പുൽപള്ളി ∙ കുറുവദ്വീപും ചേകാടി വനഗ്രാമവും ഉൾപ്പെടുന്ന ചെതലയം വനമേഖലയിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതും ജനങ്ങൾ വനത്തിൽ പ്രവേശിക്കുന്നതും തടയുന്നതിന് വനംവകുപ്പ് വനത്തിലാകമാനം മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു. ബാവലിയിൽനിന്നു കബനികടന്ന് ചേകാടി വനഗ്രാമത്തിലേക്കും അവിടെനിന്നു കുറുവദ്വീപ് വഴി പാക്കത്തേക്കും. ചേകാടി–വിലങ്ങാടി, ഉദയക്കരവഴി പുൽപള്ളിയിലേക്കും ദിവസവും ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നുണ്ട്.
വെട്ടത്തൂർ, പാക്കം കോട്ട, ചെറിയമല, വെളുകൊല്ലി എന്നിവിടങ്ങളിലേക്കും ആളുകളെത്താറുണ്ട്. സഞ്ചാരികൾ പലപ്പോഴും വനത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് വന്യമൃഗങ്ങളുടെ ഫോട്ടോയെടുക്കുന്നതും വനത്തിലിരുന്ന് ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങൾ അവിടെതന്നെ ഉപേക്ഷിക്കുന്ന പ്രവണതയും വർധിച്ചുവരുന്നു.
കാട്ടാനയും കടുവയുമുള്ള വനപ്രദേശത്ത് സഞ്ചാരികൾ അവയെ പ്രകോപ്പിക്കുന്നതും പതിവാണ്.
ഇവിടെ ഒട്ടേറെ അപകടങ്ങളുമുണ്ടായിട്ടുണ്ട്. അവധിദിനങ്ങളിൽ കോളജ് വിദ്യാർഥികളും സമയം ചെലവഴിക്കാൻ വനത്തിലൂടെ കറങ്ങുന്ന പതിവുണ്ട്.
വനത്തിൽകയറി വിഡിയോ ചിത്രീകരിക്കുന്നവരുമുണ്ട്. സന്ധ്യയ്ക്കു ശേഷം വനപാതകളിൽ കാട്ടാനയുടെ സാന്നിധ്യം പതിവാണ്.
എന്നാൽ അതൊന്നും കണക്കിലെടുക്കാതെയാണ് ഇരുചക്രവാഹനങ്ങളിലെ യാത്ര. ചെതലയം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ 50 ബോർഡുകൾ സ്ഥാപിച്ചെന്ന് റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ പറഞ്ഞു.
ബോധവൽക്കരണത്തിനുശേഷം ഇത്തരം അനധികൃത പ്രവേശനങ്ങളെ ശക്തമായി നേരിടുമെന്നും കേസെടുക്കുമെന്നും റേഞ്ച്ഓഫിസർ വ്യക്തമാക്കി.
വേനൽ ആരംഭിച്ചതിനാൽ വനത്തിൽ തീറ്റയും വെള്ളവുമുള്ള സ്ഥലങ്ങളിലേക്ക് വന്യമൃഗങ്ങൾ കൂട്ടമായി എത്തും. കബനി കടന്ന് പാതിരി വനപ്രദേശത്തേക്ക് പുതിയ ആനസംഘങ്ങളെത്തുന്നുണ്ട്.
ഇതിൽ കുഴപ്പക്കാരായ ആനകളുമുണ്ട്. വനത്തിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും വനത്തിൽ ഇറങ്ങിനിൽക്കുന്നത് സുരക്ഷിതമല്ലെന്നും അധികൃതർ വ്യക്തമാക്കി.
കാട്ടുതീയുണ്ടാവുന്ന സമയമായതിനാൽ ബോധവൽക്കരണവും ജാഗ്രതയും ആരംഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

