കൊച്ചി ∙ ബ്രഹ്മപുരത്തു 500 ടൺ ശേഷിയുള്ള ‘മാലിന്യത്തിൽ നിന്നു വൈദ്യുതി’ പ്ലാന്റിന്റെ നിർമാണം മേയിൽ ആരംഭിക്കുമെന്നു സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം. പദ്ധതിയുടെ നടത്തിപ്പിനു സഹായിക്കാനുള്ള ‘ട്രാൻസാക്ഷൻ അഡ്വൈസേഴ്സിനെ’ നിയോഗിക്കാനായി ശുചിത്വ മിഷൻ സെപ്റ്റംബറിൽ താൽപര്യപത്രം ക്ഷണിച്ചിരുന്നു.
ജൈവ മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കാനായി ബിപിസിഎൽ നടപ്പാക്കുന്ന പ്ലാന്റിന്റെ നിർമാണം ബ്രഹ്മപുരത്തു പൂർത്തിയായിട്ടുണ്ട്. എന്നാൽ പുനരുപയോഗിക്കാനാകാത്ത, കത്തിച്ച് ഇന്ധനമായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം സംസ്കരിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല.
നിലവിൽ ഇതു സംസ്കരിക്കാൻ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടു പോകുകയാണ്.
സംസ്ഥാനത്തുണ്ടാകുന്ന ഇത്തരം മാലിന്യം മുഴുവൻ കത്തിച്ച് ഊർജം ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയാണു പരിഗണനയിലുള്ളത്. ലോക ബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വ മിഷനും കൊച്ചി കോർപറേഷനുമായി ചേർന്നു തയാറാക്കിയ ബ്രഹ്മപുരം മാസ്റ്റർ പ്ലാനിൽ ഈ പ്ലാന്റും ഉൾപ്പെട്ടിട്ടുണ്ട്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. ബ്രഹ്മപുരത്തു നേരത്തേ രണ്ടു വട്ടം സമാനമായ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുകയും പിന്നീട് സർക്കാർ പിൻമാറുകയും ചെയ്തിരുന്നു.
8 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്കായി ജിജെ ഇക്കോപവർ കമ്പനി 2018ൽ പദ്ധതിക്കു തറക്കല്ലിട്ടെങ്കിലും മുന്നോട്ടു പോയില്ല.
പിന്നീട് കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) മുഖേന സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയെങ്കിലും 2023ലെ ബ്രഹ്മപുരം തീപിടിത്തത്തോടെ അതു റദ്ദാക്കി.
ബ്രഹ്മപുരമുൾപ്പടെ സംസ്ഥാനത്തെ 9 ഇടങ്ങളിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാന്റുകൾ ആരംഭിക്കാൻ 2018ൽ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പ്രായോഗികമല്ലെന്നു കണ്ടതോടെ 6 വർഷങ്ങൾക്കു ശേഷം എല്ലാ പദ്ധതികളിൽ നിന്നും സർക്കാർ പിൻമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

