കൊല്ലം ∙ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്, പാർട്ടിയുടെ കീഴ്ഘടകങ്ങളും സഖാക്കളും താഴേത്തട്ടിൽ ജനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന യാഥാർഥ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കണമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു മുന്നോടിയായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, നിയമസഭാ മണ്ഡലം പാർട്ടി സെക്രട്ടറിമാർ, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിൽ ജില്ലയുടെ രാഷ്ട്രീയ പൊതുസ്ഥിതി സംബന്ധിച്ച കണക്കുകൾ 3 മണിക്കൂറിലേറെ സമയമെടുത്ത് അവതരിപ്പിച്ച പിണറായി, പാർട്ടിയുടെ സംഘടനാ ദൗർബല്യങ്ങളിലേക്കും വിരൽ ചൂണ്ടി.
ഇന്നലെ ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്തെത്തിയ മുഖ്യമന്ത്രി, യോഗത്തിൽ ഉടനീളം പങ്കെടുത്തു. ജില്ലയുടെ രാഷ്ട്രീയ പ്രാധാന്യം, കഴിഞ്ഞ 7 തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെയും മുന്നണിയുടെയും പ്രകടനം സംബന്ധിച്ച കണക്ക്, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബൂത്ത് അടിസ്ഥാനത്തിൽ ലഭിച്ച വോട്ടുകണക്ക് തുടങ്ങിയവ ഉൾക്കൊള്ളുന്ന പ്രത്യേക ഫയലുമായാണു പിണറായി എത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതിയിൽ, ജില്ലയിൽ 7 നിയമസഭാ മണ്ഡലങ്ങളിലാണ് എൽഡിഎഫിനു മുൻതൂക്കമുള്ളത്.
2021 ൽ ഉണ്ടായിരുന്ന 9 സീറ്റിലേക്കല്ല, ഇക്കുറി 10 സീറ്റിൽ വിജയിക്കാൻ കഴിയുമെന്നു പിണറായി പറഞ്ഞു. കരുനാഗപ്പള്ളി മണ്ഡലം അത്ര എളുപ്പമല്ലെങ്കിലും കഠിനാധ്വാനം ചെയ്യണം.
തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനു മുൻപ്, ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും സംഘടനാപ്രവർത്തനത്തിൽ എന്തൊക്കെ മാറ്റങ്ങളാണു വരുത്തേണ്ടതെന്നു കീഴ്ഘടകങ്ങൾ മുകളിലേക്കു റിപ്പോർട്ട് ചെയ്യണമെന്നു പിണറായി നിർദേശിച്ചു. വരുന്ന 2 മാസക്കാലം നടത്തേണ്ട
സംഘടനാ പ്രവർത്തനത്തെക്കുറിച്ചും ജനങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തേണ്ടതിനെക്കുറിച്ചും പിണറായി വിവരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കുകയും പ്രാദേശിക തലത്തിൽ മറ്റുള്ളവരുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
പ്രചാരണ പ്രവർത്തനങ്ങളും ജനസമ്പർക്കവും ആരംഭിക്കാൻ സ്ഥാനാർഥി നിർണയം പൂർത്തിയാകുന്നതുവരെ കാത്തു നിൽക്കേണ്ടതില്ല.
പ്രവർത്തനം ഇപ്പോൾ തുടങ്ങണം. സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രമായിരിക്കും പ്രധാന മാനദണ്ഡമെന്ന സൂചനയും പിണറായി നൽകി.
ജില്ലയിലെ മുതിർന്ന നേതാക്കളും മറ്റുമായി ആശയ വിനിമയം നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ ആദ്യധാരണ രൂപപ്പെടുത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

