സീതത്തോട്∙പഞ്ചായത്തിന്റെ കുടിയേറ്റ ചരിത്രത്തിൽ നിർണായക ഘടകമായിരുന്ന ഉറുമ്പിനി പാലം പുനരുദ്ധരിക്കുന്നു.നൂറാം ദിവസം ഗതാഗതം പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പഴയപാലം പൊളിച്ചു മാറ്റുന്ന ജോലികൾ ദ്രുതഗതിയിൽ മുന്നേറുന്നു. വരുന്ന ആഴ്ചയോടെ നിർമാണം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേരള റോഡ് ഫണ്ട് ബോർഡും കരാറുകാരും.
ഏഴര ദശാബ്ദങ്ങൾക്കു മുൻപാണു പഞ്ചായത്തിൽ കുടിയേറ്റം ആരംഭിക്കുന്നത്.
ആ കാലഘട്ടത്തിൽ സീതത്തോട്ടിൽനിന്നും ആങ്ങമൂഴിയിലേക്കു പോകുന്ന ഏക പാതയിലെ പ്രധാന പാലമായിരുന്നു ഉറുമ്പിനി പാലം. സീതത്തോട് അഗ്നിരക്ഷാ സേനയുടെ ഓഫിസിനു സമീപമായി കൊച്ചുകോയിക്കൽ തോട്ടിൽ തടിയിലായിരുന്നു ഉറുമ്പിനി പാലം നിർമിച്ചിരുന്നത്.
വൻ തടികളിൽ തീർത്ത തടിപാലത്തിലൂടെയായിരുന്നു വലിയ വാഹനങ്ങൾ അടക്കം ആങ്ങമൂഴിയിലേക്കു പോയിരുന്നത്.
സീതത്തോട്–കൊച്ചുകോയിക്കൽ–ആങ്ങമൂഴി റോഡ് വന്നതോടെ ഉറുമ്പിനി വഴി ആങ്ങമൂഴിയിലേക്കു പോകുന്ന റോഡിന്റെ പ്രശസ്തിയും ആവശ്യവും കുറഞ്ഞു.പിന്നീട് സീതത്തോട്–കൊച്ചുകോയിക്കൽ–ആങ്ങമൂഴി വഴിയായി ആങ്ങമൂഴി,വാലുപാറ നിവാസികളുടെ വരവും പോക്കും. ഇതിനിടെ ഉറുമ്പിനി പാലത്തിലെ തടികൾ നീക്കം ചെയ്തു കോൺക്രീറ്റ് പാലം നിർമിച്ചെങ്കിലും ഒരേ സമയം രണ്ട് വാഹനങ്ങൾക്കു പോകാൻ ഏറെ പ്രയാസമായിരുന്നു.
അച്ചൻകോവിൽ–പ്ലാപ്പള്ളി റോഡ് കോടികൾ വിനിയോഗിച്ചു പുനരുദ്ധരിക്കുന്ന പദ്ധതിയിൽ ഉറുമ്പിനി–വാലുപാറ റോഡും ഉൾപ്പെടുത്തിയതോടെയാണ് ഉറുമ്പിനി പാലത്തിന്റെ തലവര മാറി മറയുന്നത്.
പദ്ധതിയുടെ ഭാഗമായി നീലിപിലാവ്–ചിറ്റാർ റോഡും, സീതത്തോട്, ഉറുമ്പിനി പാലങ്ങളും, ഉറുമ്പിനി–വാലുപാറ റോഡും കൂടി ചേർത്ത് കിഫ്ബി ഫണ്ടിൽ നിന്നും 34 കോടി രൂപയോളം വിനിയോഗിച്ചാണ് പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്.
ഇതിൽ സീതത്തോട് പാലത്തിന്റെ നിർമാണം പൂർത്തിയായി. റോഡുകളുടെ 70% ജോലികളും പൂർത്തിയായി.
പുതിയ പാലത്തിനു 19 മീറ്റർ നീളവും 10 മീറ്റർ വീതിയും ഉണ്ട്. മുൻപ് ഉണ്ടായിരുന്ന പാലത്തിനേക്കാളും 2.75 മീറ്റർ വീതി അധികമായി ഉണ്ടാവും.സീതത്തോട് പാലം പൂർത്തിയാക്കിയ അതേ വേഗത്തിലാവും ഈ പാലവും നിർമിക്കുകയെന്നാണ് അധികൃതർ പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ നിശ്ചിത സമയത്തു തന്നെ ലക്ഷ്യത്തിലെത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കും നാട്ടുകാർക്കും ഉള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

