കൊച്ചി ∙ 50,000 കോടി രൂപ; അസമിലെ കാസിരംഗയിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന ഇൻലാൻഡ് വാട്ടർവേയ്സ് ഡവലപ്മെന്റ് കൗൺസിൽ (ഐഡബ്ല്യുഡിസി) ദേശീയ ജലപാതകളുടെ വികസനത്തിനായി പ്രഖ്യാപിച്ച തുക!
യാത്രയ്ക്കും ചരക്കു നീക്കത്തിനും ഏറ്റവും ചെലവു കുറഞ്ഞ ഉൾനാടൻ ജലഗതാഗത മാർഗങ്ങൾ വികസിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ജലപാതകളുടെ വികസനം ലക്ഷ്യമിട്ടു ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റി (ഐഡബ്ല്യുഎഐ) മൂന്നാമത്തെ കൗൺസിൽ യോഗം 23 നു കൊച്ചിയിൽ ചേരാനൊരുങ്ങുമ്പോൾ കേരളത്തിനു മുന്നിൽ തുറക്കുന്നതു വലിയ സാധ്യതകൾ.
∙ പദ്ധതികൾ പ്രഖ്യാപിക്കാൻ കേന്ദ്രമന്ത്രി സോനോവാൾ
23 നു ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണു കൗൺസിൽ യോഗം. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അധ്യക്ഷത വഹിക്കും.
കേന്ദ്ര സഹമന്ത്രി ശാന്തനു താക്കൂർ, വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള മന്ത്രിമാർ, എംപിമാർ തുടങ്ങിയവർ പങ്കെടുക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉൾനാടൻ ജലഗതാഗതം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങൾക്കു കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ തുടക്കം കുറിക്കും.
ഉൾനാടൻ ജല ഗതാഗത പദ്ധതികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളിലും ഒപ്പുവയ്ക്കുമെന്നാണു പ്രതീക്ഷ.
സുസ്ഥിര നഗര ജലഗതാഗത സംവിധാനം കെട്ടിപ്പടുക്കുക, ചരക്കു ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, യാത്രാ ഗതാഗതത്തിനായി ഹരിത യാനങ്ങൾ പ്രോത്സാഹിപ്പിക്കുക, നദീതല ക്രൂസ് ടൂറിസം പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽ, സുസ്ഥിര രീതികൾ നടപ്പിലാക്കുക എന്നിവയെക്കുറിച്ചുള്ള സെഷനുകൾ ഉൾപ്പെടുന്നതാണ് ഐഡബ്ല്യുഡിസി 3.0 യുടെ അജണ്ട.
∙ ‘സംസ്ഥാന സർക്കാർ ഇടപെടൽ കാര്യക്ഷമമാകണം’
കൊച്ചിയിൽ പ്രധാനമായും ദേശീയ ജലപാത – 3 ന്റെ വികസനമാണു ചർച്ച ചെയ്യുകയെന്നു തുറമുഖ, ഷിപ്പിങ്, ജലപാതാകാര്യ പാർലമെന്ററി കമ്മിറ്റി അംഗമായ ഹൈബി ഈഡൻ എംപി പറഞ്ഞു. ‘‘ സ്വാഭാവികമായും കേരളത്തിന്റെ ഏറ്റവും പ്രധാന ജലപാതയുടെ വികസനത്തിനു പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.
അതിനായി സംസ്ഥാന സർക്കാർ കൃത്യമായ പദ്ധതി യോഗത്തിൽ അവതരിപ്പിക്കണം.
വടക്കൻ സംസ്ഥാനങ്ങളിലെ ജലപാതകൾക്കായി വലിയ തുകയാണു ലഭിക്കുന്നത്. കേരളത്തിന് അർഹതമായതു വാങ്ങിയെടുക്കാൻ സർക്കാർ നടപടിയെടുക്കണം.
കൊല്ലം – കോട്ടപ്പുറം പാതയുമായി ബന്ധപ്പെട്ട വികസനത്തിനു പണം നേടിയെടുക്കാൻ കഴിയണം.
ഡ്രജിങ് ജലപാതകളുടെ വികസനത്തിനു മാത്രമല്ല സഹായിക്കുക.
