കൽപറ്റ ∙ കോട്ടത്തറ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയിൽ വെള്ളിയാഴ്ച രാത്രി റോഡിൽ കടുവയെ കണ്ടതായ ചിത്രം നിർമിത ബുദ്ധി ഉപയോഗിച്ചു നിർമിച്ചതെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. വണ്ടിയാമ്പറ്റ യുവശബ്ദം വായനശാല ഭാരവാഹികളാണു കമ്പളക്കാട് പൊലീസിൽ ഇതുസംബന്ധിച്ചു പരാതി നൽകിയത്.
കമ്പളക്കാട് ടൗണിലെ ഓട്ടോ ഡ്രൈവർ കെ.അജ്മൽ ആണു കടുവയെ കണ്ടെന്നും പകർത്തിയ ചിത്രമാണെന്നും അവകാശപ്പെട്ടു പൊലീസ് സറ്റേഷനിൽ എത്തിയത്. ചിത്രം സംബന്ധിച്ച നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണു പരാതി.
പരാതി ലഭിച്ചതായും അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പളക്കാട് പൊലീസും അറിയിച്ചു.
അജ്മൽ വിവരം നൽകിയ രാത്രി തന്നെ പൊലീസും തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ വനംവകുപ്പ് കൽപറ്റ റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥർ ഡ്രോൺ ഉപയോഗിച്ചും അല്ലാതെയും പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
കടുവയെന്ന പ്രചാരണം നാട്ടുകാരെ ഭയാശങ്കയിൽ ആക്കുകയും ഒട്ടേറെ തൊഴിലാളികൾ അടക്കം ഒട്ടേറെപ്പേർ വീടുകളിൽ കഴിയുകയും ചെയ്തു. രാത്രി കോട്ടത്തറ കരിഞ്ഞക്കുന്നിൽ യാത്രക്കാരെ ഇറക്കി തിരിച്ചു വരുമ്പോൾ രാത്രി 12 മണിക്കാണു കടുവയെ കണ്ടെതെന്നായിരുന്നു അജ്മൽ പറഞ്ഞത്.
ആദ്യം കന്നുകാലി ആണെന്നു കരുതി വാഹനത്തിന്റെ സ്പീഡ് കുറച്ചപ്പോൾ ആണു കടുവയാണെന്നു മനസ്സിലായതെന്നും ഫോണിൽ കടുവയുടെ ചിത്രം പകർത്തുകയും ചെയ്തു എന്നുമാണ് അജ്മൽ പറഞ്ഞത്. എന്നാൽ, ചിത്രത്തിലെ കടുവയുടെ വലുപ്പം ആനുപാതികമല്ലെന്നാണു ചിത്രം വ്യാജമെന്നു പരാതിപ്പെടുന്നവരുടെ വാദം.
നിഴലിന്റെ സ്ഥാനവും വലുപ്പവും സംശയാസ്പദമാണ്.
ചിത്രത്തിലെ കടുവയെ വനംവകുപ്പിനു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. കടുവയുടെ ദേഹത്തെ വരകൾ നോക്കിയാണു വനംവകുപ്പിന്റെ ഡേറ്റാബേസിലുള്ള കടുവയാണോയെന്നു തിരിച്ചറിയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

