കോഴിക്കോട് ∙ നവംബർ 24 ന് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലെ കൂട്ടുപ്രതി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അറസ്റ്റിലായി. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് സ്വദേശി പുതിയമാളിയേക്കൽ വീട്ടിൽ ആദിൽ മഷൂദ് (27) ആണ് പിടിയിലായത്.
ഈ കേസിലെ മൂന്നാം പ്രതി കുറ്റിച്ചിറ സ്വദേശി വാടിയിൽ വീട്ടിൽ സിറാജുദ്ദീനെ (27) കസബ പൊലീസ് ഡിസംബർ 21 ന് കുറ്റിച്ചിറയിൽ അറസ്റ്റ് ചെയ്തിരുന്നു. വിപണിയിൽ അര കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസലഹരിയുമായി കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29), കുണ്ടുങ്ങൽ എംസി ഹൗസിലെ ഷഹദ് (27) എന്നിവരെ കോഴിക്കോട് സിറ്റി ഡാൻസാഫും കസബ പൊലീസും ചേർന്ന് കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് വച്ചാണ് പിടികൂടിയത്.
വാട്ടർ ഹീറ്ററിനുള്ളിൽ അതിവിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്ത് കടത്താൻ ശ്രമിച്ച 241.5 ഗ്രാം എംഡിഎംഎ, 43.500 ഗ്രാം തൂക്കം വരുന്ന 90 ഓളം എക്സ്റ്റസി ഗുളികകൾ, 1.110 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ സഹിതമാണ് ഇവരെ നവംബറിൽ പിടികൂടിയത്. ഈ കേസിന്റെ അന്വേഷണത്തിൽ നേരത്തെ റിമാൻഡിൽ ആയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നും സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും പ്രതികൾ കുറ്റിച്ചിറ സ്വദേശികൾക്ക് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് മനസ്സിലാക്കുകയായിരുന്നു.
തുടർന്ന് അന്വേഷണ സംഘം കുറ്റിച്ചിറ നിന്ന് സിറാജുദ്ദീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ ആദിൽ മഷൂദ് പിടിക്കപ്പെടും എന്ന് മനസ്സിലാക്കുകയും നാടുവിടുകയുമായിരുന്നു.
ആദിൽ മഷൂദ് വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ കസബ പൊലീസ് പ്രതിയ്ക്കെതിരെ ലുക്ക് ഔട്ട് സർട്ടിഫിക്കറ്റ് പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്കു പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞു വയ്ക്കുകയും കസബ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഉടൻ തന്നെ കേസിന്റെ അന്വേഷണ സംഘാംഗങ്ങളായ കസബ പൊലീസ് ഇൻസ്പെക്ടർ പി.ജെ.ജിമ്മി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദീപു, ഷിജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് നിന്നും ഒളിവിൽ പോയ ശേഷം ബെംഗളൂരു, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ കറങ്ങി നടന്നതായാണ് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.
പ്രതികൾ കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് സ്കൂൾ കോളജ് വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരിമരുന്നുകൾ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനികൾ ആണ്. ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലഹരിമരുന്ന് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും വിവരങ്ങൾ ശേഖരിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

