കോഴിക്കോട്∙ മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് നാലുവരിപ്പാത വികസന പ്രവൃത്തിയുടെ ഭാഗമായി, നിലവിലുള്ള ജലവിതരണ പൈപ്പ് മാറ്റി പുതിയതു സ്ഥാപിച്ചിട്ടും പലയിടത്തും വെളളം കിട്ടുന്നില്ല. സിവിൽ സ്റ്റേഷൻ മുതൽ നടക്കാവ് കെഎസ്ആർടിസി റീജനൽ ഡിപ്പോ വരെ റോഡിനു 3 കിലോമീറ്റർ ചുറ്റളവിൽ ആയിരത്തിലേറെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ജലവിതരണം മുടങ്ങിയത്. റോഡിൽ സ്ഥാപിച്ച പ്രധാന പൈപ്പിൽ നിന്നു വിവിധ ഇടവഴികളിലേക്കും മറ്റുമുള്ള പൈപ്പ് ഇന്റർ കണക്ഷൻ കൂട്ടി യോജിപ്പിക്കാത്തതാണ് പ്രശ്നം. ഇതുകാരണം കഴിഞ്ഞ 6 ദിവസമായി വെള്ളം കിട്ടുന്നില്ല.
വയനാട് റോഡിൽ 50 വർഷം മുൻപ് സ്ഥാപിച്ച 200 എംഎം സിമന്റ് പൈപ്പ് മാറ്റി ഇരുമ്പ് പൈപ്പ് സ്ഥാപിക്കുകയാണ്.
മലാപ്പറമ്പ് ജല സംഭരണി മുതൽ എരഞ്ഞിപ്പാലം ജംക്ഷൻ വരെ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായി. ഇതിൽ ട്രയൽ റൺ നടത്തി വെള്ളം നിറച്ചു.
നടക്കാവ് കെഎസ്ആർടിസി റീജനൽ വർക് ഷോപ്പിനു സമീപം വരെയുള്ള പൈപ്പ് മാറ്റൽ ജോലികൾ ഇന്ന് പൂർത്തിയാകും. എന്നാൽ പുതിയ പൈപ്പ് സ്ഥാപിച്ചതിൽ നിന്നു വീടുകളിലേക്കുള്ള കണക്ഷൻ നൽകുന്നത് ജല അതോറിറ്റി കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും എരഞ്ഞിപ്പാലം, സരോവരം പിഎച്ച്ഡി റോഡ്, എരഞ്ഞിപ്പാലം – അരയിടത്തുപാലം മിനി ബൈപാസ്, പാസ്പോർട്ട് ഓഫിസ് പരിസരം, കാരപ്പറമ്പ് പുഞ്ച തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പുതിയ പൈപ്പിലേക്ക് ഇന്റർ കണക്ഷൻ നൽകുന്നതിൽ സാങ്കേതിക തടസ്സമുണ്ട്. പലയിടത്തും വാൽവ് സ്ഥാപിച്ചിട്ടുണ്ട്.
ഇതിൽ നിന്നാണ് പുതിയ പൈപ്പ് ലൈൻ എടുത്ത് വീടുകളിലേക്കുള്ള വെള്ളം എത്തിക്കാൻ ശ്രമിക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ 4 ദിവസം വെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിപ്പുണ്ടായിരുന്നു.
എന്നാൽ 6 ദിവസം പിന്നിട്ടിട്ടും വെള്ളം പല വീടുകളിലും എത്തിയിട്ടില്ല.
ജലക്ഷാമം: ബീച്ച് ആശുപത്രി പ്രവർത്തനം താളം തെറ്റി
കോഴിക്കോട്∙ മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് ജല വിതരണം മുടങ്ങിയത് ബീച്ച് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. വാർഡുകളിലെ രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർക്കു പുറമേ ഡയാലിസിസിന് എത്തുന്ന രോഗികൾ ഉൾപ്പെടെയാണ് ബുദ്ധിമുട്ടുന്നത്. ശുചിമുറിയിൽ പോകാൻ പോലും വെള്ളമില്ലാത്ത സാഹചര്യമാണെന്നു രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.
ആശുപത്രി വളപ്പിനകത്തു കിണറുണ്ടെങ്കിലും അതിൽ നിന്നു കുറച്ചു സമയം മാത്രമേ വെള്ളം പമ്പ് ചെയ്യാൻ പറ്റുന്നുള്ളു. ആവശ്യത്തിനു വെള്ളം ലഭിക്കാത്ത സാഹചര്യമാണ്.
വെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ആശുപത്രി അധികൃതർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിർദേശം നൽകിയിട്ടുണ്ട്.
“മലാപ്പറമ്പ് മുതൽ നടക്കാവ് വരെ പഴയ സിമന്റ് പൈപ്പ് മാറ്റി ഇരുമ്പ് പൈപ്പ് സ്ഥാപിക്കൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി പുതിയ പൈപ്പിൽ നിന്നു വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പ് കണക്ഷൻ നൽകുന്നുണ്ട്.
ഇത് 70% നൽകി കഴിഞ്ഞു. നടക്കാവ് വരെയുള്ള കണക്ഷൻ ഇന്ന് പൂർത്തിയാകും.”
ജി.എൽ.വിഷ്ണു, എക്സിക്യൂട്ടീവ് എൻജിനീയർ ജല അതോറിറ്റി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

