മുഹമ്മ ∙ മണൽ ലോറികളുടെ നിരന്തര ഓട്ടം മൂലം റോഡ് തകർന്നെന്ന് ആരോപിച്ച് ലോറികൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വേമ്പനാട്ടുകായലിൽ നിന്ന് ഡ്രജ് ചെയ്തെടുക്കുന്ന ചെളി കലർന്ന മണൽ കയറ്റി പോകുന്ന ലോറികളാണ് കണ്ണങ്കരയിൽ തടഞ്ഞത്.
റോഡ് തകർന്ന് കാൽനടയാത്ര പോലും അസാധ്യമായെന്ന് നാട്ടുകാർ പറയുന്നു. ഇതോടെയാണ് ഇന്നലെ രാത്രി നാട്ടുകാർ 4 ടിപ്പർ ലോറികൾ തടഞ്ഞിട്ട് പ്രതിഷേധിച്ചത്.
ഭാരവാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുന്നതിനാൽ കണ്ണങ്കര റോഡിൽ കുഴികൾ വ്യാപകമായി. കഴിഞ്ഞദിവസം പെയ്ത മഴയിൽ റോഡിൽ ചെളി നിറഞ്ഞു.
3 സ്കൂളുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രധാന റോഡിൽ കുട്ടികളടക്കം ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു.
റോഡ് തകർന്നതിനാൽ അപകടങ്ങളും വർധിക്കുകയാണ്. അധികൃതർക്ക് പല തവണ പരാതി നൽകിയിട്ടും ലോറികളുടെ മരണപാച്ചിലിനും മറ്റ് ദുരിതങ്ങൾക്കും പരിഹാരമായില്ലെന്നു നാട്ടുകാർ പറയുന്നു.
ദേശീയപാത ആറുവരി നിർമാണവുമായി ബന്ധപ്പെട്ട് ടൺ കണക്കിന് മണലാണ് ഇതുവഴി കൊണ്ടുപോകുന്നത്.
വൈകിട്ട് 5ന് കുട്ടികളും സ്ത്രീകളും അടക്കം ഒട്ടേറെപ്പേർ പങ്കെടുത്ത സമരം മണിക്കൂറുകൾ നീണ്ടു. രാത്രി ഒൻപതോടെ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കാം എന്ന് കരാറുകാർ നൽകിയ ഉറപ്പ് കണക്കിലെടുത്താണ് നാട്ടുകാർ സമരം നിർത്തിയത്.
പ്രശ്നത്തിന് ശാശ്വത പരിഹാരം അടിയന്തരമായി ഉണ്ടാകാത്ത പക്ഷം തുടർ ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

