കൊച്ചി∙ നേമം,പാലക്കാട്, മഞ്ചേശ്വരം തുടങ്ങി പാർട്ടി മുന്നേറ്റമുണ്ടാക്കുന്ന നിയമസഭാ മണ്ഡലങ്ങളുടെ പട്ടികയിലേക്കു തൃപ്പൂണിത്തുറകൂടി ചേർത്തുവയ്ക്കാനുള്ള തീരുമാനത്തിലാണു ബിജെപി. നഗരസഭാ ഭരണം പിടിക്കാനായത് അതിനുള്ള ജനപിന്തുണയാണെന്നും അവർ കരുതുന്നു.
എറണാകുളം, കൊച്ചി നിയോജക മണ്ഡലങ്ങളിൽ ഏതാനും ഡിവിഷനുകളിൽ വിജയം നേടിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപിക്കു വലിയതോതിലുള്ള മുന്നേറ്റമുണ്ടാക്കാനായതു തൃപ്പൂണിത്തുറയിലാണ്. ഭരണം നേടിയ ആത്മവിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിനുള്ള ഊർജം കൂടിയാണ് അവർക്കു നൽകുന്നത്.
53 ഡിവിഷനുകളുള്ള നഗരസഭയിൽ 21 ഡിവിഷനുകൾ ബിജെപി വിജയിച്ചു. അതുകൊണ്ടുതന്നെ ജില്ലയിൽ പാർട്ടി ലക്ഷ്യംവയ്ക്കുന്ന ഏക നിയമസഭാ മണ്ഡലമായി തൃപ്പൂണിത്തുറ.
അതേസമയം തൃപ്പൂണിത്തുറ നഗരസഭയിലെ വിജയം നിയമസഭാ മണ്ഡലത്തിൽ വിജയം നേടുമെന്ന് ഉറപ്പിക്കുന്ന ഘടകമാകില്ല.
കാരണം, നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിനും എൽഡിഎഫിനും തത്തുല്യമായ ശക്തിയുണ്ട്. തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഭാഗമായ മരട് നഗരസഭയിലും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളിലും യുഡിഎഫാണു വിജയം നേടിയത്.
കൊച്ചി കോർപറേഷനിൽ ഉൾപ്പെടുന്നതും തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ വരുന്നതുമായ 9 ഡിവിഷനുകളിൽ എട്ടിലും വിജയിച്ചത് എൽഡിഎഫ് സ്ഥാനാർഥികളാണ്.
പള്ളുരുത്തി മേഖലയിലാണിവ. തൃപ്പൂണിത്തുറ നഗരസഭയിൽതന്നെ മുഴുവൻ ഭാഗവും ആ നിയോജകമണ്ഡലത്തിൽ വരുന്നില്ല.
നഗരസഭയോടു ചേർത്ത പഴയ തിരുവാങ്കുളം പഞ്ചായത്തിലെ ഭാഗങ്ങൾ പിറവം നിയോജക മണ്ഡലത്തിന്റെ ഭാഗങ്ങളാണ്.
ആരാകും സ്ഥാനാർഥി
തൃപ്പൂണിത്തുറ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുള്ള ഒന്നിലേറെ പേർ ബിജെപിയുടെ ചർച്ചകളിലുണ്ട്. സംസ്ഥാന വക്താക്കളായ പി.ആർ.ശിവശങ്കരൻ, കെ.വി.എസ്.ഹരിദാസ് തുടങ്ങിയവരുടെ പേരുകൾ കേൾക്കുന്നുണ്ട്. അതേസമയം, നഗരസഭാ ഭരണം പിടിച്ച മണ്ഡലത്തിൽ സംസ്ഥാനതലത്തിൽ നിന്നുതന്നെ ഒരാൾ മത്സരിക്കണമെന്ന നിർദേശവുമുയരുന്നുണ്ട്.
ഇടയ്ക്കു ശോഭാ സുരേന്ദ്രൻ തൃപ്പൂണിത്തുറിയിലെത്തിയേക്കുമെന്ന ശ്രുതി പരന്നെങ്കിലും അവരെ ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളിലോ പാലക്കാട്ടോ മത്സരിപ്പിക്കാനാണു പാർട്ടിയിലെ നീക്കങ്ങൾ.
അതേസമയം, കെ.ബാബു വീണ്ടും മത്സരിക്കുമോ എന്ന തീരുമാനത്തെ അടിസ്ഥാനമാക്കിയാണു കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുക. ഇടതു സ്ഥാനാർഥി പട്ടികയിൽ കൊച്ചി മുൻ മേയർ എം.അനിൽകുമാറിന്റെ പേരു സജീവമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

