കോഴിക്കോട്∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായി കോർപറേഷൻ സ്റ്റേഡിയം മാറുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. അലയടിക്കുന്ന ഫുട്ബോൾ ആവേശത്തിന് കരുത്തുപകരാൻ പൊറ്റമ്മലിലെ പുതിയ സ്റ്റേഡിയത്തിന്റെ നിർമാണവും അതിവേഗം പുരോഗമിക്കുന്നു.
ഫെബ്രുവരി അവസാനത്തോടെ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഏറെക്കാലം കോടതിനടപടികളിൽ കുടുങ്ങിക്കിടന്ന സ്ഥലത്ത് നിയമക്കുരുക്കുകൾ തീർത്ത ശേഷമാണ് പുതിയ സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയത്. പൊറ്റമ്മൽ ജംക്ഷനിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനു പിൻവശത്ത് ഒരേക്കർ 34 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുന്നത്.
ഇതിന്റെ ഒരു വശത്ത് 10 സെന്റ് സ്ഥലത്ത് നിലവിലുള്ള കുളം സംരക്ഷിച്ചുകൊണ്ടാണ് നിർമാണം.
അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെ ഫണ്ടിൽനിന്ന് ഒരു കോടിയും കോർപറേഷന്റെ ഫണ്ടിൽനിന്ന് 50 ലക്ഷവും ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. ഊരാളുങ്കലിനാണ് നിർമാണച്ചുമതല.
കഴിഞ്ഞ സെപ്റ്റംബറിലാണ് സ്റ്റേഡിയം നിർമാണം തുടങ്ങിയത്. നിലവിൽ ഇവിടെയുണ്ടായിരുന്ന നിലം മൈതാനമായി മണ്ണിട്ട് നിരപ്പാക്കി ഉയർത്തിയെടുത്തു.
മൈതാനത്തിന്റെ അതിർത്തി നിർണയിച്ചു. ഗാലറിയുടെ അടിത്തറയുടെ നിർമാണവും പൂർത്തിയായിക്കഴിഞ്ഞു.
സ്റ്റേഡിയം നിർമാണം ഫെബ്രുവരി അവസാന ആഴ്ചയോടെ പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ പറഞ്ഞു.
പുതിയപാലത്തെ പാലത്തിന്റെ ഉദ്ഘാടനത്തിനൊപ്പം സ്റ്റേഡിയം ഉദ്ഘാടനവും നടത്തും. ഫുട്ബോളിനു പുറമേ മറ്റു കായിക ഇനങ്ങൾക്കുകൂടി ഈ സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രദേശത്തെ കുട്ടികൾക്കു കായികപരിശീലനത്തിനുള്ള സൗകര്യവും ഇവിടെയുണ്ടാവും. ഗാലറിക്കു പുറമേ ഗ്രീൻറൂമും ബാത്ത്റൂമും അടക്കമുള്ള സംവിധാനം ഇവിടെയുണ്ടാവും.
ഈ സ്റ്റേഡിയം വരുന്നതോടെ നഗരത്തിൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് പരിശീലന മൈതാനമെന്ന ആവശ്യം പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്, ഐ ലീഗിൽ ഗോകുലം കേരള, സൂപ്പർലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സി എന്നീ മൂന്നു ടീമുകളുടെ ഹോം മൈതാനമാണ് കോർപറേഷൻ സ്റ്റേഡിയം. എന്നാൽ ഈ ടീമുകൾക്ക് ഹോം മൈതാനത്തിനൊപ്പം പരിശീലനമൈതാനവും ആവശ്യമാണ്.
കാലിക്കറ്റ് എഫ്സി സ്വന്തം പണം മുടക്കി ജെഡിടി മൈതാനത്ത് ടർഫ് ഒരുക്കിയാണ് പരിശീലനം നടത്തുന്നത്. ഗോകുലം കേരള മഞ്ചേരി പയ്യനാട്ടും കോഴിക്കോട്ടുമായാണ് പരിശീലനം നടത്തുന്നത്.
ഫുട്ബോളിനാവശ്യമായ സാങ്കേതികവശങ്ങൾ പാലിച്ചാൽ പൊറ്റമ്മലിലെ സ്റ്റേഡിയം പരിശീലന മൈതാനമാക്കി വളർത്തിയെടുക്കാനാവും..
ചെറിയ മത്സരങ്ങൾക്ക് ഉപയോഗിക്കാനുമാവും. തൊണ്ടയാട് ബൈപാസിൽനിന്നും അരയിടത്തുപാലത്തെ മിനി ബൈപാസിൽനിന്നും അതിവേഗം പൊറ്റമ്മൽ സ്റ്റേഡിയത്തിൽ എത്താനുമാവുമെന്നതിനാൽ മറ്റു ജില്ലകളിൽനിന്നുള്ള ഫുട്ബോൾ ആരാധകർക്കും ഈ സ്റ്റേഡിയം അനുഗ്രഹമാവും.
“പൊറ്റമ്മൽ സ്റ്റേഡിയം ഫെബ്രുവരിയോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യണമെന്നാണ് കരുതുന്നത്.
പള്ളിക്കണ്ടിയിൽ സ്റ്റേഡിയം നിർമാണത്തിനും സാങ്കേതികാനുമതി ആയിട്ടുണ്ട്. മാങ്കാവ് സ്റ്റേഡിയം വികസനവും ഉമ്മളത്തൂരിലെ മൈതാനം നിർമാണവും ഉടൻ തുടങ്ങും.
ജില്ലയിൽ ഒരു ജില്ലാതല സ്റ്റേഡിയം നിർമിക്കാൻ 80 കോടിയുടെ പദ്ധതി വന്നിരുന്നു. എന്നാൽ നഗരത്തിൽ 30 ഏക്കർ സ്ഥലം ലഭിക്കാത്തതിനാൽ ഇത് തേഞ്ഞിപ്പലം സർവകാലാശാല ക്യാംപസിലേക്ക് പോയി.”
അഹമ്മദ് ദേവർകോവിൽ എംഎൽഎ
“പൊറ്റമ്മലിലെ സ്റ്റേഡിയത്തെ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാർ കാണുന്നത്.
കോർപറേഷൻ സ്റ്റേഡിയം ഐഎസ്എലിനും വേദിയാവുന്ന സാഹചര്യത്തിൽ ഫുട്ബോളിനായിരിക്കും പ്രാധാന്യം നൽകുക. പൊറ്റമ്മലിലെ സ്റ്റേഡിയം മറ്റു കായിക ഇനങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന തരത്തിൽ വികസിപ്പിക്കണം.
ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണ്.”
ടി.രനീഷ്, പൊറ്റമ്മൽ കൗൺസിലർ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

