ദേശീയപാത 66 ഇടപ്പള്ളി – മൂത്തകുന്നം റീച്ചിലെ ഏറ്റവും ദൈർഘ്യമുള്ള വരാപ്പുഴ പാലത്തിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡ് നിർമാണവും ടാറിങ് ജോലികളും അന്തിമഘട്ടത്തിലാണ്.
മൂന്നു മാസത്തിനുള്ളിൽ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നത്. വരാപ്പുഴ – ചേരാനല്ലൂർ കരകളെ ബന്ധിപ്പിച്ചാണു പാലം.
1.03 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന്റെ നിർമാണം 610 ദിവസങ്ങൾ കൊണ്ടാണു പൂർത്തിയാക്കിയത്. നിർമാണ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ മുടക്കി.
പെരിയാറിൽ നിലവിലുള്ള രണ്ടു വരി പാലത്തിനു സമാന്തരമായി മൂന്നു വരി ഗതാഗത സൗകര്യമുള്ള പാലമാണു പുതുതായി നിർമിച്ചിട്ടുള്ളത്. ഏറെ അടിയൊഴുക്കുള്ള ഭാഗമായതിനാൽ പാലത്തിന് 26 സ്പാനുണ്ട്.
ചേരാനല്ലൂർ ഭാഗത്തുള്ള അപ്രോച്ച് റോഡ് ഉയരത്തിലും വരാപ്പുഴ ഭാഗത്തുള്ള അപ്രോച്ച് റോഡ് താഴ്ത്തിയുമാണു നിർമിക്കുന്നത്. അപ്രോച്ച് റോഡ് നിർമാണത്തിനു ശേഷം ഭാര പരിശോധന ഉൾപ്പെടെ നടത്തി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.
ഇതോടെ ദേശീയപാതയിൽ ചേരാനല്ലൂർ മുതൽ പറവൂർ വരെയുള്ള ഭാഗത്ത് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കിനു പരിഹാരമാകും.
കാൻഡി ലിവർ സാങ്കേതിക വിദ്യയിൽ സംസ്ഥാനത്ത് ആദ്യമായി നിർമിച്ച പഴയ പാലത്തിന്റെ ബലക്ഷമത പരിശോധനയും ഇതോടൊപ്പം നടത്തും. 1991ൽ തറക്കല്ലിട്ട
പഴയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തതു 2001 ജനുവരി 16നാണ്. പാലം തുറന്നതോടെ വടക്കൻ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ ഭൂരിഭാഗവും ഇതിലൂടെയാണു കടന്നു പോകുന്നത്.
പുതിയ പാലം കൂടി തുറന്നു നൽകുന്നതോടെ വാഹന സാന്ദ്രത ഇതിലും കൂടുതലാകാൻ സാധ്യതയുണ്ട്.
അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഒരു തൊഴിൽ ദിനം പോലും നഷ്ടമാക്കാതെയാണു പാലത്തിന്റെ നിർമാണ ജോലികൾ നടന്നത്. ദേശീയ നാവിഗേഷൻ പാതയായതിനാൽ ഗതാഗതം തടസ്സപ്പെടുത്താതെയായിരുന്നു നിർമാണം.
ഏലൂർ എടയാർ വ്യവസായ മേഖലയിലേക്കുള്ള അസംസ്കൃത വസ്തുക്കളുമായി പെരിയാറിലൂടെ എത്തുന്ന ബാർജുകൾക്കു കടന്നു പോകാനുള്ള ഉയരവും സുരക്ഷ സംവിധാനങ്ങളുമുണ്ട്. അതേസമയം ദേശീയപാതയിൽ ചുരുങ്ങിയ നാളുകൾക്കിടെ സംസ്ഥാനത്തു കൂടുതൽ അപകടങ്ങളും മരണവും സംഭവിച്ച പാലമെന്ന കുപ്രസിദ്ധി പഴയ വരാപ്പുഴ പാലത്തിനുണ്ട്.
34 ജീവനുകളാണു പഴയ വരാപ്പുഴ പാലത്തിൽ ഇതുവരെ അപകടങ്ങളിൽ നഷ്ടമായത്. റോഡിന്റെ വീതി വർധിക്കുന്നതോടെ അപകടങ്ങൾ ഒഴിവാകുമെന്നാണു പ്രതീക്ഷ.
മൂത്തകുന്നം – ഇടപ്പള്ളി റീച്ചിൽ വരാപ്പുഴ പാലത്തിനു പുറമേ മറ്റു ഭാഗങ്ങളില്‍ അറുപതു ശതമാനത്തോളം നിർമാണം ഇതുവരെ പൂർത്തിയായി.
കല്ലിന്റെയും മണ്ണിന്റെയും ലഭ്യത കുറവാണു നിർമാണപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത്. ഇതിനു പുറമേ കൂനമ്മാവ്, പെരുമ്പടന്ന, ചേരാനല്ലൂർ തുടങ്ങിയ ഭാഗങ്ങളിൽ നിലവിലുള്ള അലൈൻമെന്റിനു മാറ്റം വരുത്തി ഉയരപാതയും അടിപ്പാതകളും നിർമിക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ സമരങ്ങളും നടക്കുന്നുണ്ട്.
ഇൗ വര്‍ഷം തന്നെ ഇടപ്പള്ളി – മൂത്തകുന്നം റീച്ച് പൂര്‍ത്തിയാക്കുമെന്നാണു ദേശീയപാത അധികൃതര്‍ വ്യക്തമാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

