തൃശൂർ ∙ വസ്തുനികുതി പരിഷ്കരണത്തിന്റെ പേരിൽ അധിക നികുതി പിരിച്ചെടുത്ത കോർപറേഷൻ മുൻ ഭരണസമിതിക്കെതിരെ ഹർജി നൽകിയ 198 കെട്ടിട ഉടമകളുടെ കാര്യത്തിൽ സുപ്രീംകോടതി വിധി പ്രകാരം നടപടി സ്വീകരിക്കാൻ യുഡിഎഫ് ഭരണസമിതിയുടെ പ്രഥമ കൗൺസിൽ യോഗത്തിൽ തീരുമാനം.
മറ്റു നികുതിദായകരുടെ കാര്യത്തിൽ നിയമോപദേശം അനുസരിച്ചു മുന്നോട്ടുപോകുമെന്ന് മേയർ നിജി ജസ്റ്റിൻ പറഞ്ഞു. വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയും അതുമൂലം കോർപറേഷനുണ്ടായ സാമ്പത്തിക ബാധ്യതയും സംബന്ധിച്ച് അടുത്ത കൗൺസിലിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് മേയർ നിർദേശം നൽകി.
യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതു പോലെ അധികമായി പിരിച്ചെടുത്ത തുക തിരിച്ചുനൽകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡപ്യൂട്ടി മേയർ എ.പ്രസാദ് പറഞ്ഞു.
ഉദ്യോഗസ്ഥ വീഴ്ചയ്ക്ക് സാധാരണക്കാരെ ബലിയാടാക്കില്ല. കോർപറേഷനു നഷ്ടമുണ്ടാക്കിയവരെ സംരക്ഷിക്കുകയുമില്ല.
സാമ്പത്തിക ബാധ്യതയുടെ പേരിൽ 56 കൗൺസിലർമാരെ കുഴപ്പത്തിലാക്കാനും ഭരണസമിതി ആഗ്രഹിക്കുന്നില്ല. നിയമോപദേശം അനുസരിച്ച് ചർച്ച ചെയ്തേ മുന്നോട്ടുപോകൂ.
വോട്ടിനിട്ട് തീരുമാനിക്കണമെങ്കിൽ അതിനും തയാറാണ്. വിഷയം സംബന്ധിച്ച അജൻഡയിലെ സെക്രട്ടറിയുടെ കുറിപ്പ് പൂർണമായും തള്ളിയതായും എ.പ്രസാദ് വ്യക്തമാക്കി.
56 കൗൺസിലർമാർക്കും ബാധ്യത വരാത്തവിധം തീരുമാനമെടുത്തേ മുന്നോട്ടുപോകാവൂ എന്ന് സിപിഎമ്മിലെ അനീസ് അഹമ്മദ് ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി മാനിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും നടപടികൾ നിയമാനുസൃതമാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ടി.ആർ.സന്തോഷ് പറഞ്ഞു. നിയമപരിഷ്കരണം അനധികൃതമായതു മൂലം 127 കോടി രൂപയുടെ വരുമാന നഷ്ടമാണ് കോർപറേഷന് ഉണ്ടായതെന്നും വിഷയം പഠിച്ച് പുതിയ നോട്ടിഫിക്കേഷൻ പ്രകാരം മാത്രമേ നികുതി ഈടാക്കാൻ പാടുള്ളൂവെന്നും ലാലി ജയിംസ് ആവശ്യപ്പെട്ടു.
ഹൈക്കോടതിയിൽ നിന്ന് വിധി നേടിയ 198 പേർക്കു പുറമേയുള്ളവരും വിധിയുടെ പരിധിയിൽ വരുമോ എന്ന കാര്യത്തിൽ നിയമോപദേശം തേടാനുള്ള കൗൺസിൽ തീരുമാനം സംശയാസ്പദമാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ രഘുനാഥ് സി.മേനോൻ ആരോപിച്ചു.
കോടതി വിധി നടപ്പാക്കണമെന്നും അപ്പീൽ നൽകരുതെന്നും ചർച്ചയിലുണ്ടായ പൊതുവികാരം ഭരണസമിതി മാനിക്കണമെന്നും മറിച്ചുള്ള ഏതു നടപടിയും ചെറുക്കുമെന്നും രഘുനാഥ് പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട് ചിലർ മേയറുടെ ഓഫിസിൽ നിന്നെന്ന വ്യാജേന വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പണപ്പിരിവിനു നീക്കം നടത്തിയെന്ന ആരോപണത്തിൽ നിജസ്ഥിതി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ടി.ആർ.ഹിരൺ ആവശ്യപ്പെട്ടു.
ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കണമെന്നു തന്നെയാണ് ഭരണസമിതി നിലപാടെന്ന് ഡപ്യൂട്ടി മേയർ വ്യക്തമാക്കി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ അനുമതിയില്ലാതെ പ്രവർത്തിച്ച പാർക്കിങ് കേന്ദ്രത്തിന് തീപിടിച്ച സംഭവത്തിൽ നോട്ടിസ് നൽകിയിട്ടും മറുപടി തന്നിട്ടില്ലെന്നും ഭൂമി തങ്ങളുടേതായതിനാൽ മറ്റ് അതോറിറ്റികളുടെ അനുമതി വേണ്ടെന്നുമാണ് റെയിൽവേയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൗൺസിലർമാരായ സുബി ബാബു, ബൈജു വർഗീസ്, ജോയ് ബാസ്റ്റ്യൻ, ഇടതുപക്ഷ കൗൺസിലർമാരായ എം.എൽ.റോസി, ലിംന മനോജ്, പി.സുകുമാരൻ, ബിജെപി കൗൺസിലർമാരായ പൂർണിമ സുരേഷ്, മുംതാസ് താഹ, പത്മിനി ഷാജി, രേഷ്മ മേനോൻ, സ്വതന്ത്ര കൗൺസിലർ ഷോമി ഫ്രാൻസിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

