ചാരുംമൂട്∙ കനാൽ വെള്ളം ഉറവയായെത്തുന്ന കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസം. കനാലിൽ വെള്ളം എത്തിയപ്പോൾ തന്നെ മെയിൻ കനാലുകളുടെയും സബ് കനാലുകളുടെയും വശങ്ങളിലുള്ള വീടുകളുടെ കിണറുകളിൽ ആവശ്യാനുസരണം ഉറവകൾ എത്താൻ തുടങ്ങിയതോടെ കിണറുകളിലും വെള്ളം ആവശ്യത്തിനായി.
എന്നാൽ ഉറവകളെത്തിയ കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസവും നേരിയ ദുർഗന്ധവും ഉള്ളതായി പല വീട്ടുകാരും പറയുന്നു. എല്ലാ കിണറുകളിലും ഇത് ഉണ്ടാവുന്നില്ല.
മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടി കിടന്ന കനാലുകളിലാണ് വെള്ളം തുറന്നുവിട്ടത്.
ഇത് കാരണം കനാൽ വെള്ളത്തിനും നിറവ്യത്യാസമുണ്ട്. പല കനാലുകളിലും വെള്ളം തുറന്നുവിടാനാവാത്ത അവസ്ഥയാണ്.
കാടുപിടിച്ചിടത്ത് മാലിന്യം നിറച്ച ചാക്കുകൾ കെട്ടിക്കിടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഇല്ല. ഇതു കാരണമാണ് ഈ കനാലുകളുടെ പകുതി സ്ഥലങ്ങളിൽ വെച്ച് കനാൽ വെള്ളം ബ്ലോക്ക് ചെയ്തിരിക്കുന്നത്. ചാരുംമൂട്ടിലെ മെയിന് കനാലിലും പകുതി വരെയേ വെള്ളം എത്തുന്നുള്ളൂ. കനാൽ വെള്ളത്തിനും അമിതമായ ദുർഗന്ധം ഉള്ളതായി നാട്ടുകാർ പറയുന്നു.
ഇറച്ചിക്കടകളിൽ നിന്നുള്ള മാംസാവശിഷ്ടങ്ങൾക്ക് പുറമെ ഹോട്ടൽ അവശിഷ്ടങ്ങളും രാത്രി കനാലുകളിലാണ് തള്ളാറുള്ളത്.
സമീപ പ്രദേശങ്ങളായ കായംകുളം, അടൂർ, ഭരണിക്കാവ് എന്നിവിടങ്ങളിൽ നിന്നും വാഹനങ്ങളിൽ കൊണ്ടുവന്നാണ് കനാലുകളിൽ മാലിന്യങ്ങൾ തള്ളാറുള്ളത്. ഇതോടൊപ്പം തന്നെ കനാലുകളിൽ വെള്ളം എത്തുന്നതിന് മുൻപ് പല കനാലുകളിലും തെരുവുനായകൾ ചത്തുകിടന്നിരുന്നു.
ഇത് നീക്കം ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ശുചീകരണം ഇല്ലാത്തത് കാരണം ഈ കനാലുകളിലൂടെയും വെള്ളം ഒഴുകിയെത്തി.
കനാൽ വെള്ളത്തിന് ദുർഗന്ധം കൂടിയതോടെ ആടുമാടുകളെ കുളിപ്പിക്കാൻ പോലും ഈ വെള്ളം ആൾക്കാർ എടുക്കാത്ത അവസ്ഥയിലാണ്.
മെയിൻ കനാലുകൾക്ക് സമീപമുള്ള വലിയ കാടുകളിലും മാലിന്യക്കൂമ്പാരമാണ്. ഈ കാടുകൾ വെട്ടി വൃത്തിയാക്കാനും തയാറായിട്ടില്ലായിരുന്നു. മേഖലയിലെ ചുനക്കര, നൂറനാട്, താമരക്കുളം, പാലമേൽ, വള്ളികുന്നം പ്രദേശങ്ങളിലെല്ലാം തന്നെയുള്ള കനാലുകളിൽ ഭൂരിപക്ഷവും ശുചീകരണം നടത്താത്തവയായിരുന്നു.
രണ്ടുവർഷം മുൻപ് ശുചിമുറി മാലിന്യം കനാലുകളിൽ തള്ളാനെത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തിരുന്നു. കനാലുകളിൽ വെള്ളം എത്തിയ അവസരത്തിലെങ്കിലും രാത്രി പട്രോളിങ് കർശനമാക്കിയാൽ ഒരു പരിധിവരെ മാലിന്യം തള്ളൽ തടയാൻ കഴിയും.
എല്ലാ കനാലുകളുടെയും വശങ്ങളിൽ റോഡുകളുണ്ട്. കനാൽ വെള്ളം പരിശോധിക്കാനുള്ള സംവിധാനം അടിയന്തിരമായി ഏർപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇതോടൊപ്പം തന്നെ കനാൽ വശങ്ങളിലുള്ള കിണറുകളിലെ വെള്ളം പരിശോധിക്കാൻ നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്നും നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

