ശാസ്താംകോട്ട ∙ സിനിമാപ്പറമ്പ്– കൊട്ടാരക്കര പ്രധാന പാതയിലെ കലുങ്ക്– ഓട
നിർമാണം ഉപേക്ഷിച്ചത് ജനങ്ങൾക്ക് ദുരിതമാകുന്നു. മുതുപിലാക്കാട് ഇടിഞ്ഞകുഴി ജംക്ഷനിൽ, തിരക്കേറിയ റോഡിന്റെ പകുതിയിലേറെ സ്ഥലത്താണ് കലുങ്ക് നിർമിക്കുന്നത്.
കെആർഎഫ്ബിക്കാണ് നിർമാണച്ചുമതല. കലുങ്ക് നിർമാണം ഉപേക്ഷിച്ചതും റോഡിനു സമാന്തരമായി, റോഡിനേക്കാൾ താഴ്ന്ന നിലയിൽ നിർമിച്ച ഓടയിൽ കോൺക്രീറ്റ് സ്ലാബുകൾ വിരിക്കാത്തതും അപകട ഭീഷണി ഉയർത്തുകയാണ്.
കിഴക്ക് ഭാഗത്തെ റോഡിൽ നിന്നുള്ള വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാത്ത തരത്തിലുള്ള ഓടയുടെ നിർമാണം അശാസ്ത്രീയമാണെന്നാണു പരാതി.
കലുങ്ക് നിർമാണത്തിനിടെ ഭൂഗർഭ പൈപ്പ് പൊട്ടിയതോടെ പ്രദേശത്തെ ശുദ്ധജല വിതരണം നിലച്ചതും പ്രതിഷേധത്തിനു കാരണമായി. ഇതേ തുടർന്ന് നാട്ടുകാർ ചേർന്നു നിർമാണം തടഞ്ഞിരുന്നു. ഇതോടെ നിർമാണ സാധനങ്ങൾ റോഡിന്റെ മധ്യഭാഗത്ത് ഉപേക്ഷിച്ചു കരാറുകാരൻ മടങ്ങി.
റോഡിൽ വ്യക്തമായ മുന്നറിയിപ്പ് സംവിധാനങ്ങളും ഇപ്പോഴില്ല. രാത്രി യാത്രക്കാർ മിക്കപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.
റോഡിന്റെ ഇടുങ്ങിയ വശത്ത് കൂടിയാണ് വലിയ വാഹനങ്ങൾ അടക്കം കടന്നു പോകുന്നത്.
തിരക്കേറിയ പ്രധാന പാതയിലെ കലുങ്ക്– ഓട നിർമാണം ശാസ്ത്രീയമായി വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും സർക്കാർ വകുപ്പുകൾക്കും പരാതി നൽകിയെങ്കിലും ഫലമില്ലെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ നിർമാണം ഉപേക്ഷിച്ചിട്ടില്ലെന്നും പണി നടക്കുകയാണെന്നും സ്ലാബുകളുടെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥാപിക്കുമെന്നും കെആർഎഫ്ബി അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

