40 വർഷങ്ങൾക്കു മുൻപ്. ജില്ലാ ആശുപത്രിയിൽ പന്ത്രണ്ടാമത്തെ പ്രസവത്തിനെത്തിയ അമ്മ, കുഞ്ഞു ജീവനെ ഭൂമിക്കു പകരം നൽകി മരണത്തിലേക്കു മടങ്ങി.
31 വർഷത്തെ ആതുരസേവനത്തിന്റെ ഓർമകളിൽ ഇന്നും ഉറക്കെ മുഴങ്ങുന്ന കരച്ചിൽ ആ കുഞ്ഞിന്റെയാണെന്നു പറയുന്നു, ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. റാണി ശാന്തകുമാരി.
പിറവിയുടെ നോവും ആഹ്ലാദവും മാത്രമല്ല, ദുരിതജീവിതങ്ങളും നിറയുന്നുണ്ട് ആ ഓർമകളിൽ. പ്രസവസമയത്തു വേണ്ട
തുണിയോ മരുന്നോ പോലും വാങ്ങാൻ നിവൃത്തിയില്ലാതിരുന്നവരെ കണ്ട ആ കാലത്തുനിന്ന് ഇന്നു പതിറ്റാണ്ടുകൾക്കിപ്പുറവും ഡോ.റാണി പ്രവർത്തിക്കുന്നത് ആരോരുമില്ലാത്തവർക്കായാണ്; പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിലൂടെ.
സാന്ത്വനമേകി
നഗരഹൃദയത്തിലെ 100 വർഷം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം ഒട്ടേറെ ജീവിതങ്ങളെയാണ് ഉറപ്പോടെ താങ്ങിനിർത്തുന്നത്. ചിന്നക്കടയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ കേന്ദ്രത്തിൽ, വിരമിച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് ഉദ്യോഗസ്ഥരും പ്രവർത്തകരും സൗജന്യസേവനത്തിനു സന്നദ്ധരായുണ്ട്. മാരക രോഗങ്ങളും ശാരീരിക പ്രശ്നങ്ങളും ഗുരുതര പരുക്കുകളും കാരണം ജീവിതം നിഴലിലായ കുറേ ജീവിതങ്ങളിൽ പ്രകാശമാകുന്നു അവർ.
ഡിഎംഒ ആയി വിരമിച്ച ഡോ.റാണി ശാന്തകുമാരിയുടെ ഭർത്താവ് ഡോ. ബലരാമന്റെ ശ്രീചിത്ര ഫാർമസി എന്ന ആയുർവേദ ക്ലിനിക്കിൽ 2007 ലാണു സാന്ത്വന പരിചരണ കേന്ദ്രം തുടങ്ങിയത്.
പാവപ്പെട്ടവരുടെ കയ്യിൽനിന്ന് ഒരു പൈസ പോലും വാങ്ങില്ല എന്നത് ഔദ്യോഗിക ജീവിതത്തിലും പാലിച്ച ഡോ.
റാണിയുടെയും സമാന മനസ്കരുടെയും സ്വപ്നമായിരുന്നു അത്. ആശുപത്രി തുടങ്ങണമെന്നായിരുന്നു ആഗ്രഹമെങ്കിലും സാമ്പത്തികം അനുവദിച്ചില്ല. പാലിയം ഇന്ത്യ ചെയർമാൻ ഡോ.എം.ആർ. രാജഗോപാലിന്റെ പ്രേരണയിലാണു സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ തുടക്കം.
ട്രസ്റ്റിന്റെ സിഇഒയും സെക്രട്ടറിയുമായ എൻ.എം.പിള്ള, ഡോ.സി.വി.പ്രതാപൻ, ഡോ.പ്രവീൺ എന്നിവർ ഒപ്പം നിന്നു.
ഡോ. പി.കരുണാകരൻ നായർ, ഡോ.
രാധാഭായി, ഡോ.ജയകുമാർ പ്രഭാകരൻ, ഡോ.കമലാസനൻ, ഡോ.സാറാമ്മ മാമ്മൻ, ഡോ. ഉമ മോഹൻദാസ്, ഡോ.എം.ടി.
ജയശ്രീ, ഡോ.കെ.എസ്. ചിത്ര എന്നിവരും ട്രസ്റ്റിൽ ഡോ.
റാണിക്കൊപ്പമുണ്ട്. കൂടാതെ പ്രഫ.ലൈല, മിലിറ്ററി നഴ്സായിരുന്ന എം.കെ.
അപ്പു, കെഎസ്ഇബിയിൽനിന്നു വിരമിച്ച അൽഫോൻസ്, സരസ്വതി എന്നിവരടക്കമുള്ള മറ്റ് വിരമിച്ച ഉദ്യോഗസ്ഥരും.
കണ്ണീർക്കാഴ്ചകൾ
കൊടുംവേദനയിലാണ്ട കാൻസർ ബാധിതർ, അപകടങ്ങളിൽപെട്ടു കിടപ്പിലായവർ, ട്രാൻസ്ഫോമറിൽനിന്നു ഗുരുതര പൊള്ളലേറ്റു ദേഹമാകെ വ്രണമായ വൈദ്യുത ബോർഡ് കരാർ ജീവനക്കാരൻ….അങ്ങനെ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർ കാണുന്ന ജീവിതങ്ങളിലെല്ലാം കണ്ണീർവീണു നീറുന്നുണ്ട്.
