അത്തോളി∙ പഞ്ചായത്തിലെ ചത്താനാടത്ത് കടവ്, നമ്പ്യാട്ടം പുറം, ആനപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കടുത്ത മത്സ്യ കർഷകർ ദുരിതത്തിൽ. നീർന്നായ ആണ് മത്സ്യകൃഷിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്.
പ്രധാനമായും രാത്രിയാണ് നീർന്നായ എത്തുന്നത്. ഇരുമ്പ് നെറ്റ് കുഴിച്ചിട്ട് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും നീർനായ മണ്ണ് മാന്തി ഇതിന്റെ അടിയിലൂടെ ഫാമിൽ പ്രവേശിച്ച് മത്സ്യങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ്.
ലൈറ്റ് ഉണ്ടെങ്കിൽ നീർന്നായ വരില്ലെങ്കിലും ഉയർന്ന വൈദ്യുതി നിരക്കു കാരണം അത് സ്ഥിരമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.
വന്യജീവി സംരക്ഷണ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ നീർനായയെ കൊല്ലാനും സാധിക്കില്ല. അതിനാൽ ഫാമുകൾ സംരക്ഷിക്കാൻ സോളർ ഫെൻസിങ് സബ്സിഡി നിരക്കിൽ സർക്കാർ അനുവദിക്കണം എന്നതാണ് മത്സ്യ കർഷകരുടെ പ്രധാന ആവശ്യം.
മുൻപ് ഈ പ്രദേശങ്ങളിൽ ഇല്ലാതിരുന്ന നീർക്കാക്കകൾ ഇപ്പോൾ കൂട്ടംകൂടി എത്തി മത്സ്യങ്ങളെ നശിപ്പിക്കുന്നതും കർഷകർക്ക് വെല്ലുവിളിയാണ്. പക്ഷികളെ തടയാൻ നെറ്റ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സർക്കാരിൽ നിന്നും അനുവദിച്ച സബ്സിഡി 2 വർഷത്തോളമായി ലഭിക്കാത്തതും മത്സ്യ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.
ജില്ലാ പഞ്ചായത്ത്–ഗ്രാമ പഞ്ചായത്ത് സംയുക്തപദ്ധതിയായ മത്സ്യ സഞ്ചാരിയിലാണ് ഇവിടെ പലരും കൃഷി ചെയ്യുന്നത്. ഗുണനിലവാരമുള്ള വിത്ത് ലഭിക്കാത്തതും മറ്റൊരു പ്രതിസന്ധിയാണ്.
ഫിഷറീസ് വകുപ്പിൽ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ നൽകുന്നുണ്ടെങ്കിലും അവ ചത്തുപോകുന്ന അവസ്ഥയാണ്. കൂടാതെ ഫിഷറീസിൽ നിന്നും ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്.
കരിമീൻ, കാളാഞ്ചി, തിലാപ്പിയ, ചെമ്മീൻ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
മത്സ്യങ്ങളുടെ വില കുത്തനെ ഇടിഞ്ഞതും മത്സ്യ കർഷകരെ പ്രതിസന്ധിയിലാക്കി. മുൻപ് ചെമ്മീൻ കിലോഗ്രാമിന് 1200 രൂപയ്ക്ക് മുകളിൽ വരെ ലഭിച്ചിരുന്നത് ഇപ്പോൾ 600 രൂപയായി കുറഞ്ഞു.
അതേസമയം തീറ്റയുടെ വില കുത്തനെ ഉയരുകയും ചെയ്തു. മത്സ്യ കൃഷിയിൽ ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ പല കർഷകരും കൃഷി അവസാനിപ്പിച്ച് മറ്റു തൊഴിലിടങ്ങൾ തേടി പോകുന്ന അവസ്ഥയാണ്.
പുതിയ ആളുകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നുമില്ല. ഫാമുകൾ ആരംഭിക്കുമ്പോൾ എല്ലാ സംവിധാനങ്ങളും മുൻകൂട്ടി ക്രമീകരിച്ചിരുന്നെങ്കിലും നിലവിൽ മത്സ്യകൃഷി തന്നെ നിലച്ചു പോകുന്ന അവസ്ഥയിലാണെന്ന് മത്സ്യ കർഷകനായ പ്രവീൺ രാജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

