ഇരിട്ടി∙ ആദിവാസി പുനരധിവാസത്തിനായി മാറ്റിവച്ചതും ടിആർഡിഎമ്മിന്റെ അധീനതയിൽ ഉള്ളതുമായ ഭൂമിയിൽ നടന്ന കരിങ്കൽ ഖനന നീക്കം കൂടുതൽ വിവാദങ്ങളിലേക്ക്. ഖനനം ആറളം പഞ്ചായത്ത് ഭരണ സമിതിയും ആറളം ഫാം എംഡിയും ഇടപെട്ടു നിർത്തിവയ്പിച്ചെങ്കിലും ആദിവാസി പുനരധിവാസ മിഷൻ(ടിആർഡിഎം) അധികൃതർ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
കരിങ്കൽ ഖനനം അറിഞ്ഞെത്തിയ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾക്കു മുന്നിലും മാനേജിങ് ഡയറക്ടർ എസ്.സുജീഷിന്റെ നേതൃത്വത്തിലുള്ള ഫാം അധികൃതർക്കു മുന്നിലും യാതൊരു അനുമതി പത്രവും കാണിക്കാൻ ഖനനം നടത്തുന്നവർക്ക് കഴിഞ്ഞില്ല.
ആനമതിൽ നിർമാണത്തിനാവശ്യമായ കരിങ്കൽ ലഭിക്കാത്ത പ്രശ്നം ഉയർത്തിയാണ് ഖനനത്തിന് ശ്രമം നടന്നത്. പുനരധിവാസ മേഖലയിൽ 90 ഏക്കറോളം ഭൂമി കരിങ്കൽ മേഖലയാണ്.
അതുകൊണ്ട് തന്നെ ഈ ഭൂമി പുനരധിവാസത്തിനു പുറമേയുള്ള ഭൂമിയായി കണക്കാക്കി തരിശായി കിടക്കുകയാണ്. ആറളം വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പ്രദേശം കൂടിയാണിത്. ഈ മേഖലയിലാണ് ഖനനത്തിനുള്ള നടപടി തുടങ്ങിയത്.
ആനമതിലിനു കല്ലിന്റെ ക്ഷാമം ഉണ്ടായപ്പോൾ ബദൽ സംവിധാനം എന്ന നിലയിൽ ആറളം ഫാമിലെ പാറകൾ ഉപയോഗിക്കാമോയെന്ന ചർച്ചയുണ്ടായി.
ഇക്കാര്യം പരിശോധിക്കാൻ ആനമതിൽ നിർമാണത്തിന്റെ നിരീക്ഷണ സമിതിയുടെ ചുമതലയുള്ള ആറളം ഫാം എംഡി ജില്ലാ കലക്ടറോടു വ്യക്തത തേടി കത്തും അയച്ചിരുന്നു. ഈ കത്തിനുള്ള മറുപടി പോലും ലഭിക്കുന്നതിന് മുൻപ് ഖനനം നടന്നതാണ് വിവാദമായിരിക്കുന്നത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ പ്രശ്നത്തിൽ ഇടപെട്ടപ്പോഴാണു കലക്ടർക്ക് മേൽആവശ്യത്തിൽ വ്യക്തത തേടി കത്തയച്ച ആറളം ഫാം എംഡി പോലും ഖനനം നടക്കുന്നത് അറിയുന്നതെന്നാണ് സൂചന. ആനമതിലിന് അനുയോജ്യമായ പാറയാണോയെന്നറിയാനുള്ള ഗുണമേന്മ പരിശോധന മാത്രമാണു നടത്തിയതെന്നാണു പുനരധിവാസ മിഷൻ അധികൃതരുടെ വാദം.
അതിന് ഇത്രയും പാറകൾ പൊട്ടിക്കണോ എന്നതാണ് ജനപ്രതിനിധികൾ സംശയമായി ഉന്നയിച്ചിട്ടുള്ളത്. പാറയുടെ കുറെ ഭാഗം സ്ഫോടക വസ്തു ഉപയോഗിച്ച് പെട്ടിച്ചതിനൊപ്പം കൂടുതൽ ഭാഗം പൊട്ടിക്കുന്നതിനു പാറകളിൽ കുഴികളും എടുത്തിട്ടുമുണ്ട്.
