കോട്ടയം ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒട്ടേറെപ്പേർ ഉപയോഗിക്കുന്ന ചെല്ലിയൊഴുക്കം റോഡ് തകർന്നിട്ട് 8 വർഷം. ശാസ്ത്രി റോഡിൽ വൈഎംസിഎയുടെ മുന്നിൽനിന്ന് ആരംഭിക്കുന്ന ഈ റോഡിന്റെ ഇരുവശത്തും ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ബാങ്കും ഹോസ്റ്റലും ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുമുണ്ട്.ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ പ്രധാന ആശ്രയമാണ് റോഡ്. ആശുപത്രിയിലെ ആംബുലൻസുകൾ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെല്ലിയൊഴുക്കം റോഡിനെയാണ് കൂടുതലും ആശ്രയിക്കുന്നത്.
കുണ്ടുംകുഴിയുമായ റോഡിലൂടെ രോഗികളുമായി പോകേണ്ട ഗതികേടിലാണവർ.
നഗരത്തിലെ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും രാവിലെയും വൈകിട്ടും ആശ്രയിക്കുന്ന വഴിയാണിത്.
നഗരസഭയുടെ അധീനതയിലുള്ള റോഡിൽ 8 വർഷമായി നവീകരണം നടന്നിട്ടില്ലെന്നാണ് പരാതി. റോഡിലെ കുഴികളെങ്കിലും നികത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു.
നടപടിയുണ്ടാകാതെ വന്നതോടെ നാട്ടുകാർ പിരിവെടുത്ത് കുഴികൾ കോൺക്രീറ്റ് ചെയ്തു. ഇതിനു ശേഷം മറ്റു ഭാഗങ്ങൾ പൊളിഞ്ഞു.
ഒരാഴ്ച മുൻപ് വീട്ടമ്മ സ്കൂട്ടറുമായി കുഴിയിൽ വീണിരുന്നു. ഇവരെ രക്ഷിച്ചതു പ്രദേശവാസികളാണ്.
കഴിഞ്ഞ ദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥനും കുഴിയിൽ വീഴാൻ തുടങ്ങി. രക്ഷപ്പെട്ടതു ഭാഗ്യംകൊണ്ടാണെന്നും നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

