എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയിൽ കുതിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 175 രൂപ വർധിച്ച് 13,355 രൂപയിലെത്തി.
പവൻ വില 1,400 രൂപ വർധിച്ച് 1,06,840 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്.
ജനുവരി 14ന് രേഖപ്പെടുത്തിയ പവന് 1,05,600 രൂപയാണ് കേരളത്തിലെ ഇതുവരെ ഉണ്ടായിരുന്ന ഉയർന്ന വില.
ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ യൂറോപ്യൻ യൂണിയൻ (ഇയു) തിരിച്ചടിക്കൊരുങ്ങുകയാണ്.
ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചു. ട്രംപിന്റെ തീരുവ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഇയു.
ഇത് പരാജയപ്പെടുകയോ ട്രംപ് തീരുവയുമായി മുന്നോട്ടുപോവുകയോ ചെയ്താൽ തിരിച്ചടി നൽകാനും ഇയു ഒരുങ്ങുന്നുണ്ട്. യുഎസിന് മേലുള്ള തീരുവ പുനസ്ഥാപിക്കുക, യുഎസ് കമ്പനികളെ യൂറോപ്പില്‍ നിന്ന് വിലക്കുക തുടങ്ങിയ സാധ്യതകളാണ് പരിശോധിക്കുന്നത്.
യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
പ്രമുഖ കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് കണക്കാക്കുന്ന ഡോളർ സൂചിക 0.30 ശതമാനം ഇടിഞ്ഞ് 99ലെത്തി. ഡോളർ ഇടിയുമ്പോൾ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമാക്കും.
ഇത് ഡിമാൻഡും വർധിപ്പിക്കും. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,660 ഡോളറെന്ന നിലയിലാണ് നിലവിൽ സ്വർണം.
രാവിലെ ഔൺസിന് 4,690 ഡോളറോളം ഉയർന്നിരുന്നു.
300ന് മുകളിൽ
രാജ്യാന്തര വിപണിയിൽ വില വർധിച്ചതോടെ സംസ്ഥാനത്തെ വെള്ളി വിലയും റെക്കോർഡിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 305 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം.
2025 ജനുവരി 19ന് ശരാശരി 104 രൂപയായിരുന്നു കേരളത്തിലെ ഒരു ഗ്രാം വെള്ളിയുടെ വില. ഒരു വർഷത്തിനുള്ളിൽ 200 രൂപയിലധികം വർധിച്ചു.
ആഭരണങ്ങൾക്ക് പുറമെ വ്യവസായിക ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന വെള്ളിയുടെ ഡിമാൻഡ് കൂടിയതും വരവ് കുറഞ്ഞതുമാണ് വില വർധിക്കാനുള്ള പ്രധാന കാരണം. വില ഇനിയും വർധിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഇന്നും രണ്ട് വിലയാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 11,060 രൂപയാണ് വില. സ്വർണ വ്യാപാരികളുടെ മറ്റൊരു സംഘടനയായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഒ) ഗ്രാമിന് 10,975 രൂപയിലാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്.
ആഭരണ വില
ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ പത്ത് ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,24,700 രൂപയെങ്കിലും വേണ്ടി വരും.
ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്ന് മുതൽ 30 ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. ഇതിന് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജുകളും കൂടി നൽകേണ്ടി വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

