കോഴിക്കോട്∙ ‘ഉപദ്രവിച്ചെന്ന് ആരും പരാതിയൊന്നും പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ പൊലീസിലേൽപിച്ചേനെ.
ബസ് നിർത്തുന്നത് പൊലീസ് എയ്ഡ് പോസ്റ്റിനു തൊട്ടടുത്തല്ലേ..’ പയ്യന്നൂരിൽ വിവാദവിഡിയോ ചിത്രീകരിച്ച സ്വകാര്യബസിലെ കണ്ടക്ടർ രാമകൃഷ്ണൻ പറയുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ– പഴയസ്റ്റാൻഡ് റൂട്ടിലോടുന്ന അൽഅമീൻ ബസിലെ കണ്ടക്ടറാണ് രാമകൃഷ്ണൻ.
‘വിഡിയോ പ്രചരിച്ചപ്പോൾ നമ്മൾ ആദ്യം ശ്രദ്ധിച്ചില്ല.
അന്നു ബസിൽ ആരും പരാതിയൊന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് നമ്മുടെ ബസിലാണ് സംഭവമെന്ന് അറിഞ്ഞില്ല.
ബസുടമയ്ക്ക് ഗൾഫിലെ ആരോ അയച്ചുകൊടുത്തതാണ് ഈ വിഡിയോ. മുതലാളിയാണ് ഞങ്ങൾക്ക് അയച്ചത്’ രാമകൃഷ്ണൻ പറഞ്ഞു.
‘ബസിൽ തിരക്കായിരുന്നു. മുന്നിലും പിന്നിലും ആളുണ്ടായിരുന്നു.
ഉള്ളിലെ സംഭവങ്ങൾ കിട്ടില്ല. വ്യക്തമായി ഒന്നും കാണുന്നില്ല.
സിസിടിവി ഹാർഡ് ഡിസ്ക് ബസുടമ പൊലീസിനു കൈമാറിയിട്ടുണ്ട്.’സാധാരണയായി ബസിൽ ഇത്തരം പരാതി വന്നാൽ പൊലീസിന്റെ അറിയിക്കുകയാണ് പതിവെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പറഞ്ഞു.
‘‘ ദീപക് നിന്നത് രണ്ടാമത്തെയോ മൂന്നാമത്തെയോ സീറ്റിനടുത്താണെന്നാണ് തോന്നുന്നത്. കയറിയത് റെയിൽവേ സ്റ്റേഷനടുത്താണെന്നാണ് തോന്നുന്നത്.
കൃത്യമായി അറിയില്ല.’’ കണ്ടക്ടർ രാമകൃഷ്ണൻ പറഞ്ഞു. പത്തു രൂപ ടിക്കറ്റിന്റെ ദൂരം മാത്രമാണുള്ളത്.
പരമാവധി എട്ടോ പത്തോ മിനിറ്റുകൊണ്ട് ബസ് സ്റ്റാൻഡിലെത്തും. ഇതിനിടെ തിരക്കുള്ള സമയത്ത് ഇത്രയും ആളുകൾക്ക് ടിക്കറ്റ് കൊടുക്കേണ്ടതിനാൽ മുഖം ഓർമയിൽ നിൽക്കില്ലെന്നും കണ്ടക്ടർ പറഞ്ഞു.
ദീപക്കിന്റെ മരണം: ഷിംജിത ഒളിവിലെന്നു സൂചന
കോഴിക്കോട് / കണ്ണൂർ ∙ സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
എന്നാൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്ന് ഷിംജിത മുസ്തഫ ഒളിവിൽ പോയതായാണു സൂചന.
യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും.
ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം.
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. കേസ് റജിസ്റ്റർ ചെയ്തയുടൻ പൊലീസ് ബസ് ഉടമയെ ബന്ധപ്പെടുകയും ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്.
ഇത്തരമൊരു സംഭവം ബസിൽ നടന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പൊലീസിനു മൊഴി നൽകി.
ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല. റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ നിന്നു ദീപക് മുൻവശത്തെ വാതിലിലൂടെയും ഷിംജിത പിൻവശത്തെ വാതിലിലൂടെയും കയറുന്ന ദൃശ്യങ്ങളാണു ലഭിച്ചത്.
അതേസമയം, വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

