തിരുവനന്തപുരം ∙ ദീപനിരകളിൽ പ്രകാശിച്ചും പ്രഭ ചൊരിഞ്ഞും ശ്രീപത്മനാഭ സന്നിധി. ദീപപ്രകാശം ദിവ്യപ്രകാശമായി മാറി ഭക്തിയിൽ ലയിച്ച കാഴ്ചയ്ക്കാണ് അനന്തപുരി സാക്ഷിയായത്.
ലക്ഷദീപം ഇന്നലെ സന്ധ്യയ്ക്കു ശ്രീപത്മനാഭസ്വാമി സന്നിധിയെ പ്രകാശത്തിൽ മൂടി. ആത്മീയതയും ദർശനവും ഒരുമിച്ച വിസ്മയം.
ദേശാഭിവൃദ്ധിക്കായി നടത്തുന്ന മുറജപത്തിനു സമാപനം കുറിച്ചായിരുന്നു ലക്ഷദീപം. ക്ഷേത്രാചാരങ്ങളുടെ വിശുദ്ധത കാത്തുസൂക്ഷിച്ചായിരുന്നു ചടങ്ങുകൾ.
ഓരോ ദീപവും ഓരോ പ്രാർഥനയായി. ലക്ഷം ദീപങ്ങളുടെ പ്രഭയിൽ തിളങ്ങിയ കിഴക്കേ ഗോപുരം പത്മതീർഥത്തിൽ പ്രതിഫലിച്ചു.
6 വർഷം കൂടുമ്പോഴാണ് ക്ഷേത്രത്തിൽ മുറജപം നടക്കുന്നത്.
8 ദിവസം വീതം നീളുന്ന 7 മുറകൾ ചേർന്നതാണ് ഒരു ജപ കാലയളവ്. ജപത്തിന്റെ അവസാന ദിവസമാണ് ലക്ഷദീപവും മുറ ശീവേലിയും നടന്നത്. ലക്ഷദീപദർശനത്തിനായി ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലേക്കു ഭക്തരെത്തി.
വൈകിട്ട് 4 മുതൽ ഭക്തരെ മതിലകത്തേക്കു പ്രവേശിപ്പിച്ചു. ശീവേലിപ്പുരയുടെ 26 സ്ഥലങ്ങളിലായാണ് ദർശന സൗകര്യം ഒരുക്കിയത്.
സന്ധ്യയോടെ ഇടിഞ്ഞിലുകളും കമ്പ വിളക്കുകളും തെളിച്ചു. ഇതു പൂർത്തിയായ മുറയ്ക്ക് വൈദ്യുത വിളക്കുകളും പ്രകാശിച്ചപ്പോൾ ക്ഷേത്രവും പരിസരവും ദീപങ്ങളിൽ മുങ്ങി.
അത്താഴപൂജയ്ക്ക് ശേഷം രാത്രി 8.30ന് മകര ശീവേലി നടന്നു.
ശ്രീപത്മനാഭനെയും നരസിംഹമൂർത്തിയെയും കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കാള, കുതിര, ഡമ്മാനം കെട്ടി വിളംബരം അറിയിച്ച് ആന, കൊടിയും പട്ടവുമേന്തിയ കുട്ടികൾ എന്നിവർ അണിനിരന്നു.
ഉറയിലിട്ട വാളുമായി നീങ്ങിയ അകത്തെ പ്രവൃത്തിക്കാർക്കു പിന്നാലെ ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ ആദിത്യ വർമ നീങ്ങി.
മുറജപത്തിൽ പങ്കെടുത്ത പണ്ഡിതർ ഉൾപ്പെടെയുള്ളവർ നാമമന്ത്രജപവുമായി അണിനിരന്നു. തിരുവാമ്പാടിയിൽനിന്ന് ശ്രീകൃഷ്ണസ്വാമിയെ എഴുന്നള്ളത്തിൽ ഒപ്പം ചേർത്തു.
പത്മനാഭസ്വാമിയെ സ്വർണ ഗരുഡ വാഹനത്തിലും ശ്രീകൃഷ്ണ സ്വാമിയെയും നരസിംഹ മൂർത്തിയെയും വെള്ളി ഗരുഡ വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. 3 പ്രദക്ഷിണം പൂർത്തിയായി കൊടിമരച്ചുവട്ടിൽ ക്ഷേത്രംസ്ഥാനി വിഗ്രഹങ്ങളെ സാഷ്ടാംഗം നമസ്കരിച്ചതോടെ ശീവേലി ചടങ്ങുകൾ അവസാനിച്ചു.
2032– ലാണ് അടുത്ത മുറജപം.
