തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണി സൂചികകൾ നഷ്ടത്തിൽ. യുഎസ് താരിഫ് ഭീഷണി വർധിച്ചതും വിദേശ നിക്ഷേപകർ ഓഹരി വിറ്റൊഴിക്കുന്നത് തുടരുന്നതുമാണ് പ്രധാന കാരണം.
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിലെ സാമ്പത്തിക റിപ്പോർട്ടുകൾ അധികം വൈകാതെ കമ്പനികൾ പുറത്തുവിടും. ഇതും വിപണിയുടെ നെഗറ്റീവ് ട്രെൻഡിന് കാരണമായെന്നാണ് വിലയിരുത്തൽ.
മുഖ്യഓഹരി സൂചികയായ സെൻസെക്സ് ഇന്ന് 0.72 ശതമാനമാണ് ഇടിഞ്ഞത്.
നിഫ്റ്റി തുടക്കത്തിൽ തിരിച്ചു വരുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് ചുവപ്പിലായി. 0.75 ശതമാനം നഷ്ടത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
അഞ്ച് ദിവസത്തെ നഷ്ടക്കച്ചവടത്തിൽ സെൻസെക്സും നിഫ്റ്റിയും ശരാശരി 2.5 ശതമാനമാണ് ഇടിഞ്ഞത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണിമൂല്യത്തിൽ ഇന്ന് മാത്രം നാല് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.
ജനുവരി രണ്ടിന് ശേഷം നിക്ഷേപകരുടെ പോക്കറ്റിൽ നിന്ന് ഏകദേശം 13 ലക്ഷം കോടി രൂപ നഷ്ടമായെന്നും കണക്കുകൾ പറയുന്നു. ബിഎസ്ഇ കമ്പനികളുടെ വിപണിമൂല്യം 481 ലക്ഷം കോടി രൂപയിൽ നിന്ന് 468 ലക്ഷം കോടി രൂപയിലേക്കാണ് അഞ്ച് ദിവസം കൊണ്ട് താഴ്ന്നത്.
നിഫ്റ്റി സ്മോൾക്യാപ് സൂചിക 1.81 ശതമാനവും മിഡ്ക്യാപ് സൂചിക 0.79 ശതമാനവും നഷ്ടത്തിലായി. സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാൽ നിഫ്റ്റി ഐറ്റി, പിഎസ്യു ബാങ്ക്, ഓയിൽ ആന്‍ഡ് ഗ്യാസ് എന്നിവ ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലായി.
നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, എഫ്എംസിജി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നീ മേഖലകളാണ് കനത്ത നഷ്ടം നേരിട്ടത്.
സെൻസെക്സിലെ 9 കമ്പനികൾ മാത്രമാണ് ഇന്ന് നേട്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ് ഓഹരികള്‍ ഇന്നത്തെ നേട്ടക്കണക്കിൽ മുന്നിലെത്തി.
ഏതാണ്ട് 1.36 ശതമാനമാണ് ഏഷ്യൻ പെയിന്റ്സ് ഓഹരി ഇന്ന് ഉയർന്നത്. കൂടാതെ ഒഎൻജിസി, എച്ച്സിഎൽ ടെക്, ഭെൽ തുടങ്ങിയ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.
2.79 ശതമാനത്തോളം ഇടിഞ്ഞ അദാനി എന്റര്‍പ്രൈസസ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത്. എൻടിപിസി, ഐസിഐസിഐ ബാങ്ക്, ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളും കനത്ത ഇടിവിലായിരുന്നു.
500 ശതമാനം തീരുവ വരുമോ
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ മേൽ 500 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന റഷ്യ ഉപരോധ ബില്ലിന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നൽകിയിരുന്നു.
ഇത് പ്രാബല്യത്തിലായാൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളെ ‘ശിക്ഷിക്കാൻ’ ട്രംപിന് കഴിയുമെന്നാണ് യുഎസ് സെനറ്ററായ ലിൻഡ്സേ ഗ്രഹാം പറയുന്നത്. ഇന്ത്യയുമായുള്ള വ്യാപാര കരാറിലെ വ്യവസ്ഥകൾ പുതുക്കുമെന്ന യുഎസ് വ്യവസായ സെക്രട്ടറിയുടെ വാക്കുകളും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.
വിദേശനിക്ഷേപകർ വിപണിയിൽ നിന്ന് ഓഹരികൾ വിറ്റൊഴിക്കുന്നത് ഇന്നും തുടർന്നു.
കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ വിദേശ നിക്ഷേപകർ 3,367.12 കോടി രൂപയുടെ അറ്റവിൽപ്പന നടത്തിയെന്നാണ് കണക്ക്. താരിഫ് വിഷയത്തിൽ യുഎസ് കോടതിയുടെ വിധി, മൂന്നാം പാദഫലങ്ങൾ പുറത്തുവരുന്നത്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കാരണങ്ങളും നിക്ഷേപകരെ ജാഗ്രതയിലാക്കിയെന്നും വിദഗ്ധർ പറയുന്നു.
മികച്ച ജിഡിപി വളർച്ചാ സാധ്യതയും കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ മെച്ചപ്പെടുമെന്ന പ്രവചനങ്ങളും വിപണിക്ക് ആശ്വാസം നൽകുന്നതാണ്. എന്നാൽ രാജ്യാന്തര തലത്തിലെ അനിശ്ചിതത്വങ്ങളാണ് വിപണിയെ പിന്നോട്ടടിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

