തിരുവനന്തപുരം ∙ എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ വർഗീയതയ്ക്കെതിരെ ഒന്നിച്ചു നിൽക്കണമെന്നും ഒരു വർഗീയതയോടും മൃദുസമീപനം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ മതങ്ങളും മനുഷ്യത്വത്തെയാണ് ഉയർത്തിപ്പിടിക്കുന്നത്. മത തത്വസംഹിതകളെ ദുർവ്യാഖ്യാനം ചെയ്തു ചിലർ മതത്തെ മനുഷ്യത്വവിരുദ്ധമാക്കാൻ ശ്രമിക്കുന്നു.
മുസ്ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരായി മുദ്രകുത്താനും പൊതുധാരയിൽനിന്നു മാറ്റിനിർത്താനും ശ്രമം നടക്കുന്നു. കേന്ദ്രത്തിലെയും ചില സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാർ ഒരു സമുദായത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളെയും അസ്തിത്വത്തെയും മായ്ച്ചുകളയാൻ ശ്രമിക്കുന്നു– മുഖ്യമന്ത്രി പറഞ്ഞു.
സമുദായവികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് എല്ലാ ജനാധിപത്യ കക്ഷികളും ഒറ്റക്കെട്ടായി തീരുമാനിക്കണമെന്ന് ജാഥാ ക്യാപ്റ്റൻ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു.
വോട്ടിനായി സമുദായ വികാരങ്ങളെ ഉപയോഗിക്കുന്നതു സമൂഹത്തിൽ വലിയ മുറിവുകൾ ഉണ്ടാക്കും. ഇതുതടയാൻ മുൻകരുതൽ സർക്കാർതലത്തിൽ തന്നെ സ്വീകരിക്കണം.
രാഷ്ട്രീയ പാർട്ടികളെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് സർവകക്ഷി യോഗം വിളിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വികസനരേഖ മുഖ്യമന്ത്രിക്ക് കാന്തപുരം കൈമാറി. കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) രിഫാഇ കെയർ പദ്ധതി മുഖ്യമന്ത്രിയും കാന്തപുരം എ.പി.അബൂബക്കർ മുസല്യാരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഓട്ടിസം, സെറിബ്രൽ പാൾസി ബാധിതരായ 1000 കുഞ്ഞുങ്ങൾക്ക് ഒരു വർഷം 30,000 രൂപ വീതം ലഭിക്കുന്ന പദ്ധതിയാണിത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി ജി.ആർ.അനിൽ, രമേശ് ചെന്നിത്തല എംഎൽഎ, കർണാടക സ്പീക്കർ യു.ടി.ഖാദർ, എ.എ.റഹീം എംപി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മാത്യു മാർ സിൽവാനിയോസ്, ഗുരുരത്നം ജ്ഞാനതപസ്വി, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, കൺവീനർ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി ,സയ്യിദ് മുനീർ അഹ്ദൽ, നിസാർ സഖാഫി ഒമാൻ, എ.സൈഫുദ്ദീൻ ഹാജി, മുസ്തഫ കൂടല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി.
പാളയത്തുനിന്ന് ജാഥയായാണ് വൊളന്റിയർമാർ വേദിയിലേക്കെത്തിയത്. 14 ജില്ലകളിൽനിന്നും നീലഗിരി ജില്ലയിൽ നിന്നുമെത്തിയ 5000 സെന്റിനറി ഗാർഡ് അംഗങ്ങളുടെ പരേഡും നടന്നു.
സെന്റിനറി ഗാർഡിന് കാന്തപുരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനുവരി 1ന് കാസർകോട്ട് നിന്നാണു യാത്ര ആരംഭിച്ചത്.
മതനിരപേക്ഷതയിൽ ചിലർക്ക് ഇരട്ടത്താപ്പ്: വി.ഡി.സതീശൻ
തിരുവനന്തപുരം ∙ ഒരു വശത്ത് മതനിരപേക്ഷത പറഞ്ഞിട്ടു മറ്റൊരിടത്ത് ചെന്ന് വിദ്വേഷം പ്രസംഗിക്കുന്നവർക്കു പൊന്നാടയിടരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കേരള യാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചതിനു പിന്നാലെയായിരുന്നു സതീശന്റെ പ്രസംഗം.
നമ്മൾ ആളുകളെ കാറിൽ കയറ്റുന്നതു കുഴപ്പമില്ല, കാറിൽ കയറ്റുന്നവരെ നമ്മൾ സൂക്ഷിക്കണം. അവർ വിദ്വേഷം പ്രസംഗിക്കുന്നവരാകരുതെന്ന് ഉറപ്പുവേണം.
അതിനെതിരെ പ്രതിരോധം തീർക്കാൻ മനസ്സു വേണം. വോട്ടു നഷ്ടപ്പെട്ടാൽ വോട്ട് പോകട്ടെയെന്നും തിരഞ്ഞെടുപ്പിൽ തോറ്റാൽ തോറ്റുപോകട്ടെയെന്നും വിചാരിക്കണം.
മതനിരപേക്ഷതയിൽ തൊട്ടുകളിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കണം.
ഇരട്ടത്താപ്പ് പാടില്ല. കാപട്യം പാടില്ല.
എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും മതനിരപേക്ഷത ബലികഴിച്ച് ഒത്തുതീർപ്പുകൾക്ക് തയാറാകില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

