ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ 4-ാമത്തെ സാമ്പത്തികശക്തി. വാരാന്ത്യങ്ങളിൽ മയാമിയിലേക്ക് ഉല്ലാസയാത്ര നടത്തുന്നവരുടെ തിരക്ക്.
ഏതുനേരവും നുണയാൻ വിലയേറിയ ഷാംപെയ്നും സ്കോച്ച് വിസ്കിയും. ഓരോ വീട്ടിലും അലമാരകൾ നിറയെ കുന്നുകൂടിയ നോട്ടുകെട്ടുകൾ.
ഇതായിരുന്നു ഒരിക്കൽ വെനസ്വേല. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.
ലോക സമ്പദ്ശക്തികളിലൊന്നെന്ന പട്ടം പോയ വെനസ്വേല ഇപ്പോൾ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ അത്ര സമ്പത്തുപോലുമില്ലാതെ നിലംപൊത്തി. സൗദി അറേബ്യയേക്കാൾ എണ്ണ സമ്പത്തുണ്ടായിട്ടും കടംകൊണ്ട് നട്ടംതിരിയുന്ന അവസ്ഥ.
അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും പണപ്പെരുപ്പവും കൊടികുത്തി വാഴുന്നു.
കേരളത്തിൽ പണപ്പെരുപ്പം കഴിഞ്ഞമാസം 9 ശതമാനത്തിന് മുകളിലെത്തിയെന്ന റിപ്പോർട്ട് വൻ ചർച്ചയായിരുന്നു. വെനസ്വേലയിലെ പണപ്പെരുപ്പം 1,30,000 ശതമാനമാണ്; അവിശ്വസനീയപ്പെരുപ്പം!
ഒരു മുട്ട വാങ്ങാൻ പോലും ചാക്കുകണക്കിന് നോട്ടുകെട്ടുമായി കടയിൽ പോകേണ്ട
സ്ഥിതി. കച്ചവടക്കാർ നോട്ട് എണ്ണിയെണ്ണി മടുത്തു.
ഇപ്പോൾ വെനസ്വേലയിൽ പലയിടത്തും നോട്ട് തൂക്കിഭാരം നോക്കിയാണ് വ്യാപാരികൾ ഉൽപന്നങ്ങൾ വിൽക്കുന്നത്. എവിടെയാണ് വെനസ്വേലയ്ക്ക് പിഴച്ചത്? പരിശോധിക്കാം: 1952ൽ വെനസ്വേല ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ 4-ാം സ്ഥാനത്തായിരുന്നു.
1960ൽ വെനസ്വേലയുടെ പിന്തുണയോടെയാണ് സൗദി അറേബ്യയും ഇറാനും എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ‘ഒപെക’ സ്ഥാപിക്കുന്നത്. 1970ൽ എണ്ണവില രാജ്യാന്തര വിപണിയിൽ കത്തിക്കയറിയതോടെ വെനസ്വേലയിൽ ‘ശുക്രനുദിച്ചു’.
വെനസ്വേലയിലെ വീടുകൾ നോട്ടുകെട്ടുകൾ കൊണ്ടുനിറഞ്ഞു.
അതിസമ്പന്നർ വാരാന്ത്യങ്ങളിൽ അമേരിക്കയിലേക്ക് ഉല്ലാസയാത്ര പോകുന്നത് പതിവുകാഴ്ചയായി. ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം) പല വികസിത രാജ്യങ്ങളെയും കടത്തിവെട്ടി.
ഗ്രീസും സ്പെയിനും ഇസ്രയേലുമൊക്കെ ഇക്കാര്യത്തിൽ വെനസ്വേലയ്ക്ക് പിന്നിലായി.
1976ൽ വെനസ്വേലൻ സർക്കാർ എണ്ണവ്യവസായ മേഖലയെ ദേശസാൽക്കരിച്ചു. വെനസ്വേലൻ പൊതുമേഖലാ എണ്ണക്കമ്പനിയായ പിഡിവിഎസ്എ സ്ഥാപിച്ചതും ആ വർഷം.
അമേരിക്കയെ ഉൾപ്പെടെ ചൊടിപ്പിച്ച തീരുമാനമാണിത്. അതുവരെ വെനസ്വേലൻ എണ്ണമേഖലയിൽ അമേരിക്കൻ കമ്പനികൾക്ക് സാന്നിധ്യമുണ്ടായിരുന്നു.
ഇവയെയെല്ലാം പുറത്താക്കിയായിരുന്നു ദേശസാൽക്കരണം.
തകർച്ചയുടെ തുടക്കം
പൊൻമുട്ടയിടുന്ന താറാവിനെ പരമാവധി ‘ഊറ്റുന്ന’ തന്ത്രം പയറ്റിയത് വെനസ്വേലയ്ക്ക് തിരിച്ചടിയായി. സർക്കാരിന്റെ ശ്രദ്ധ എണ്ണപ്പണത്തിൽ മാത്രമായിരുന്നു.
കമ്പനികളും നിക്ഷേപകരുമെല്ലാം എണ്ണയിൽ മാത്രം ശ്രദ്ധിച്ചു. കൃഷി, ടൂറിസം, മറ്റ് വ്യവസായങ്ങൾ, മറ്റ് ബിസിനസുകൾ എന്നിവയ്ക്ക് തീരെ പരിഗണന കിട്ടിയില്ല.
