മൂവാറ്റുപുഴ∙ കിണറ്റിൽ വീണ പിഞ്ചുബാലനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി പൊലീസ് ഉദ്യോഗസ്ഥർ. മൂവാറ്റുപുഴ സ്റ്റേഷനിലെ ഇൻസ്പെക്ടർ അതുൽ പ്രേം ഉണ്ണിയും സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.എസ്.ഷിനുവും, രഞ്ജിത് രാജനും ആണ് സിയാൻ എന്ന 4 വയസ്സുകാരന്റെ രക്ഷകരായത്.
പേഴയ്ക്കാപ്പിള്ളി പൂഞ്ചേരിയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് താണിച്ചുവട്ടിൽ ഷിഹാബിന്റെ മകൻ സിയാൻ കളിക്കിടെ അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. കുട്ടിയുടെ ബന്ധുവിന്റെ നിലവിളി കേട്ടാണ് ഒരു കേസ് അന്വേഷണത്തിന് അതുവഴി പോകുകയായിരുന്ന പൊലീസ് സംഘം ആ വീട്ടുമുറ്റത്തേക്ക് ഓടിയെത്തിയത്.
കുട്ടി കിണറ്റിൽ വീണതാണെന്ന് മനസ്സിലായതോടെ മറ്റൊന്നും നോക്കാതെ എസ്ഐ അതുൽ പ്രേം ഉണ്ണി കിണറ്റിലേക്ക് ഇറങ്ങി.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും, സമീപത്തുണ്ടായിരുന്ന മോട്ടർ പമ്പ് പൈപ്പിൽ തൂങ്ങിയാണ് അദ്ദേഹം ആറടിയിലേറെ വെള്ളമുള്ള കിണറ്റിലേക്ക് ഇറങ്ങിയത്. ഷിനുവും രഞ്ജിത് രാജനും മുകളിൽ പൈപ്പ് പിടിച്ചു നൽകി.
വെള്ളത്തിൽ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു കുട്ടി. കിണറ്റിൽ നിന്നു കുഞ്ഞിനെ പുറത്തെടുത്ത എസ്ഐ ഉടൻ തന്നെ കൃത്രിമ ശ്വാസം നൽകി.
നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ കിണറിന് പുറത്തെത്തിച്ചു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിഹാബിന്റെ സഹോദരന്റെ മക്കൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് സിയാൻ കിണറ്റിൽ വീണത്.
കിണറിന് ചുറ്റുമതിൽ ഉണ്ടെങ്കിലും ഒരു ഭാഗത്ത് ഉയരം കുറവായിരുന്നു. സംഭവ സമയം മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ സഹോദര ഭാര്യയാണ് കുട്ടികളെ നോക്കിയിരുന്നത്.
അതിവേഗം സ്ഥലത്തെത്തി സമയോചിതമായി ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയാണു കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരെ റൂറൽ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

