കോഴിക്കോട്∙ പയ്യാനക്കലെ ഇടവഴികളിലൂടെ വീട്ടുവിലാസങ്ങൾ തിരഞ്ഞ് തിരക്കിട്ട് നടക്കുകയാണ് പോസ്റ്റ് വുമൺ എ.പി.സൈനബ. വിയർത്തുകുളിച്ച് നടക്കുന്ന സൈനബയുടെ ബാഗിൽ കത്തുകളുടെ ഭാരം മാത്രമല്ല, ഒരു കെട്ട് സ്വർണമെഡലുകളുമുണ്ട്.
ദേശീയ, സംസ്ഥാന ഭാരോദ്വഹനമത്സരങ്ങളിലെ സ്വർണവേട്ടക്കാരിയാണ് സൈനബ. ‘കുട്ടിക്കാലത്തൊന്നും ഒരു ഓട്ടമത്സരത്തിൽപ്പോലും പങ്കെടുക്കാത്തയാളാണ് ഞാൻ.
തടി കുറയ്ക്കാൻ ജിമ്മിൽപോയി തുടങ്ങിയതാണ്. ഇപ്പോൾ ഭാരോദ്വഹനത്തിൽ മെഡലുകൾ കിട്ടുന്നത് എനിക്കുതന്നെ അദ്ഭുതമാണ്’ സൈനബ പറയുന്നു.
തിരുവനന്തപുരത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഭാരോദ്വഹന മത്സരത്തിൽ 69 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി തിരിച്ചെത്തിയതാണ് സൈനബ.
ജില്ലാതല മത്സരത്തിൽ 69 കിലോ വിഭാഗത്തിൽ എക്വിപ്ഡ്, ക്ലാസിക് വിഭാഗങ്ങളിലായി രണ്ട് സ്വർണമാണ് സൈനബ നേടിയത്. സംസ്ഥാന മെഡൽ നേടിയതോടെ 29ന് പുണെയിൽ ദേശീയ മത്സരത്തിനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ വർഷം മേയ് നാലിന് നടന്ന പാൻഇന്ത്യ മാസ്റ്റേഴ്സ് 63 കിലോ വിഭാഗത്തിൽ സ്വർണം നേടിയ സൈനബ ഇതിന്റെ രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാനും പരിശീലനം നടത്തിവരികയാണ്.
തടി കുറയ്ക്കാനായി 2019ലാണ് സൈനബ വട്ടക്കിണറിലെ ജിമ്മിൽ ചേർന്നത്. സൈനബ കഴിഞ്ഞ 11 വർഷമായി പോസ്റ്റ് വുമണായി ജോലി ചെയ്യുകയാണ്.
കഴിഞ്ഞ ജൂലൈയിലാണ് മാനാഞ്ചിറ ഹെഡ്പോസ്റ്റ് ഓഫിസിൽ പോസ്റ്റ് വുമണായി സ്ഥലം മാറിയെത്തിയത്. ഫറോക്ക് ഐഒസിയുടെ അടുത്ത് കോഴിശ്ശേരി പറമ്പ് ഫൗജ മൻസിലിൽ അബ്ദുല്ല മസൂദ് സുൽത്താൻ ആണ് ഭർത്താവ്.
അബ്ദുല്ല എൽ ആൻഡ് ടി ജീവനക്കാരനാണ്. സഫ്ര ഫാത്തിമ, അമ്മാർ, നേഹ മറിയം, അസീഫ എന്നിവരാണ് മക്കൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

