കോഴഞ്ചേരി ∙ എട്ട് ലക്ഷം രൂപ ചെലവിട്ട് ഐസിഡിപി (തീവ്ര കന്നുകാലി വികസന പദ്ധതി) സബ് സെന്റർ നിർമിച്ചു, വയറിങ് ഉൾപ്പെടെ അനുബന്ധ ജോലികൾ പൂർത്തിയാക്കാത്തതിനാൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും ഉപയോഗിക്കാതെ കിടക്കുന്നു. മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സെന്ററിന് മാസം തോറും വാടക നൽകേണ്ടി വരുന്ന അവസ്ഥയും തുടരുകയാണ്.
മല്ലപ്പുഴശേരി പഞ്ചായത്തിലെ കാഞ്ഞിരവേലി ചേരിക്കുന്നിൽ അനിൽ കുമാർ, പഞ്ചായത്ത് സെക്രട്ടറിക്ക് ദാനം ചെയ്ത ഭൂമിയിൽ നിർമിച്ച ഒറ്റമുറി കെട്ടിടമാണ് ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്.
രണ്ട് മുറികൾ നിർമിക്കുന്നതിനുള്ള അടിത്തറയാണ് ചെയ്തതെങ്കിലും ഒറ്റമുറി കെട്ടിടമാണ് നിർമിച്ചത്. 2022-23-ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു വിഭാഗം വികസന ഫണ്ടിൽ നിന്നു 159431 രൂപയും, ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ നിന്നും 240569രൂപയും ഉൾപ്പെടെ ആകെ 400001രൂപ വകയിരുത്തിയാണ് കാഞ്ഞിരവേലി ഐസിഡിപി സബ്സെന്റർ നിർമിക്കുന്നതിന് പ്രൊജക്ട് തയാറാക്കിയത്.
ഒരു മുറി മാത്രം ഉള്ള കെട്ടിടം പണിയുന്നതിനാണു ഇത്രയും പണം വകയിരുത്തി എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം വാങ്ങിയത്.
കെട്ടിടം ഉപയോഗപ്പെടുത്തുന്നതിന് അനിവാര്യമായ ശുചിമുറി, പ്ലമിങ്, വയറിങ് മുതലായവ ഉൾപ്പെടുത്താതെയാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഫണ്ടിന്റെ അപര്യാപ്തതയാണു കാരണമായി പറഞ്ഞത്.
കെട്ടിട നിർമാണ പദ്ധതികളുടെ കാര്യത്തിൽ കെട്ടിടത്തിന്റെ അനുബന്ധ സൗകര്യങ്ങളായ വൈദ്യുതീകരണം, പ്ലമിങ് തുടങ്ങി കെട്ടിടം ഉപയോഗിക്കാൻ ആവശ്യമായ ഘടകങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒറ്റ പ്രോജക്ടായി വേണം തയാറാക്കേണ്ടത്.
ഫണ്ടിന്റെ അപര്യാപ്തതയുണ്ടെങ്കിൽ ബഹുവർഷ പ്രൊജക്ടായി ഏറ്റെടുക്കേണ്ടതും ആദ്യ വർഷം തന്നെ പൂർണമായി എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്യേണ്ടതുമാണെന്ന വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് ഇവിടെ കെട്ടിടത്തിന്റെ സ്ട്രക്ചർ മാത്രം പണിയുന്നതിനു എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം നേടിയത്.
വൈദ്യുതീകരണമൊ പ്ലമിങ് ജോലികളൊ ചെയ്യാതെ വാട്ടർ കണക്ഷൻ പോലും എടുക്കാതെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താൻ ഇതിനിടെ അധികൃതർ ശ്രമിച്ചെങ്കിലും നാട്ടുകാർ അതിനു സമ്മതിക്കാതിരുന്നതിനാൽ ഉദ്ഘാടനം നടത്തിയില്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. തുടർന്ന് രണ്ടു തവണകളായി 2,29,665 രൂപയും 2,43,623 രൂപയും ഈ കേന്ദ്രത്തിന് അനുവദിച്ചതായി വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
എന്നാൽ 300 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള കെട്ടിടത്തിന് 9 ലക്ഷത്തോളം രൂപ ചെലവിട്ടിട്ടും വയറിങ്ങും പ്ലമിങ്ങും ചെയ്യാത്തതും ശുചിമുറി അടക്കമുള്ള ഒരു സൗകര്യവും ചെയ്യാത്തതും അഴിമതിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

