ഹലോ ഗയ്സ്, എന്ന വിളിയോടെ സ്വന്തം മണ്ണിൽ ഹനുമാൻകൈൻഡ് മൈക്ക് എടുക്കുമ്പോൾ ആർത്തിരമ്പുന്ന ആരാധകക്കടലാകാൻ ഒരുങ്ങുകയാണു കൊച്ചി. ആഗോള സംഗീത വേദികളികളിലെയും മ്യൂസിക് ചാർട്ടുകളിലെയും പടയോട്ടത്തിനു ശേഷം സ്വന്തം തട്ടകത്തിലേക്കു തിരിച്ചെത്തുകയാണു മലയാളികളുടെ സ്വന്തം പയ്യൻസ്.
പൊന്നാനിയിലെ മരണക്കിണറിൽ ചിത്രീകരിച്ച ‘ബിഗ് ഡാഗ്സ്’ എന്ന വൈറൽ സംഗീത വിഡിയോയിലൂടെ 2024ൽ ലോകശ്രദ്ധ നേടിയ സൂരജ് ചെറുകാട് എന്ന ഹനുമാൻകൈൻഡ് ആദ്യമായാണു കേരളത്തിൽ പരിപാടി അവതരിപ്പിക്കുന്നത്. ലോകത്തിന്റെ അംഗീകാരം തേടിയെത്തും മുൻപു തനിക്കു വേദിയൊരുക്കിയ നാടിനു ‘തനി എച്ച്എംകെ’ ശൈലിയിലുള്ള ലൈവ് സംഗീതാനുഭവം സമ്മാനിക്കാനുള്ള വരവാണിത്.
18ന് എറണാകുളം ബോൾഗാട്ടി പാലസ് ആൻഡ് റിസോർട്സ് ഗ്രൗണ്ടിലാണു ‘ഹോം റൺ’ എന്നു പേരിട്ട സംഗീതപരിപാടി.
‘ ജീവിതം ഒരുവട്ടം പൂർത്തിയാക്കുന്ന നിമിഷമാണിത്.
ഇതുവെറുമൊരു മ്യൂസിക് ടൂർ അല്ല, എന്റെ വേരുകളിലേക്കുള്ള മടക്കയാത്രയാണ്. ലോകം അംഗീകരിക്കും മുൻപ് എന്നെ വിശ്വസിച്ചവരുടെ, എന്നെ ഞാനാക്കിയവരുടെ മുന്നിലേക്കുള്ള തിരിച്ചെത്തലാണ്.
ഒട്ടും കലർപ്പില്ലാത്ത, സത്യസന്ധമായ ലൈവ് അനുഭവം എന്റെ ആളുകൾക്കു നൽകാൻ വേണ്ടിയാണ് ഈ ഹോം റൺ. ഇതിൽ ഫിൽറ്ററുകളും വിട്ടുവീഴ്ചകളുമില്ല.
തുടക്കം മുതൽ എന്ന പിന്തുണച്ചവർക്കും എന്നെ വളർത്തിയ നഗരങ്ങൾക്കും ഇതുവരെ എത്തിച്ച യാത്രയ്ക്കും വേണ്ടിയുള്ളതാണ് ഈ പരിപാടി. സ്വന്തം മണ്ണിൽ ഈ രാത്രികൾ ഞാൻ ആടിത്തിമിർക്കും’– സൂരജ് പറയുന്നു.
പ്രശസ്തമായ കൊച്ചെല്ല സംഗീതവേദിയിൽ ഉൾപ്പെടെ ചെണ്ടമേളവുമായി പാടിത്തകർത്ത ഹനുമാൻകൈൻഡ് ഇന്ത്യൻ ഹിപ്ഹോപിനൊപ്പം നാടിന്റെ സാംസ്കാരിക താളത്തെ കൂടിയാണു ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയത്.
2026ലെ ഹനുമാൻകൈൻഡിന്റെ സംഗീതപര്യടനത്തിന്റെ തുടക്കവും കേരളത്തിൽ നിന്നാണ്. ഫെബ്രുവരി ഒന്നിനു ബെംഗളൂരുവിലെ ‘ഹോം റൺ’ പരിപാടിക്കു ശേഷം സാൻഫ്രാൻസിസ്കോയിലെയും ന്യൂയോർക്കിലെയും വേദികളിലേക്കു താരം മടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