അവർക്കെല്ലാം മരുന്നും മറ്റു സഹായങ്ങളും സാന്ത്വനവുമേകുന്നു ട്രസ്റ്റ്.
എല്ലാവരും രോഗികളായ, ദാരിദ്ര്യം മാത്രം ഒപ്പമുള്ള വീടുകളുണ്ട്. അവിടെയെല്ലാം ഒരുനേരമെങ്കിലും ഭക്ഷണമെത്തിക്കാൻ കഴിയുന്നെന്ന ആശ്വാസമുണ്ട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്.
കൊല്ലം നഗരപരിസരത്തുതന്നെ 30 കുടുംബങ്ങൾക്കു മാസംതോറും സഹായമെത്തിക്കുന്നു. ട്രസ്റ്റിൽ റജിസ്റ്റർ ചെയ്ത രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായി വിശേഷ അവസരങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാറുമുണ്ട്.
അപകടങ്ങളിൽ പരുക്കേറ്റു കിടപ്പിലാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നതു ഡോ. റാണി ശാന്തകുമാരിയെ ഏറെ സങ്കടപ്പെടുത്തുന്നുണ്ട്.
‘കാൽവേദന കാരണം തനിയെയുള്ള യാത്ര പറ്റാത്തതുപോലും മുതിർന്നവരെ വിഷമിപ്പിക്കാറുണ്ട്.
അപ്പോൾ ജീവിതകാലം മുഴുവൻ കിടപ്പുരോഗികളായ ചെറുപ്പക്കാരുടെ അവസ്ഥയോ?’– ഡോക്ടർ വേദനയോടെ ചോദിക്കുന്നു. ഒരേ കിടപ്പിൽ, ഒരു ചുമർ മാത്രം മുന്നിൽ മങ്ങിത്തെളിയുന്ന അത്തരം കണ്ണീർക്കാഴ്ചകളാണു ചുറ്റും.
അതു കാണാതിരിക്കാൻ പാലിയേറ്റീവ് പ്രവർത്തകർക്കാവില്ലല്ലോ.
∙ മറക്കാത്തത്: ആലംബമില്ലാത്തവർക്കു നമ്മളാൽ കഴിയുന്ന ബലമേകുകയെന്നത്.
∙ സർക്കാരിനോട് :
ശരീരം തളർന്നവർക്കും കാൻസർ ബാധിതർക്കും സർക്കാർ പുനരധിവാസ കേന്ദ്രം ഒരുക്കണം. കമ്പനികളുമായി ചേർന്നു ജോലികൾക്കുള്ള സൗകര്യവും കൃത്യമായ വേതനവും ഉറപ്പാക്കണം.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റ്
ചിന്നക്കടയിൽ കൊട്ടാരക്കരയിലേക്കുള്ള റോഡിൽ സ്ഥിതിചെയ്യുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് കേന്ദ്രത്തിൽ തിങ്കളും വ്യാഴവും രാവിലെ 10 മുതൽ 1 വരെയാണ് ഒപി.
റജിസ്റ്റർ ചെയ്ത രോഗികൾക്കു വേദനസംഹാരികൾ, വീൽചെയർ, ഡയപ്പറുകൾ , ആംബുലൻസ് സേവനം ഇവ നൽകാറുണ്ട്. എല്ലാ സേവനങ്ങളും സൗജന്യമാണ്. ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി ഉപയോഗിക്കാൻ നൽകാറുമുണ്ട്.
കരുനാഗപ്പള്ളി, പാരിപ്പള്ളി, ശാസ്താംകോട്ട, ചങ്ങൻകുളങ്ങര, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിലാണു ശാഖകളുള്ളത്. ലിങ്ക് ആശുപത്രികളുടെ സേവനവുമുണ്ട്.
ആഴ്ചയിലൊരിക്കൽ നിശ്ചിത സ്ഥലങ്ങളിൽ രോഗികളെ ചെന്നു കാണും.
ആഹാരം കഴിക്കാനുള്ള ട്യൂബ് മാറ്റുകയടക്കമുള്ള ജോലികൾ പ്രവർത്തകർ ചെയ്യും. സ്കൂളിലും കോളജിലും പാലിയേറ്റീവ് ബോധവൽക്കരണവും ഹൗസ് സർജൻമാർക്കു പരിശീലനവും കേന്ദ്രം നൽകുന്നുണ്ട്. എൻ.എം.
പിള്ളയുടെ നേതൃത്വത്തിലുള്ള റേഡിയോ സാന്ത്വനം 90.4 എഫ് എമ്മും ട്രസ്റ്റിന്റെ ഭാഗമാണ്. ട്രസ്റ്റിലെ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹായമാണു മൂലധനം.
കനിവുള്ളവർക്ക് കൈത്താങ്ങാകാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

