റാണിപുരം ∙ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരത്തു വനത്തോടു ചേർന്നു കുന്നിടിക്കലും അനധികൃത നിർമാണവും വ്യാപകമാകുന്നു. അധികൃതരുടെ അനുമതിയില്ലാതെയാണു നിർമാണ പ്രവൃത്തി നടക്കുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞദിവസം ബിജെപി പ്രവർത്തകർ ഇതിനെതിരെ പ്രതിഷേധം നടത്തിയതോടെയാണ് അനധികൃത നിർമാണം പുറംലോകമറിയുന്നത്. ഇതേത്തുടർന്നു പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
നിർമാണം അനധികൃതമെന്നു ബോധ്യപ്പെട്ടെങ്കിലും അടുത്തദിവസം സ്റ്റോപ് മെമ്മോ നൽകുമെന്നും പനത്തടി പഞ്ചായത്ത് സെക്രട്ടറി ഇ.മുഹമ്മദ് അലി ഇർഷാദ് പറഞ്ഞു.
മണ്ണെടുപ്പ് സംബന്ധിച്ചു പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് അടുത്തദിവസം തഹസിൽദാർക്കു കൈമാറുമെന്നു പനത്തടി വില്ലേജ് ഓഫിസർ എസ്.അനിൽകുമാറും അറിയിച്ചു.
അതേസമയം റാണിപുരത്തു നടക്കുന്ന വൻ അപകടസാധ്യതയുള്ള ഇത്തരം മണ്ണെടുപ്പുകൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടുത്തകാലത്ത് ഉദ്ഘാടനം നടത്തിയ ഗ്ലാസ് ബ്രിജ് നിർമാണത്തിനായി വ്യാപകമായി മണ്ണെടുത്തിരുന്നു.
ഗ്ലാസ് ബ്രിജിന്റെ താഴ്ഭാഗത്തു മണ്ണിടിയാനുള്ള സാധ്യതയുമുണ്ട്.
മണ്ണിടിച്ചിൽ തടയുന്നതിനായി സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്താത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായി പരിസ്ഥിതിവാദികൾ പറയുന്നു. മണ്ണിടിച്ചിലുണ്ടായാൽ താഴെഭാഗത്തെ മാപ്പിളച്ചേരി, കമ്പിക്കാനം, പാണത്തൂർ പ്രദേശങ്ങളിൽ വൻനാശനഷ്ടമുണ്ടാകും.
അടുത്തിടെ റാണിപുരത്ത് ഒട്ടേറെ പുതിയ കെട്ടിടങ്ങളാണു നിർമിച്ചിട്ടുള്ളത്.
ഇതിൽ പലതിനും അനുമതിയില്ലെന്നും ആക്ഷേപമുണ്ട്. റാണിപുരത്തെ അനധികൃത കെട്ടിടങ്ങൾക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ഇത്തരം അശാസ്ത്രീയ നിർമാണവും മണ്ണെടുപ്പും തടയാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നും ആവശ്യമുയരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

