കൊടുമൺ ∙ വേനൽ കടുത്തതോടെ കനാൽ തുറന്നു വിടണമെന്ന ആവശ്യം ശക്തമായി. കനാലുകൾ വൃത്തിയാക്കാനുള്ള നടപടി പോലും ഇതുവരെയും ഉണ്ടാകുന്നില്ല.
കനാലുകളിൽ ഒരാൾ പൊക്കത്തിലാണു കാടുകയറി കിടക്കുന്നത്. വേനൽ കടുത്തതോടെ കൃഷികളെല്ലാം കരിഞ്ഞുണങ്ങി നശിക്കുന്ന അവസ്ഥയിലാണ്.
പ്രധാന കനാലുകളും ഉപ കനാലുകളും കാടുകയറിയും മാലിന്യം തള്ളിയും കിടക്കുകയാണ്. കനാലിന്റെ സമീപ പ്രദേശങ്ങളിലെല്ലാം ചാക്കിൽ കെട്ടി മാലിന്യം കൊണ്ടുവന്നു തള്ളിയിട്ടുണ്ട്.
ചക്കാലമുക്ക് പ്രദേശത്തു കൂടി പോകുന്ന പ്രധാന കാനൽ ഇതുവരെയും വൃത്തിയാക്കിയിട്ടില്ല.
എന്നാൽ ഐക്കാട് പ്രദേശത്ത് കൂടി പോകുന്ന ഉപ കനാലുകൾ ഉൾപ്പെടെ വൃത്തിയാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെയും വെള്ളം തുറന്നു വിട്ടിട്ടില്ല.
ഉൾ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ഉപ കനാലുകൾ പൊട്ടി പൊളിഞ്ഞു കിടക്കുന്നത് കാരണം വെള്ളം തുറന്നു വിട്ടാൽ പ്രയോജനവും ഉണ്ടാകുന്നില്ല. പൊളിഞ്ഞ ഭാഗത്തു കൂടി വെള്ളം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്.
ഇത്രയും വലിയ പദ്ധതി വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയെങ്കിലും അത് യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചു പോകാൻ കഴിയാത്ത സ്ഥിതിയാണ്. എല്ലാ വർഷവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ വൃത്തിയാക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചിരുന്നു.
എന്നാൽ തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തുന്ന മാറ്റം ഈ നടപടിക്ക് ഉണ്ടാകുമോയെന്ന് അധികൃതർക്ക് പോലും അറിയില്ല.
എന്നിരുന്നാലും ശുദ്ധജല ക്ഷാമം പരിഹരിക്കാൻ കനാലുകൾ വൃത്തിയാക്കേണ്ട ആവശ്യകത അറിഞ്ഞ് പ്രവർത്തിക്കാൻ നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കൊടുമൺ ചിറ പ്രദേശത്ത് കനാലുകൾ ചോർന്ന് പ്രദേശവാസികൾക്ക് ദുരിതം ഉണ്ടാക്കിയിരുന്നു. കനാലിന്റെ അടിത്തട്ട് കോൺക്രീറ്റ് ചെയ്യാത്തതു കാരണം വെള്ളം കെട്ടി നിന്ന് കനാലുകൾ ചോർന്ന് കിണറുകൾ ഉൾപ്പെടെ നിറഞ്ഞു കവിയുന്ന അവസ്ഥ വന്നിരുന്നു.
ഇവിടെ ഉയർന്ന പ്രദേശങ്ങളിലൂടെയാണ് കനാലുകൾ കടന്നു പോകുന്നത്. ഇത്തരത്തിലുള്ള പ്രശ്നം പരിഹരിച്ച് കനാലുകൾ തുറന്നു വിട്ട് ജലക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കനാൽ തുറക്കാൻ നടപടി വേണം
മണ്ണടി ∙ പാടശേഖരത്ത് വരൾച്ച നേരിടാൻ കനാൽ തുറന്നു വിടാൻ നടപടി വേണമെന്ന് കർഷകർ.
കൃഷിയിറക്കിയിട്ട് ഒരു മാസമായി. മാർച്ച് അവസാനത്തോടെ നെല്ല് കൊയ്ത്തിനു പാകമാകും.
ജനുവരി ഫെബ്രുവരി മാസങ്ങളിൽ കൃഷിക്ക് വെള്ളം വേണം. വേനൽ ശക്തമായാൽ തോടുകളും നീർച്ചാലുകളും വറ്റിത്തുടങ്ങും.
ഇപ്പോൾ തോട്ടിൽ തടയണ ഒരുക്കി വെള്ളം കെട്ടി നിർത്തിയിരിക്കുകയാണ്. ഇതു കാരണം പാടശേഖരത്തിന്റെ എല്ലാ ഭാഗത്തും വെള്ളം എത്താത്തതും പ്രതിസന്ധിയാണ്.
മുൻ വർഷങ്ങളിൽ നെല്ല് കൊയ്ത്തിനു പാകമാകുമ്പോഴാണ് കനാൽ തുറന്നു വിടുന്നത്. ഇതോടെ കതിരണിഞ്ഞ നെല്ല് വെള്ളത്തിലാകും.
ഏപ്രിൽ ആദ്യ വാരത്തിൽ വേനൽ മഴയും ഉണ്ടാകും. കൊയ്ത്തു വൈകിയാൽ നെല്ല് വെള്ളത്തിലാകും.
ഫലപ്രദമായ ജലസേചന സംവിധാനമില്ലാത്തതിനാൽ കൊയ്ത്തു തുടങ്ങുമ്പോൾ കനാൽ വെള്ളം ഒഴുകിയെത്തുന്നത് തടയേണ്ടി വരും. ഈ സമയം മറ്റ് കർഷകർ പ്രതിസന്ധിയിലാകുന്നത് പതിവാണ്.
കൃഷിക്ക് സമയത്തിന് വെള്ളം ലഭ്യമാക്കാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

