പിറവം∙ മേഖലയിൽ പെരുന്നാൾ– ഉത്സവ ചടങ്ങുകൾക്കിടെ രാത്രി വീടു കുത്തിത്തുറന്നു കവർച്ച നടക്കുന്ന രീതിക്ക് ഇൗ വർഷവും മാറ്റമില്ല. മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ പെരുന്നാളിനിടെ തിങ്കൾ രാത്രി മുളക്കുളത്തു 2 വീടുകൾ കുത്തിത്തുറന്നാണ് മോഷണം നടന്നത്.
മമ്പുറത്ത് പ്രഭാകരൻ, മമ്പുറത്ത് കരുണാകരൻ എന്നിവരുടെ വീടുകളിലാണു മോഷണം നടന്നത്. സമീപത്തുള്ള മറ്റൊരു വീടിന്റെ വാതിൽ തകർത്തെങ്കിലും ഇവിടെ നിന്നൊന്നും നഷ്ടപ്പെട്ടില്ല.
വാതിലും ജനലിന്റെ അഴിയും അറുത്തു മാറ്റിയാണു മോഷണസംഘം ഉള്ളിലെത്തിയത്.
മേശയും അലമാരയും കുത്തിത്തുറന്ന നിലയിലാണ്. മറ്റു വസ്തുക്കളും അലങ്കോലമാക്കി.
കരുണാകരന്റെ വീട്ടിൽ നിന്നു വിദേശ കറൻസി ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസ് പരിശോധന നടത്തി.
കഴിഞ്ഞ വർഷം മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ രാത്രി പെരുന്നാളിനിടെ വീടു കുത്തിത്തുറന്നു മോഷണം നടന്നു.
പിന്നീടു നെച്ചൂർ പള്ളിയിലെ പെരുന്നാളിനും കളമ്പൂക്കാവിലെ ഉത്സവത്തിനും ഇടയ്ക്കുള്ള ദിവസം വീടു കുത്തിത്തുറന്നു നടന്ന കവർച്ചയിൽ 45 പവനോളം സ്വർണവും രൂപയും നഷ്ടപ്പെട്ടു. ഇതുൾപ്പെടെ നടന്ന മോഷണങ്ങളിലൊന്നും ആരെയും പിടികൂടാനായിട്ടില്ല.
നേരത്തെ ഓണക്കൂർ ദേവീ ക്ഷേത്രത്തിലും പിറവം പിഷാരുകോവിൽ ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു. ഓണക്കൂറിൽ നിന്നു നീരീക്ഷണ ക്യാമറയും മോഷണ സംഘം കടത്തി.
രാത്രികാല പൊലീസ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