കുമ്പളങ്ങി മുതൽ പുത്തൻവേലിക്കര വരെയുള്ള മേഖലകളിൽ ഓരുവെള്ളം കയറുന്നതു തടയാനും ഉപകരിക്കും. ടൂറിസം വികസനമാണു മറ്റൊരു വലിയ സാധ്യത.
കടമക്കുടി പോലുള്ള ദ്വീപുകൾ ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. നമ്മുടെ കായൽ ഭംഗിയെ ദ്വീപുകളുമായി ബന്ധിപ്പിക്കുന്നതിനു ജലപാതകളുടെ വികസനം അത്യാവശ്യമാണ്.
വാട്ടർ മെട്രോയെ മികച്ച രീതിയിൽ ഉപയോഗിക്കാം.
അതിനെല്ലാം ജലപാതകളുടെ ഡ്രജിങ്ങും വികസനവും ആവശ്യമാണ്. കൊച്ചി തുറമുഖത്തെ ക്രൂസ് െടർമിനൽ വികസനത്തിനായി 120 കോടി രൂപയുടെ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.
യോഗത്തിൽ നമ്മുടെ ആവശ്യങ്ങളെല്ലാം ഫലപ്രദമായി അവതരിപ്പിക്കാൻ സർക്കാരും ശ്രദ്ധിക്കണം’’ – ഹൈബി പറഞ്ഞു.
∙ മൂന്നാം കൗൺസിൽ; ഫോക്കസ് കേരള
ജലപാതകൾ വഴിയുള്ള സഞ്ചാരം വർധിപ്പിക്കുകയും സുസ്ഥിര വളർച്ചയുടെ പാതകളാക്കി അവയെ മാറ്റാനും ലക്ഷ്യമിട്ടാണു കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത വകുപ്പിന്റെ കാർമികത്വത്തിൽ ഐഡബ്ല്യുഡിസി യോഗം ചേരുന്നത്. ദേശീയ ജലപാത – ഒന്നിന്റെ വികസനം ലക്ഷ്യമിട്ട് ആദ്യ കൗൺസിൽ ചേർന്നതു കൊൽക്കത്തയിലാണ്; 2024 ൽ.
കാസിരംഗയിൽ ചേർന്നതു ദേശീയ ജലപാത – രണ്ടിന്റെ വികസനം ചർച്ച ചെയ്യാനായിരുന്നു.
ഇക്കുറി ഫോക്കസ് കേരളത്തിലെ പാതകളാകാൻ സാധ്യതയേറെ. കേരളത്തിൽ ദേശീയ ജലപാത-3, ദേശീയ ജലപാത-8, ദേശീയ ജലപാത-9, ദേശീയ ജലപാത-13, ദേശീയ ജലപാത-59 എന്നിങ്ങനെ 5 ദേശീയ ജലപാതകളാണുള്ളത്.
ആകെ 465.89 കിലോമീറ്റർ നീളം.
ഇവയിൽ ദേശീയ ജലപാത- 3, ദേശീയ ജലപാത- 8, ദേശീയ ജലപാത- 9 എന്നിവ നിലവിൽ പ്രവർത്തനക്ഷമമാണ്. 5 വർഷത്തിനുള്ളിൽ 3.559 ദശലക്ഷം ടൺ ചരക്കു ഗതാഗതം ഇവയിലൂടെ സാധ്യമായി.
തൃക്കുന്നപ്പുഴ ലോക്ക് ഗേറ്റിന്റെ നവീകരണം, ദേശീയ ജലപാത-3 ലെ കോവിൽത്തോട്ടം മേൽപാലത്തിന്റെ പുനർനിർമ്മാണം എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഉൾനാടൻ ജലഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലാണ് ഐഡബ്ല്യുഡിസി 3.0 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഫെയർവേ വികസനം, ടെർമിനൽ പ്രവർത്തനങ്ങൾ, സംസ്ഥാന സർക്കാരുമായി ഏകോപിപ്പിച്ചു ഡ്രജ് ചെയ്ത വസ്തുക്കൾ നീക്കം ചെയ്യൽ തുടങ്ങിയയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങളും കൗൺസിലിൽ ചർച്ചയായേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

