേവനം ലഭിക്കും.
പൊലീസ് സ്റ്റേഷൻ മാതൃകയിൽ വനംവകുപ്പുമായി ബന്ധപ്പെട്ട കേസുകൾ ഈ സ്റ്റേഷനിലാകും റജിസ്റ്റർ ചെയ്യുക.‘ഇനി സംസ്ഥാനത്ത് ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കുകയാണെങ്കിൽ അതു കാസർകോടായിരിക്കും’.
3 വർഷം മുൻപു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞ വാക്കുകളാണിത്.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗം സ്റ്റേഷന് അനുമതി നൽകിയപ്പോൾ മന്ത്രിയുടെ ഈ വാക്കുകളാണ് പാലിക്കപ്പെടുന്നത്. വനംവകുപ്പ് ഫോറസ്റ്റ് സ്റ്റേഷനു പലതവണ ശുപാർശ നൽകിയപ്പോഴും സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് അനുമതി നൽകിയിരുന്നില്ല.
ഇതു വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ കർഷകർക്കും വനാതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കും നിരാശയുണ്ടാക്കിയെങ്കിലും ഒടുവിൽ മന്ത്രി വാക്കു പാലിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.
ജീവനക്കാരുടെ എണ്ണവും മറ്റു സൗകര്യങ്ങളും വർധിക്കുന്നതോടെ വനസംരക്ഷണ പ്രവർത്തനങ്ങളും വന്യമൃഗശല്യ പ്രതിരോധവും കൂടുതൽ എളുപ്പമാകും. നിലവിൽ ബന്തടുക്ക സെക്ഷനിൽ 6 ജീവനക്കാരാണുള്ളത്.
സ്റ്റേഷൻ വരുന്നതോടെ ബീറ്റ് ഓഫിസർമാരുടെ എണ്ണം 15 ആയും സെക്ഷൻ ഓഫിസർമാരുടെ എണ്ണം മൂന്നായും വർധിക്കും.
ജോസ് മാത്യു ഡിഎഫ്ഒ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

