കേളകം ∙ രാമച്ചിയിലെ പള്ളിവാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിൽ വീണ്ടും പുലി. റോഡിലൂടെ നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങൾ വീണ്ടും സിസി ടിവി ക്യാമറകളിൽ പതിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് ഭീതി വ്യാപിക്കുന്നു.
ഈ മാസം രണ്ടാം തീയതിയും ഇതേ സിസി ടിവിയിൽ പുലി റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കേളകം പഞ്ചായത്തിലെ കരിയംകാപ്പ് രാമച്ചി റോഡിലുള്ള റബർ തോട്ടത്തിൽ വന്യജീവി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് പാട്ടത്തിന് എടുത്തവർ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചത്.
പാറത്തോട് സ്വദേശികളായ മനു മഠത്തിൽ, വിനു മഠത്തിൽ എന്നീ സഹോദരങ്ങളാണ് തോട്ടം പാട്ടത്തിന് എടുത്ത് ടാപ്പിങ് നടത്തുന്നത്.
രാത്രി രണ്ട് മണിക്ക് ഇവർ ടാപ്പിങ്ങിന് എത്താറുണ്ട്. കഴിഞ്ഞ തവണ പുലി ജനവാസ കേന്ദ്രത്തിൽ നിന്ന് കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചതെങ്കിൽ ഇത്തവണത്തെ ദൃശ്യങ്ങളിൽ പുലി കാട്ടിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു വരുന്നതായാണ് കാണുന്നത്.
പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, വൈസ് പ്രസിഡന്റ് ബിജു ചാക്കോ, പഞ്ചായത്തംഗം അബ്ദുൽ സലാം എന്നിവർ സ്ഥലത്തെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരോടും ഡിഎഫ്ഒ, റേഞ്ച് ഓഫിസർ എന്നിവരോടും ചർച്ച നടത്തി.
വന്യജീവികളെ ഭയന്ന് തോട്ടത്തിലെ ജോലികൾ നിർത്തിവയ്ക്കാൻ സാധിക്കില്ല എന്ന് കർഷകർ വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടിക്കാനും കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് ജനുവരി രണ്ടിന് വനം വകുപ്പ് ഉറപ്പ് നൽകിയെങ്കിലും ക്യാമറ സ്ഥാപിച്ചതല്ലാതെ കൂട് വച്ചില്ല.
വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതുമില്ല. ഇത്തവണയും ക്യാമറയും കൂടും സ്ഥാപിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം 24 മണിക്കൂറും പ്രദേശത്ത് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
വന്യജീവിയെ വനം വകുപ്പ് തടയുന്നില്ലെങ്കിൽ കർഷകർ തന്നെ അവയെ നേരിടുന്ന സാഹചര്യം ഉണ്ടാകുമെന്നും നിയമപ്രശ്നം പറഞ്ഞ് പിന്നീട് വരരുതെന്നും പഞ്ചായത്ത് നേതൃത്വവും കർഷകരും വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും പുലിയുടെയും കടുവയുടെയും സാന്നിധ്യം പലതവണ കണ്ടെത്തിയിട്ടുള്ളതാണ്.
ഈ പഞ്ചായത്തുകളുടെയെല്ലാം അതിരിൽ വന്യജീവി സങ്കേതങ്ങളും റിസർവ് വനങ്ങളുമാണുള്ളത്.
വന്യജീവികളുടെ വംശവർധന ഉണ്ടായതോടെ സമീപ വർഷങ്ങളിൽ ഇവ വ്യാപകമായി ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും എത്തുന്നത് പതിവാണ്. ഡിസംബറിൽ പൊയ്യമലയിൽ കെട്ടിയിരുന്ന പോത്തിനെ വന്യജീവി പിടിച്ചിരുന്നു.
പൊയ്യമലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെ കേളകം പഞ്ചായത്തിലെ തന്നെ വെണ്ടേക്കുംചാലിലും കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. പൊയ്യമലയിൽ എത്തിയത് പുലിയല്ലെന്നും കടുവയാണെന്നുമുള്ള സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