ആദിവാസി പുനരധിവാസ മേഖലയിൽ പുറമേ നിന്നുള്ളവരുടെ താമസം, മരം മുറിക്കൽ, കുഴൽ കിണർ കുഴിക്കൽ എന്നീ കാര്യങ്ങൾക്ക് കടുത്ത നിബന്ധനകളും മുൻകൂർ അനുമതിയും ആവശ്യമാണ്. ഖനനത്തിനെത്തിയവർക്ക് ആൾത്താമസം ഇല്ലാത്ത പുനരധിവാസ മേഖലയിലെ വീടുകൾ വിട്ടുനൽകിയതായും ആക്ഷേപം ഉണ്ട്.
ഇടപെടൽ അന്വേഷിക്കണം: ആദിവാസി ദലിത് മുന്നേറ്റ സമിതി
ഇരിട്ടി∙ 52 കോടി രൂപ ചെലവഴിച്ച് ആറളം വന്യജീവി കേന്ദ്രത്തിന്റെ അതിർത്തിയിൽ ആനമതിൽ നിർമിക്കുന്നതിന് കരിങ്കല്ലിന്റെ അപര്യാപ്തത പരിഹരിക്കാനെന്ന പേരിൽ ആദിവാസി പുനരധിവാസത്തിന് വേണ്ടി മാറ്റി വച്ച ഭൂമിയിൽ നിന്നും കരിങ്കൽ ഖനനത്തിന് നിർദേശം നൽകിയ ടിആർഡിഎം സൈറ്റ് മാനേജർ നിയമലംഘനത്തിനു കൂട്ടുനിൽക്കുകയാണെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ ആരോപിച്ചു.
വന്യജീവി കേന്ദ്രത്തിൽ നിന്നും നിശ്ചിത അകലം പാലിച്ചേ ഖനനം പാടുള്ളൂ എന്നാണു വ്യവസ്ഥ.
ഈ വ്യവസ്ഥ നിലനിൽക്കുന്നതിന്റെ പേരിൽ 2006ൽ ആദിവാസികൾക്കുള്ള വീട് നിർമാണ ചുമതല ഏറ്റെടുത്ത നിർമതി േന്ദ്രം ചെങ്കൽ ഖനനം നടത്തിയതു വിവാദമായതോടെ നിർത്തിവച്ചിരുന്നു. ആനമതിൽ നിർമാണത്തിന് 2 വർഷം മുൻപ് കരാർ ഏറ്റെടുത്തിരുന്ന കോൺട്രാക്ടർ ടെൻഡർ തുകയിൽ കുറവു കാണിച്ചാണ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്.
കരിങ്കൽ കൊണ്ട് നിർമിച്ച പഴയ സംരക്ഷണഭിത്തിയുടെ കല്ല് ഉൾപ്പെടെ ഉപയോഗിച്ചാണ് ഇപ്പോൾ മതിൽ നിർമിച്ചു വരുന്നത്.
മെറ്റീരിയൽ കോസ്റ്റിൽ പുതിയതായി കരിങ്കൽ ഇറക്കി പണിയുന്നതിന്റെ ചെലവ് ഉൾപ്പെടെ കാണിച്ചു ഫണ്ട് തട്ടിയെടുക്കുന്നതിനു പുറമേയാണ് വഴിവിട്ട നീക്കങ്ങളിലൂടെ ആദിവാസി പുനരധിവാസ ഭൂമിയിൽ അനധികൃത കരിങ്കൽ ഖനനത്തിനുള്ള നടപടി തുടങ്ങിയതെന്നും കരാറുകാരനു ലാഭമുണ്ടാക്കുന്നതിന് ആദിവാസി ഭൂമി വിട്ടു നൽകിയതിനെകുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