ജനങ്ങൾക്ക് വാരിക്കോരി സൗജന്യ പദ്ധതികൾ നൽകി സർക്കാർ ‘ജനകീയ മുഖം’ സംരക്ഷിച്ച് നിലനിർത്തി.
എണ്ണവില ഉയർന്നുനിന്നത് വെനസ്വേലൻ സർക്കാർ പരമാവധി പ്രയോജനപ്പെടുത്തി. പക്ഷേ…
എണ്ണവില തകർന്നുതുടങ്ങിയതോടെ വെനസ്വേലയും വീഴാൻ തുടങ്ങി.
ശമ്പളം പോലും കൊടുക്കാനാകാത്ത വിധം സർക്കാർ സാമ്പത്തികമായി തളർന്നു. പിഡിവിഎസ്എയിൽപോലും യോഗ്യതയുള്ളവർക്ക് പകരം രാഷ്ട്രീയ നിയമനങ്ങൾ തുടർക്കഥയായി.
എൻജിനിയർമാരും ഡോക്ടർമാരും ഉൾപ്പെടെ വിദഗ്ധർ രാജ്യം വിട്ടു. അഴിമതി എങ്ങും കൊടുകുത്തി വാണു.
ഇതിനിടെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത് ഇരുട്ടടിയുമായി.
പണപ്പെരുപ്പം 2018ൽ ലക്ഷം ശതമാനം കടന്നു. ഏത് സാധനവും വാങ്ങാൻ നോട്ടുകെട്ടുകൾ ചുമന്നുകൊണ്ടുപോകേണ്ട
സ്ഥിതി. 1990ൽ പ്രതിദിനം 35 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്ന രാജ്യമായിരുന്നു വെനസ്വേല.
ഇപ്പോൾ കയറ്റുമതി 8 ലക്ഷം ബാരലിനും താഴെ. എണ്ണരാജ്യമായിട്ടും പെട്രോൾ വാങ്ങുന്നത് പുറത്തുനിന്ന്.
വെനസ്വലൻ ജിഡിപിയും കേരളവും
2012ൽ 372.59 ബില്യൻ ഡോളറായിരുന്നു വെനസ്വേലയുടെ ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉൽപാദനം.
2020ൽ ഇത് വെറും 43 ബില്യനിലേക്ക് കൂപ്പുകുത്തി. നിലവിൽ 101 ബില്യനാണ്.
ഏകദേശം 9 ലക്ഷം കോടി രൂപ.
വെനസ്വേലയെപ്പോലെ എണ്ണസമ്പത്തോ വൻകിട വ്യവസായങ്ങളോ ഇല്ലാത്ത കേരളത്തിന്റെ ജിഡിപി ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 167.8 ബില്യൻ ഡോളറാണ്.
ഏകദേശം 15 ലക്ഷം കോടി രൂപ. വെനസ്വേലയേക്കാൾ 6 ലക്ഷം കോടി രൂപയിലധികം.
കേരളത്തിൽ മൂന്നരക്കോടിയും വെനസ്വേലയിൽ ഏതാണ്ട് 3 കോടിയുമാണ് ജനസംഖ്യ.
വെനസ്വേലയും കേരളവും തമ്മിലൊരു സാമ്യമുണ്ട്. രണ്ടിടത്തും സാമ്രാജ്യത്വവിരുദ്ധ ഭരണകൂടങ്ങൾ; ഇടതുഭരണം.
വെനസ്വേല പക്ഷേ, വിസ്തൃതിയിൽ കേരളത്തിന്റെ മൂന്നിരട്ടിയുണ്ട്. പെർ ക്യാപിറ്റ ഇൻകത്തിലും വെനസ്വേലയ്ക്ക് അൽപം മുൻതൂക്കമുണ്ട്.
വെനസ്വേലയിൽ 4,500 ഡോളർ. കേരളത്തിൽ 3,450 ഡോളർ.
പക്ഷേ, കടക്കെണിയിൽ ബഹുദൂരം മുന്നിലാണ് വെനസ്വേല.
ജിഡിപിയുടെ 200 ശതമാനം. അതുവീട്ടാനാകട്ടെ കഷ്ടപ്പെടുന്നു.
പലപ്പോഴും തിരിച്ചടവ് മുടങ്ങുന്നു. കേരളത്തിന്റെ കടം ജിഡിപിയുടെ 33 ശതമാനമാണ്.
ഇത് ഭേദപ്പെട്ട നിരക്കുമാണ്.
സേവനമേഖല, പ്രവാസിപ്പണം, മദ്യം, ലോട്ടറി വിൽപന വരുമാനം, ടൂറിസം എന്നിവയാണ് കേരളത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകൾ.
എണ്ണസമ്പത്ത്: വെനസ്വേല vs സൗദി അറേബ്യ
ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. എന്നിട്ടും സാമ്പത്തികമായി കടുത്ത തകർച്ചയിലാണ് രാജ്യം.
എണ്ണസമ്പത്തിൽ മുന്നിലുള്ള രാജ്യങ്ങളുടെ പട്ടിക താഴെ: (കണക്ക് കോടി ബാരലിൽ)
1. വെനസ്വേല : 30,300
2.
സൗദി അറേബ്യ : 26,700 3. ഇറാൻ : 20,900 4.
കാനഡ : 16,300 5. ഇറാഖ് : 14,500 6.
യുഎഇ : 11,300 7. കുവൈത്ത് : 10,200 8.
റഷ്യ : 8,000 9. യുഎസ് : 7,400 10.
ലിബിയ : 4,800
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

