പുൽപള്ളി ∙ കാലാകാലങ്ങളായി വനത്തിൽ പോയി വിറകു ശേഖരിച്ചും കന്നാരംപുഴയിൽ അലക്കിക്കുളിക്കുകയും ചെയ്തിരുന്നവർ ഒരുമാസമായി ആ ഭാഗത്തേക്കു പോകാറില്ലെന്ന് മാടപ്പള്ളിക്കുന്ന് ഊരുനിവാസികൾ. തങ്ങളോടൊപ്പം ഉണ്ടുറങ്ങി നടന്ന കൂമനെ കടുവ കൊന്നതിനുശേഷം വനത്തിലേക്കുള്ള യാത്ര പലരും അവസാനിപ്പിച്ചു. വീട്ടാവശ്യത്തിനു വിറകെടുക്കാനും വനവിഭവങ്ങൾ ശേഖരിക്കാനുമാണ് ഗോത്രസമൂഹം വനത്തിൽ പോകുന്നത്.ഇപ്പോൾ സ്വകാര്യ സ്ഥലങ്ങളിൽനിന്നു ചുള്ളിവിറകു പെറുക്കിയും കരിയില കത്തിച്ചുമാണ് ഭക്ഷണമുണ്ടാക്കുന്നത്.
അലക്കും കുളിയുമെല്ലാം ഊരിലെ കുഴൽകിണറിലെ വെള്ളമെടുത്തും. സ്വന്തമായി സ്ഥലമില്ലാത്ത ഇവർക്ക് കത്തിക്കാനുള്ള വിറകാണ് മുഖ്യഅവശ്യവസ്തു. വെള്ളം ചൂടാക്കാനും തീ കായാനുമെല്ലാം വിറക് വേണം.
കൂലിപ്പണിയൊഴിവാക്കിയാണ് പലരും വിറകിനു പോകുന്നത്.
അതിനായുള്ള കഷ്ടപ്പാടും ഭീതിയുമൊഴിവാക്കാനാണ് പാചകവാതകമെങ്കിലും തരണമെന്ന ആവശ്യമുയർന്നത്. മന്ത്രി ഉറപ്പു നൽകിയിട്ടും കൂമന്റെ കുടുംബത്തിന് കണക്ഷൻ ലഭിച്ചിട്ടില്ല.
വന്യമൃഗശല്യമുള്ള ഊരിലെ തുറസായ സ്ഥലത്താണ് പലരും പശുക്കളെ വളർത്തുന്നത്. അടച്ചുറപ്പുള്ള തൊഴുത്ത് വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
ഒരു സന്നദ്ധ സംഘടന വർഷങ്ങൾക്കുമുൻപ് നിർമിച്ച 2 കുഴൽക്കിണറിൽ നിന്നാണ് 35 ലധികം കുടുംബങ്ങൾ കുടിവെള്ളമെടുക്കുന്നത്. മോട്ടറും ടാങ്കുമില്ലാത്തതിനാൽ ആവശ്യക്കാർ ആഴങ്ങളിൽ നിന്നു വെള്ളം വലിച്ചുകയറ്റണം.
ജലനിധി പദ്ധതിയിൽ എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്. ബില്ല് അടയ്ക്കാത്തതിനാൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം കട്ടായി.
രാജീവ് കുടിവെള്ള പദ്ധതിയിൽ നിർമിച്ച പദ്ധതിയുടെ സംഭരണിയുണ്ടെങ്കിലും വെള്ളം ലഭിച്ചിട്ടു വർഷങ്ങളായി. ഇതിലേക്കു വെള്ളമെടുക്കുന്ന കുളം ഒന്നര കിലോമീറ്ററകലെ ആച്ചനള്ളി ഉന്നതിയിലാണ്.
ബില്ല് അടയ്ക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ട് വർഷങ്ങളായി. മോട്ടറും പമ്പും തുരുമ്പെടുത്തു നശിക്കുന്നു.
ഇവിടുത്തെ കുഴൽക്കിണറുകളിൽ മോട്ടറുകൾ സ്ഥാപിക്കാമെന്നും ചെറുടാങ്കുകൾ സ്ഥാപിച്ച് വീടുകളിൽ വെള്ളമെത്തിക്കാനുള്ള വഴിയൊരുക്കുമെന്നുമുള്ള ഉറപ്പും പാഴായി. വേനൽ ശക്തമാകുമ്പോൾ കുഴൽക്കിണറിലെവെള്ളം വറ്റുമെന്ന ആശങ്കയും ഇവരെ വലയ്ക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

