ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്. അടുത്ത നാല് ദിവസങ്ങളിൽ രാജ്യത്തെ ബാങ്കുകൾ പ്രവർത്തിച്ചേക്കില്ല.
തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയും പിന്നാലെ ബാങ്ക് ജീവനക്കാരുടെ സമരവും ഒരുമിച്ച് എത്തുന്നത് കൊണ്ടാണിത്. ചെക്ക് ക്ലിയറിങ് പോലുള്ള അത്യാവശ്യ ഇടപാടുകളുണ്ടെങ്കിൽ ഇന്നോ നാളെയോ പൂർത്തിയാക്കുന്നതായിരിക്കും ഉചിതമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാൽ ജനുവരി 24ന് അവധിയാണ്.
25ന് ഞായറും. റിപബ്ലിക്ക് ദിനം പ്രമാണിച്ച് ജനുവരി 26നും അവധിയാണ്.
ഇതിന് പിന്നാലെയാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. ഫലത്തിൽ ജനുവരി 24,25,26,27 തീയതികളിൽ ബാങ്ക് പ്രവർത്തിക്കാത്ത സ്ഥിതിയിലെത്തും.
ഓൺലൈൻ, എടിഎം ഇടപാടുകൾ പതിവ് പോലെ നടക്കും.
പല ബാങ്കുകൾക്കും ഇപ്പോൾ എടിഎമ്മുകൾക്കൊപ്പം ക്യാഷ് ഡെപോസിറ്റ് മെഷീനും (സിഡിഎം) ഉള്ളതിനാൽ പണമിടപാടിൽ തടസം വരില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ചില സ്ഥലങ്ങളിലെങ്കിലും എടിഎമ്മിൽ പണം തീർന്ന് പോകുന്ന സ്ഥിതിയുണ്ടായേക്കാം.
ആഴ്ചയിൽ അഞ്ച് ദിവസം പ്രവൃത്തി ദിനമാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ജനുവരി 27ന് പണിമുടക്ക് നടത്തുന്നത്.
2023ൽ ഇക്കാര്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചതാണെന്നും നടപ്പിലാക്കാൻ കാലതാമസം വരുത്തുകയാണെന്നും സംഘടനകൾ ആരോപിക്കുന്നു. രാജ്യത്തെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക്, ഓഹരി വിപണി, ഇൻഷുറൻസ് മേഖല തുടങ്ങിയവ ആഴ്ചയിൽ അഞ്ച് ദിവസമാണ് പ്രവർത്തിക്കുന്നത്.
ഇതേ മാതൃക ബാങ്കുകൾക്കും നടപ്പിലാക്കണമെന്നും ഇവർ ആവശ്യപെടുന്നു. ശനിയാഴ്ച അവധിക്ക് പകരം മറ്റ് ദിവസങ്ങളിൽ 40 മിനിറ്റ് അധികം പ്രവർത്തിക്കാമെന്നും ബാങ്കിങ് സംഘടനകൾ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്ന് ബാങ്കിങ് സംഘടനകളുമായി സർക്കാർ തലത്തിൽ ചർച്ചയുണ്ട്.
ഇതിൽ പരിഹാരമായാൽ പണിമുടക്ക് മാറ്റിവക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ജനുവരി 27ന് സാധാരണപോലെ ബാങ്കുകൾ പ്രവർത്തിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

