ശ്രീകൃഷ്ണപുരം∙ കരിമ്പുഴ തോട്ടര കാഞ്ഞിരായിക്കടവിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന തടയണ വന്നാൽ പ്രദേശത്തെ കൃഷിയെ ബാധിക്കുമെന്ന ആശങ്കയിൽ കർഷകർ. തടയണയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ.
വാഴ, ചേന, ചേമ്പ്, കവുങ്ങ്, തെങ്ങ് എന്നിവയാണ് പ്രദേശത്തെ പ്രധാന കൃഷികൾ. ഇവരുടെ പ്രധാന വരുമാന മാർഗമാണ് ഇത്. പുഴയുടെ ഇരുപുറവുമായി മുപ്പത് ഏക്കറോളം കൃഷിയിടമാണുള്ളത്.
കോട്ടപ്പുറം ഭാഗത്ത് നിന്നു മഴക്കാലത്ത് വെള്ളം ഒഴുകിയെത്തുന്ന കൊട്ടത്തോട് പുഴയിലേക്ക് ചേരുന്ന ഭാഗത്താണ് തടയണ നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
മഴക്കാലത്ത് തോടു വഴി വെള്ളം പുഴയിലേക്ക് പോകാതെ നിൽക്കുകയും പുഴയിൽ നിന്നു തോട്ടിലേക്ക് വെള്ളം തിരിച്ചുകയറുകയു ചെയ്യുന്ന പതിവുണ്ട്. ഓരോ മഴക്കാലത്തും പതിനഞ്ചോളം തവണ ഇങ്ങനെയുണ്ടാവാറുണ്ട്.
ഇതുമൂലം കൃഷിയിടത്തിലേക്ക് കയറുന്ന വെള്ളം രണ്ടോ മൂന്നോ ദിവസം ഇറങ്ങാതെ നിൽക്കുകയും ഇത് കൃഷിനാശം വരുത്തുകയുമാണ് പതിവ്. തടയണ വന്നാൽ ഷട്ടർ ഉയർത്തിയാൽ പോലും പില്ലറുകൾ ഉള്ളതു കാരണം പുഴവെള്ളത്തിന് ശരിയായി ഒഴുകാൻ കഴിയില്ലെന്നും ഇത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും കർഷകർ പറയുന്നു. തടയണ വന്നാൽ കൃഷി സ്ഥലത്തേക്ക് കയറുന്ന വെള്ളം ഇറങ്ങാൻ പത്തോളം ദിവസം എടുക്കുമെന്നതാണ് ഇവരുടെ ആശങ്കയ്ക്കു പ്രധാന കാരണം.
തോടിന്റെ മുകൾഭാഗത്ത് പറമ്പോട്ടുകുന്ന് പ്രദേശത്തോ, താഴെ പാലപ്പുഴ പ്രദേശത്തോ തടയണ നിർമിക്കാമെന്നും ഇത് ആരെയും ബാധിക്കില്ലെന്നുമാണ് ഇവിടത്തെ കർഷകർ പറയുന്നത്.
തടയണയ്ക്ക് രണ്ടടി ഉയരമെന്നാണ് നിർമാണോദ്ഘാടന സമയത്ത് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതെന്നും പിന്നീടാണ് രണ്ട് മീറ്ററാണ് ഉയരമെന്നു മനസ്സിലായതെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. മഴക്കാലത്ത് വെള്ളം കയറിയതു കാരണം ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ച കർഷകരും ഈ പ്രദേശത്തുണ്ട്.
വെള്ളക്കെട്ട് കാരണം മുൻപ് ഇവിടെയുണ്ടായിരുന്ന നെൽക്കൃഷി കർഷകർ ഉപേക്ഷിക്കുകയും മറ്റ് കൃഷികളിലേക്ക് മാറുകയും ചെയ്തിരുന്നു. കർഷകരെ വിശ്വാസത്തിലെടുത്ത് തടയണയുടെ സ്ഥാനം മാറ്റണമെന്നും അല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും കർഷകർ പറയുന്നു.
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 3.74 കോടി രൂപ വിനിയോഗിച്ച് ജില്ലാ പഞ്ചായത്താണ് തടയണ നിർമിക്കുന്നത്. 70 മീറ്റർ നീളത്തിലും രണ്ട് മീറ്റർ ഉയരത്തിലും നിർമിക്കുന്ന തടയണയ്ക്ക് 24 പില്ലറുകളും 25 ഷട്ടറുകളും ഉണ്ടാകും. കഴിഞ്ഞ ഒക്ടോബർ 7 നാണ് നിർമാണോദ്ഘാടനം നടന്നത്.
ആശങ്ക പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
∙ ജലബന്ധാര തടയണയുമായി ബന്ധപ്പെട്ട് പ്രദേശത്തെ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി പറഞ്ഞു.
പഞ്ചായത്തിൽ ജലബന്ധാര തടയണ ആവശ്യമാണ്. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു.
യോഗം വിളിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം
∙ ജലബന്ധാര തടയണയുമായി ബന്ധപ്പെട്ട് കർഷകരുടെ യോഗം വിളിക്കുമെന്ന് ജില്ലാപഞ്ചായത്തംഗം എ.കെ.ഷീലാ ദേവി പറഞ്ഞു.
തടയണ വന്നാൽ സമീപ പ്രദേശത്തെ കൃഷിക്ക് ഭീഷണിയുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ മനസ്സിലായതെന്നും കർഷകരെ കൂടി വിശ്വാസത്തിലെടുത്തായിരിക്കും തടയണയുടെ നിർമാണമെന്നും അവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

