ഇത്തവണത്തെ കേന്ദ്രബജറ്റിൽ കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് ‘ബിഹാർ മോഡൽ’ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. കേരളത്തിന് പുറമെ തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് .
കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടന്ന ബിഹാറിന് ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ഈ മാതൃക ഇക്കുറിയും പിന്തുടർന്നാല് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നേട്ടമാകും.
ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഇത്തരമൊരു സാധ്യത സാമ്പത്തിക വിദഗ്ധരും തള്ളിക്കളയുന്നില്ല.
തിരുവനന്തപുരം കോർപറേഷനിൽ നേടിയ വിജയത്തിന്റെ ആഘോഷപരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസം കേരളത്തിൽ എത്തുന്നുണ്ട്.
ഈ അവസരത്തിലും കേരളത്തിന് പ്രത്യേകമായി ചില പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന വിവരം.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ ബിഹാറിന് മാത്രം 58,900 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എൻഡിഎ ബിഹാറിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി.
കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്. ഇതേ മാതൃക ഇക്കുറിയും പിന്തുടർന്നാൽ അത്ഭുതപ്പെടാനില്ലെന്നും ഇവർ വിശദീകരിക്കുന്നു.
മമതാ ബാനർജിയുടെ തൃണമൂല്‍ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിൽ ഇക്കുറി ഭരണം പിടിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി.
ബംഗാളിന് വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങൾ. രാജ്യത്തെ ആദ്യത്തെ മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ ബംഗാളിലൂടെ സർവീസ് നടത്തുന്നത് ഇതിന്റെ സൂചനയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ ദിവസം ഈ ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്തത്. പല തിരഞ്ഞെടുപ്പുകളിലും വിജയിക്കാൻ സഹായിച്ച ‘ഡബിൾ എഞ്ചിൻ സർക്കാർ’ പ്രചാരണം ബംഗാളിലും പുറത്തെടുക്കുമെന്നാണ് രാഷ്ട്രീയ വിശകലനം.
തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളെപ്പോലെയല്ല ബിജെപിക്ക് അസം.
കൂട്ടത്തിൽ ബിജെപി ഭരണമുള്ള ഏക സംസ്ഥാനം. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് ഹാട്രിക് വിജയം നേടാനുള്ള ശ്രമത്തിലാണ് പാർട്ടി.
ഇതിനോടകം പല കേന്ദ്ര പദ്ധതികളിലായി കോടികളുടെ ഫണ്ട് അസമിലെത്തിയിട്ടുണ്ട്. ഇത്തവണ പ്രാദേശികമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പദ്ധതികളാകും ബജറ്റില്‍ പ്രഖ്യാപിക്കുകയെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ബജറ്റിലും വലിയ അവഗണന നേരിട്ടുവെന്ന് പരാതിപ്പെട്ട
സംസ്ഥാനമാണ് തമിഴ്നാട്. യുഎസ് തീരുവയുടെ പശ്ചാത്തലത്തിൽ കയറ്റുമതിയിൽ ഭീമമായ നഷ്ടം നേരിടുന്ന തമിഴ്നാട് ഇക്കാര്യം പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന് ലോട്ടറി അടിക്കുമോ
കഴിഞ്ഞ ബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും വിഴിഞ്ഞം തുറമുഖത്തിനായി 5,000 കോടി രൂപയും കേരളം ആവശ്യപ്പെട്ടിരുന്നു.
എന്നാലിത് അനുവദിച്ചില്ല. ഇക്കുറി 21,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് പുറമെ വെട്ടിക്കുറച്ച കടമെടുപ്പ് പരിധി പുനസ്ഥാപിക്കണമെന്നും എയിംസ്, ശബരി റെയിൽ തുടങ്ങിയ വമ്പൻ പദ്ധതികൾ അനുവദിക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനുള്ള സാധ്യത കുറവാണ്.
എന്നാൽ ചില സർപ്രൈസ് പ്രഖ്യാപനങ്ങൾ കേരളത്തിന് വേണ്ടി ഉണ്ടാകുമെന്നാണ് വിവരം.
തിരുവനന്തപുരം, തൃശൂർ കേന്ദ്രീകരിച്ച് വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാനാണ് സാധ്യത. തിരുവനന്തപുരം മെട്രോ, പ്രധാന ആരാധനാലയങ്ങളെ ബന്ധിപ്പിച്ച് തീർത്ഥാടക ടൂറിസ പദ്ധതി, ഭവന നിർമാണ പദ്ധതി, മാലിന്യ സംസ്കരണം, വിഴിഞ്ഞം തുറമുഖം, സ്റ്റാർട്ടപ്, കയറ്റുമതി എന്നീ മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, ബജറ്റിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഉപകരണമാക്കുന്ന രീതിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
ബജറ്റിലെ പ്രഖ്യാപനങ്ങൾ ചില സംസ്ഥാനങ്ങൾക്ക് മാത്രമായി കേന്ദ്രീകരിച്ചാൽ ഓഹരി വിപണിയെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയും ചില സാമ്പത്തിക സ്ഥാപനങ്ങൾ ഉയർത്തിയിട്ടുണ്ട്. വിപണികളിൽ നിന്ന് വിദേശനിക്ഷേപകരുടെ പിന്മാറ്റം കൂടുതൽ ശക്തമായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

