താമരശ്ശേരി∙ ചുരത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 26ന് 9ാം വളവിന് മേലെ വ്യൂ പോയിന്റിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മലമുകളിൽ നെറ്റ് പാകി തുടർ ഭീഷണി ഒഴിവാക്കാൻ നടപടി. ചുരം 9ാം വളവിന് മേലെയുള്ള നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലക്ടർ വിളിച്ച ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ചുരത്തിലെ പ്രവൃത്തി തീരും വരെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തി.
വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങുന്നതു നിർമാണ പ്രവൃത്തിയെയും യാത്രക്കാരെയും ബാധിക്കുന്നതു കണക്കിലെടുത്താണ് ഈ നടപടി. ചുരത്തിൽ വ്യു പോയിന്റിനു സമീപം മലമുകളിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 2 ദിവസം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
തുരങ്കപ്പാത നിർമാണം ഏറ്റെടുത്തിരിക്കുന്ന ദിലീപ് ബിൽഡ് കോൺ കമ്പനിയെയാണ് നെറ്റ് കെട്ടി സംരക്ഷണം ഉറപ്പ് വരുത്തുന്ന പ്രവൃത്തി ഏൽപിച്ചിരിക്കുന്നത്.
ചുരത്തിൽ വാഹനങ്ങൾ കേടാവുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ 9ാം വളവ് കേന്ദ്രീകരിച്ച് ക്രെയിൻ സർവീസ് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. താമരശ്ശേരി തഹസിൽദാറെ ഇതിനായി ചുമതലപ്പെടുത്തി.
അടിയന്തര സാഹചര്യത്തിൽ സഹായത്തിനായി പൊലീസ്, ഫയർ ഫോഴ്സ്, ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ എന്നിവയുടെ നമ്പർ ഉൾപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കും.
ഇതിനാവശ്യമായ ഫണ്ട് താമരശ്ശേരി തഹസിൽദാർ മുഖേന ദുരന്ത നിവാരണ വിഭാഗം വഹിക്കണം. ചുരത്തിൽ 6,7,8 വളവുകളുടെ നവീകരണത്തിനു മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്നതിനിടെ മൾട്ടി ആക്സിൽ വാഹനങ്ങൾ വരുന്നത് ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ട്.
ഇന്നലെയും മരം നീക്കം ചെയ്യുന്ന സമയത്ത് പലപ്പോഴും ഭാര വാഹനങ്ങൾ നിയന്ത്രണം ലംഘിച്ച് വന്നു.
യോഗത്തിൽ ദുരന്ത വിഭാഗം ഡപ്യുട്ടി കലക്ടർ എം.രേഖ, താമരശ്ശേരി ഡിവൈഎസ്പി സി.അലവി, താമരശ്ശേരി തഹസിൽദാർ സി.സുബൈർ, ജില്ലാ ഫയർ ഫോഴ്സ് ഓഫിസർ അഷറഫ് അലി, ദേശീയപാത വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വി.കെ.ഹാഷിം, ജില്ലാ സോയിൽ കൺസർവേഷൻ ഓഫിസർ എം.രാജീവ്, ജില്ലാ ജിയോളജിസ്റ്റ് ഡോ.മഞ്ജു, മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എം.എ.ഗഫൂർ, ഹസാഡ് അനലിസ്റ്റ് പി.അശ്വതി എന്നിവർ പങ്കെടുത്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

