മട്ടാഞ്ചേരി∙ ഇവിടെ നിന്ന് എറണാകുളത്തേക്കുള്ള ജല ഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നിലച്ചിട്ട് 2 മാസം. കായലിലെ ഡ്രജിങ്ങിലുണ്ടാകുന്ന കാലതാമസമാണ് ബോട്ട് സർവീസ് മുടങ്ങാൻ കാരണം. ഡ്രജിങ്ങിന് എത്തിച്ച ഡ്രജറും മറ്റ് ഉപകരണങ്ങളും ബോട്ട് ജെട്ടിയിൽ കിടക്കുന്നതാണ് സർവീസ് മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.
എത്രയും പെട്ടെന്ന് ഇവ ജെട്ടിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷൻ വകുപ്പിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ജല ഗതാഗത വകുപ്പ് അധികൃതർ.
ബിനാലെ നടക്കുന്ന സമയത്ത് വിനോദ സഞ്ചാരികൾ അടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസാണ് നിലച്ചത്. വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന ബോട്ട് ജെട്ടി കെ.ജെ.മാക്സി എംഎൽഎ മുൻകൈയെടുത്ത് ലക്ഷങ്ങൾ മുടക്കി നവീകരിച്ചതിനു ശേഷം മന്ത്രി കെ.ബി.ഗണേഷ്കുമാർ എത്തിയാണ് ഉദ്ഘാടനം ചെയ്തത്.
അതിന് മുൻപ് കായലിലെ ചെളി ഭാഗികമായി നീക്കം ചെയ്തു. ചെളി നീക്കം പൂർണമാകാത്തതിനാൽ ബോട്ട് സർവീസ് ഇടയ്ക്കിടെ നിർത്തി വയ്ക്കേണ്ടി വന്നു.
വെള്ളക്കുറവ് ഉള്ള സമയത്ത് സർവീസ് നടത്താതെ മറ്റ് സമയങ്ങളിൽ ബോട്ട് സർവീസ് നടത്തി വരുന്നതിനിടെയാണ് ഡ്രജിങ്ങിനായി സർവീസ് നിർത്തി വച്ചത്. തൊട്ടടുത്തുള്ള ജെട്ടിയിൽ നിന്ന് വാട്ടർ മെട്രോ ബോട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും ദിവസവും യാത്ര ചെയ്യേണ്ടവർ ഏറെയും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളെയാണ് ആശ്രയിക്കുന്നത്.
മെട്രോയെക്കാൾ ചാർജ് കുറവാണെന്നതാണു കാരണം. മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് 11 രൂപയാണ് ബോട്ട് ചാർജ്.
ബസിന് 20 രൂപയാകും. ബോട്ടിൽ ഗതാഗത തടസ്സം കൂടാതെ പെട്ടെന്ന് നഗരത്തിലെത്താം. എത്രയും പെട്ടെന്ന് ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