ഒഴുകിയെത്തിയത് ആയിരങ്ങൾ
തിരുവനന്തപുരം∙ ജപനാദങ്ങളിലും ലക്ഷദീപപ്രഭയിലും ജ്വലിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഭക്തർ. ആറു വർഷത്തിലൊരിക്കലുള്ള ലക്ഷദീപക്കാഴ്ച ധന്യമാക്കിയ മനസ്സുകൾ. മുറജപത്തിന്റെ ഏകസ്വര നാദങ്ങൾ ക്ഷേത്രാന്തരീക്ഷം നിറച്ചപ്പോൾ, ലക്ഷദീപത്തിന്റെ പ്രകാശനിരകൾ ക്ഷേത്ര സന്നിധിയെ അലൗകിക പ്രകാശത്താൽ പൊതിഞ്ഞു.
നാദവും നിശ്ശബ്ദതയും ഒരുമിച്ചുചേരുന്ന അപൂർവ സന്ധ്യയ്ക്ക് ക്ഷേത്രപരിസരം സാക്ഷിയായി .
തുടർച്ചയായി മുഴങ്ങിയ മുറജപനാദങ്ങൾ ഭക്തഹൃദയങ്ങളിൽ സമാധാനത്തിന്റെ കിരണങ്ങൾ പരത്തി. സന്ധ്യയോടെ ലക്ഷദീപം തെളിഞ്ഞ നിമിഷം ഭക്തസമർപ്പിതമായ മനസ്സുകളിൽ ആനന്ദാനുഭൂതി നിറഞ്ഞു. ദീപങ്ങൾ ഓരോന്നും മന്ത്രത്തിന്റെ ദൃശ്യരൂപമായി മാറിയ അനുഭവം. ആയിരക്കണക്കിന് ഭക്തർ മണിക്കൂറുകളാണ് കാത്തിരുന്നത്.
പ്രാർഥനയിൽ ലയിച്ച മനസ്സുമായി ഓരോരുത്തരും ദീപാരാധനയിൽ പങ്കുചേർന്നു. നാദവും ദീപവും പ്രാർഥനയും ഒന്നായി ലയിച്ച ആത്മീയാനുഭൂതി ഹൃദയത്തിൽ സൂക്ഷിച്ചാണ് ഭക്തർ മടങ്ങിയത്.
ലക്ഷദീപപ്രഭയിൽ മനംനിറഞ്ഞ് മടക്കം
തിരുവനന്തപുരം ∙ ആറു വർഷത്തെ പ്രാർഥനയുടെ പൂർണത.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപവും മകരശീവേലിയും ദർശിച്ചു മടങ്ങിയ ഭക്തർക്കിതു ജന്മ സുകൃതം. മകര ശീവേലിയും ലക്ഷദീപവും ദർശിക്കാൻ 15,000 പേർക്കുമാത്രമാണ് ക്ഷേത്രത്തനകത്തേക്കു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ഇന്നലെ ഉച്ച മുതൽ കോട്ടയ്ക്കകത്തേക്കുള്ള സകല റോഡുകളും ജനനിബിഡമായി.
മതിലകത്തേക്ക് പ്രവേശിക്കാൻ കഴിയാത്തവർക്കായി ചടങ്ങുകൾ വീക്ഷിക്കാൻ ക്ഷേത്രത്തിന്റെ നാലു നടകളിലും കൂറ്റൻ എൽഇഡി വാളുകൾ സ്ഥാപിച്ചിരുന്നു.
എല്ലാ വഴികളും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് എന്നതായിരുന്നു ഇന്നലെ ഉച്ച മുതലുള്ള കാഴ്ച. കോട്ടയ്ക്കകത്തേക്ക് കടക്കാൻ കഴിയാത്ത വിധം ജനസഞ്ചയം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.
ഉച്ച പിന്നിട്ടപ്പോൾ മുതൽ 3 നടകളിലും തിരക്കിന്റെ പൂരമായി.
ലക്ഷദീപ ദർശനത്തിനും പ്രാർഥനയ്ക്കുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ, കലക്ടർ അനു കുമാരി, തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി എന്നിവരെത്തി. ക്ഷേത്ര ഭരണസമിതി ചെയർമാൻ ജില്ലാ ജഡ്ജി കെ.പി.അനിൽ കുമാർ, അംഗങ്ങളായ ആദിത്യവർമ, കരമന ജയൻ, എ.വേലപ്പൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്, മാനേജർ എൻ.കെ.അനിൽകുമാർ, ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജ വർമ, ഡി.വെങ്കിടേശ്വര അയ്യർ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

