ഗ്രീൻലൻഡ് ഏറ്റെടുക്കാൻ അനുവദിച്ചില്ലെങ്കിൽ അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയിൽ തിരിച്ചടി നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ. വ്യാഴാഴ്ച്ച ബ്രസൽസിൽ ചേരുന്ന യൂറോപ്യൻ യൂണിയൻ അടിയന്തര യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യും.
107 ബില്യൻ ഡോളർ (ഏകദേശം 9.7 ലക്ഷം കോടി രൂപ) വില വരുന്ന യുഎസ് ഇറക്കുമതി ഉൽപന്നങ്ങൾക്ക് തീരുവ പുനസ്ഥാപിക്കാനാണ് ആലോചന. യൂറോപ്യൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, വ്യാപാര ഇടപാടുകളിൽ നിന്ന് യുഎസ് കമ്പനികളെ ഒഴിവാക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്.
രാജ്യാന്തര തലത്തിലെ പ്രമുഖ സാമ്പത്തിക ശക്തികളായ യൂറോപ്യൻ രാജ്യങ്ങളും യുഎസും തമ്മിലുള്ള തർക്കം വ്യാപാര യുദ്ധം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.
രാജ്യാന്തര തലത്തിൽ ഓഹരി വിപണികളെയും ഇത് ബാധിക്കും. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തിൽ ലോകനേതാക്കൾ തമ്മിൽ ഇക്കാര്യത്തിൽ ചർച്ച നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ ഓഹരി വിപണി
കഴിഞ്ഞ ദിവസം ഇന്ത്യൻ ഓഹരി വിപണി നേരിയ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മുഖ്യഓഹരി സൂചികയായ സെൻസെക്സ് 0.23 ശതമാനം നേട്ടത്തിലും നിഫ്റ്റി 0.11 ശതമാനം നേട്ടത്തിലും ക്ലോസ് ചെയ്തു. ഇൻഫോസിസ് അടക്കമുള്ള ഐടി ഓഹരികള്‍ക്ക് മികച്ച ഡിമാൻഡ് ഉണ്ടായതോടെ വ്യാപാരത്തിന്റെ തുടക്കത്തിൽ വിപണി കുതിച്ചിരുന്നു.
എന്നാൽ പിന്നീട് ലാഭമെടുപ്പിൽ വിപണി കുത്തനെ വീണു. ഒരുവേള 25,873.50 വരെ ഉയർന്ന വിപണി ഒടുവിൽ 25,694.35ലാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപകർ പതിവ് പോലെ വിൽപ്പനക്കാരായി. 4,346 കോടി രൂപയുടെ അറ്റ ഓഹരി വിൽപനയാണ് ഇവർ നടത്തിയത്.
ഗിഫ്റ്റ് നിഫ്റ്റിയില്‍ 0.64 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന. കമ്പനികളുടെ മൂന്നാം പാദഫലങ്ങൾ പുറത്തു വരുന്നതും ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ പുരോഗതിയും രാജ്യാന്തര വ്യാപാര തർക്കങ്ങളും വിപണിക്ക് നിർണായകമാകും.
യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ വിപണി ആശങ്കയിൽ.
അവധി ദിവസമായതിനാൽ യുഎസ് വിപണിയിൽ ഇതിന്റെ ആഘാതം എത്രയാണെന്ന് മനസിലായിട്ടില്ല. എന്നാൽ യുഎസ് ഫ്യൂച്ചറുകൾ ഇടിവിലാണ്.
എസ് ആൻഡ് പിയിൽ 0.7 ശതമാനവും നാസ്ഡാക്കിൽ 1 ശതമാനവും നഷ്ടത്തിലാണ് ഫ്യൂച്ചര്‍ വ്യാപാരം നടക്കുന്നത്. ഇത് വിപണിയിൽ വ്യാപാരം ആരംഭിക്കുമ്പോഴും തുടരാനാണ് സാധ്യത.
വെള്ളിയാഴ്ച്ച മൂന്ന് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ട്രംപിന്റെ പ്രസ്താവനയുടെ ചൂട് ഏഷ്യൻ വിപണിയിലും പ്രതിഫലിച്ചു. മിക്ക വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാനിലെ നിക്കെയ് സൂചിക 1.5 ശതമാനം നഷ്ടത്തിലായി.
ഹോങ് കോങ് സൂചിക 0.88 ശതമാനവും. തുടക്കത്തിൽ നഷ്ടത്തിലായെങ്കിലും ഷാങ്ഹായ് സൂചിക നിലവിൽ നേരിയ ലാഭത്തിലാണ്.
ഏഷ്യൻ വിപണികളിലെ ട്രെൻഡ് ഇന്ത്യയിലേക്കും യൂറോപ്പിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യൂറോപ്യൻ വിപണിയിൽ യൂറോസ്റ്റോക്ക്സ് 50, ഡാക്സ് എന്നീ ഫ്യൂച്ചറുകൾ ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.
സ്വർണവും വെള്ളിയും റെക്കോഡിൽ
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സ്വര്‍ണവും വെള്ളിയും പിടിവിട്ട് കുതിച്ചു.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,690 ഡോളറിലെത്തി. നിലവില്‍ 1.5 ശതമാനം നേട്ടത്തില്‍ 4,663 ഡോളറെന്ന നിലയിലാണ് സ്വർണം.
വെള്ളി വില ഔൺസിന് 94 ഡോളർ വരെ എത്തിയ ശേഷം പിന്നീട് താഴേക്കിറങ്ങി. നിലവിൽ 93.25 ഡോളറെന്ന നിലയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.
രണ്ടും റെക്കോർഡാണ്.
ജർമനിയും ഫ്രാൻസും പോലുള്ള വലിയ സാമ്പത്തിക ശക്തികൾക്ക് മേൽ വ്യാപാര യുദ്ധം കടുപ്പിച്ചതാണ് ഇരുലോഹങ്ങളുടെയും ഡിമാൻഡ് ഉയർത്തിയത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിലും വില വർധിക്കാനാണ് സാധ്യത.
ശനിയാഴ്ച്ച പവന് 1,05,440 രൂപയെന്ന നിലയിലായിരുന്നു കേരളത്തിലെ സ്വർണവില.
യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ലോക വ്യാപാരത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. പിന്നീട് തിരിച്ചു കയറി.
പുതിയ സംഭവവികാസങ്ങൾ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കിൽ കുറവുണ്ടാക്കി. ഡോളർ സൂചിക 0.19 ശതമാനം നഷ്ടത്തിൽ 99.18ലെത്തി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

