പാലക്കാട് ∙ ഔദ്യോഗിക ജീവിതത്തിൽ നിന്ന് അരങ്ങൊഴിഞ്ഞപ്പോൾ അവർ തിരശ്ശീലയ്ക്കു പിന്നിൽ അണിനിരന്നു. പിന്നെ അരങ്ങിലുണ്ടായതു നാടകവിസ്മയങ്ങൾ.
വിവിധ സർക്കാർ ഓഫിസുകളിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥർ ചേർന്നു രൂപീകരിച്ച നാടകക്കൂട്ടായ്മയുടെ അരങ്ങേറ്റമായിരുന്നു ഇന്നലെ പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ. റിട്ട.പ്രധാനാധ്യാപികയും വില്ലേജ് ഓഫിസറും ബാങ്ക് മാനേജരും പൊലീസുകാരനുമെല്ലാം എംടിയുടെ കഥകളിലെ അപ്പുണ്ണിയും ചന്തുവും കുട്ട്യേടത്തിയും കുട്ടിമാളുവുമെല്ലാമായി അരങ്ങുതകർത്തപ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടി.
എംടിയുടെ കഥകളെ ആസ്പദമാക്കി നാടകരൂപത്തിൽ തയാറാക്കിയ ‘എംടിയുടെ കഥാസാഗരം’ ആണു ശ്രദ്ധേയമായത്. കോളജിലെ മലയാള വിഭാഗമാണു നാടകം സംഘടിപ്പിച്ചത്.
റിട്ട.അധ്യാപികയും മാസ്റ്റേഴ്സ് ദേശീയ കായിക താരവുമായ ഡോ.പി.സി.ഏലിയാമ്മയുടെ നേതൃത്വത്തിലാണു കൂട്ടായ്മ രൂപീകരിച്ചത്.
വിരമിച്ച അധ്യാപകർ, റവന്യു – ബാങ്ക് – പൊലീസ് – ആരോഗ്യ – റെയിൽവേ ഉദ്യോഗസ്ഥർ ഉൾപ്പെടെ 26 പേർ കൂട്ടായ്മയിലുണ്ട്. ഇവരുടെ ബന്ധുക്കളും നാടകത്തിൽ വേഷമിട്ടു.
നാടകത്തിലെ അഭിനേതാക്കളായ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർഥികളായ സഹോദരങ്ങൾ ജെ.ജോയലും ജോബിലും മികച്ച അഭിനയം കാഴ്ചവച്ചു. നാടകത്തിൽ ഓപ്പോളിന്റെ അമ്മയായി അഭിനയിച്ച റിട്ട.
അധ്യാപിക കെ.എം.തങ്കം ‘സൂപ്പർ ശരണ്യ’ ഉൾപ്പെടെ 6 മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
15 മിനിറ്റ് വീതം ദൈർഘ്യമുള്ള 6 നാടകങ്ങളാണ് അരങ്ങേറിയത്. കൂട്ടായ്മയിലുള്ളവർ തന്നെയാണു രചനയും സംവിധാനവും അഭിനയവുമെല്ലാം.
കൂട്ടായ്മയിലുള്ളവരുടെ വീടുകളിലാണു റിഹേഴ്സൽ നടത്തുക. വെറുമൊരു വിനോദം എന്നതിനപ്പുറം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കണ്ടെത്തി അതു നാടകമാക്കി ജനങ്ങളിലെത്തിക്കുകയാണു കൂട്ടായ്മയുടെ ലക്ഷ്യമെന്നു പി.സി.ഏലിയാമ്മ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

