അരൂർ∙ ദേശീയപാത 66 നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നിർമാണം അവസാന ഘട്ടത്തിൽ. 86 ശതമാനം പണികൾ പൂർത്തിയായി.നാലിടത്തായി 40 ഗർഡറുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്.
2605 ഗർഡറുകൾ ഇതിനകം സ്ഥാപിച്ചു. 374 ഒറ്റത്തൂണുകളിലാണ് 12 കിലോമീറ്റർ ആറുവരിപ്പാത കടന്നുപോകുന്നത്.
രാജ്യത്തെ ഏറ്റവും വലിയ മേൽപാലമാണ് അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ ഒരുങ്ങുന്നത്. ഇനി അരൂർ പള്ളി ജംക്ഷനിൽ 10 ഗർഡറുകൾ ഉയർത്താനുണ്ട്.
ഇവിടെ ജോലികൾ പുരോഗമിക്കുകയാണ്.
ഇതിനിടയിൽ ഉയരപ്പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന 110 കെവി വൈദ്യുത ലൈൻ ഉയർത്തുന്നതിന് ടവർ സ്ഥാപിക്കുന്ന പണികൾ തടസ്സപ്പെടുത്തി. അരൂർ ഗ്രാമീൺ സർവീസ് സഹകരണ സംഘത്തിന്റെ ഭൂമിയോട് ചേർന്നാണ് ഈ പണികൾ നടക്കുന്നത്.
സഹകരണ സംഘം നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതിന് ഭൂമിയുടെ വാടക ചോദിച്ചതാണ് കാരണം. ഇതു സംബന്ധിച്ച് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡപ്യൂട്ടി കലക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
പളളി ജംക്ഷനിൽ വൈദ്യുത ലൈൻ ഉയർത്തുന്ന പണികൾ പൂർത്തിയാക്കിയാൽ മാത്രമേ എആർ റസിഡൻസി ഹോട്ടലിനു സമീപമുള്ള ഇഎച്ച്ടി ലൈനുകൾ ഉയർത്താനുള്ള നടപടികൾ സ്വീകരിക്കൂ. ഇതാണ് ഈ ഭാഗത്ത് 23, 24, 25 പില്ലറുകൾ ഗർഡറുകൾ സ്ഥാപിക്കാൻ കഴിയാതെ നാളുകളായി നോക്കുകുത്തിയായി നിലകൊള്ളുന്നത്.
എആർ ഹോട്ടലിനു സമീപം മൂന്ന് തൂണുകളിൽ 21 ഗർഡറുകളാണ് ഇനി സ്ഥാപിക്കേണ്ടത്. ഇവിടെയും റോഡിന്റെ ഇരു ഭാഗങ്ങളിലും താൽക്കാലികമായി ടവർലൈൻ സ്ഥാപിച്ച് വൈദ്യുതി തടസ്സമില്ലാതെ കേബിൾ വലിക്കണം.
ഇതിന് കളമശേരി, ആലപ്പുഴ എന്നിവിടങ്ങളിലെ വൈദ്യുത പ്രസരണ വിഭാഗത്തിന്റെ സാങ്കേതിക സഹായം വേണ്ടിവരും.
ഇവ കൂടാതെ കുത്തിയതോട് പാലത്തിലും ഗർഡറുകൾ ഉയർത്താനുണ്ട്. ഇവിടങ്ങളിൽ ലോഞ്ചിങ് ഗ്യാൻട്രിയുടെ സഹായമില്ലാതെയാണ് ഒന്നിലേറെ വലിയ ക്രെയിൻ ഉപയോഗിച്ച് ഗർഡറുകൾ സ്ഥാപിക്കേണ്ടത്. ഇത് ഏറെ ആയാസകരവും അപകടകരവുമാണ്.
അതിനാൽ കടുത്ത ഗതാഗത നിയന്ത്രണങ്ങളോടെയാണ് ഇപ്പോൾ നിർമാണ ജോലികൾ നടക്കുന്നത്. റോഡു നിർമാണത്തോടൊപ്പം ഇരു ഭാഗത്തും വിശാലമായ കാനയുടെ നിർമാണവും നടക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

