കൊല്ലം ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ചവറ പന്മന മനയിൽ പൂജാ ഭവനിൽ കെ.വേണു മരിച്ച സംഭവത്തിൽ സിഎച്ച്സി മുതൽ മെഡിക്കൽ കോളജ് വരെ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് റിപ്പോർട്ട്. ഡിഎംഇ (ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ) നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ‘സിസ്റ്റ’ത്തിന്റെ വിവിധ തകരാറുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ജീവനക്കാരെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നില്ല. ആശുപത്രികളിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനും റഫറൽ സംവിധാനം കാര്യക്ഷമമാക്കാനും സമയനഷ്ടം ഒഴിവാക്കാനും ആവശ്യമായ നടപടികളാണു റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.
ചവറ സിഎച്ച്സിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ഏകദേശം 2 മണിക്കൂറോളം വൈകി. ജില്ലാ ആശുപത്രിയിലും വൈകി.
അത്യാഹിത വിഭാഗത്തിൽ പരിശോധന നടന്നെങ്കിലും വാർഡിൽ ചികിത്സ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു.
മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു നൽകുന്ന ചികിത്സ കൃത്യമായി നൽകിയില്ല. ആൻജിയോപ്ലാസ്റ്റി നടത്താമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട
ദിവസങ്ങളിൽ അവ നടന്നില്ല. ആശുപത്രി ജീവനക്കാരിൽ പലരും രോഗിയെ വീൽചെയറിൽ കൊണ്ടുപോകുന്നത് അടക്കമുള്ള വിഷയങ്ങളിൽ സഹകരിച്ചില്ല.
എല്ലാ തലങ്ങളിലും ശരിയായ ആശയവിനിമയത്തിന്റെ അഭാവമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തരമായി ത്രോംബോലൈസിസോ രക്തധമനിയിലെ ബ്ലോക്ക് നീക്കുന്നതിനുള്ള പെർക്യൂട്ടേനിയസ് കൊറോണറി ഇൻർവെൻഷനോ (പിസിഐ– കൊറോണറി ആൻജിയോപ്ലാസ്റ്റി) നടത്തിയിരുന്നെങ്കിൽ വേണുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ആവശ്യമായ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റോ മറ്റു ജീവനക്കാരോ ജില്ലാ ആശുപത്രിയിലില്ല.
ആശുപത്രി സംവിധാനങ്ങൾ മെച്ചപ്പെടുത്തതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. പ്രവർത്തിക്കുന്ന കാത്ത് ലാബ് ഉള്ള എല്ലാ കേന്ദ്രങ്ങളിലും പിസിഐയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കണം.
അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർക്കു പരിശീലനം നൽകണം. റഫർ ചെയ്യപ്പെടുന്ന രോഗികൾക്കു കാലതാമസമില്ലാതെ ചികിത്സ ആരംഭിക്കണം.
മെഡിക്കൽ കോളജിൽ കാർഡിയോളജിക്കു പ്രത്യേക വാർഡ് ഉണ്ടാകണം.
രോഗികളുടെ കൂടെ വരുന്നവർക്കു കൃത്യമായി ചികിത്സാ പദ്ധതികൾ വിശദമാക്കി അനുമതി വാങ്ങണം. അടിയന്തര ആവശ്യങ്ങൾക്കായി മെഡിക്കൽ കോളജിൽ ഒരു കാത്ത് ലാബ് നീക്കിവയ്ക്കണമെന്നും കാത്ത് ലാബുകളുടെ ഓഡിറ്റിങ് നടത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
വേണുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചോ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചോ പരാമർശങ്ങളില്ല.
എന്തിന് മെഡിക്കൽ കോളജിൽ കൊണ്ടുപോയി?
കൊല്ലം ∙ വേണുവിന്റെ മരണത്തെ സംബന്ധിച്ചു പട്ടികജാതി, പട്ടികവർഗ കമ്മിഷന്റെ അദാലത്തിൽ പങ്കെടുത്തപ്പോൾ ചോദിച്ച ചോദ്യം വേദനിപ്പിച്ചുവെന്നു വേണുവിന്റെ ഭാര്യ സിന്ധു. ഒരു ജീവൻ രക്ഷിക്കണമെങ്കിൽ എന്തിനു മെഡിക്കൽ കോളജിൽ കൊണ്ടുപോയി എന്നാണ് ഒരു അംഗം ചോദിച്ചത്. റിപ്പോർട്ട് നോക്കിയിട്ട് എന്തു ചെയ്യാൻ കഴിയുമെന്ന് നോക്കട്ടെ എന്നാണു കമ്മിഷൻ വേണുവിന്റെ ഭാര്യയോടു പറഞ്ഞത്.
ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതി റിപ്പോർട്ട് ആശുപത്രിയിലെ സംവിധാനങ്ങളെക്കുറിച്ചു മാത്രമാണ്. മരണം സംഭവിച്ച കുടുംബത്തിലെ നഷ്ടം റിപ്പോർട്ട് കാണുന്നില്ല.
സംഭവം നടന്നിട്ട് ഇപ്പോൾ 2 മാസമായി. ഇതുവരെ ഞാനും കുഞ്ഞുങ്ങളും എങ്ങനെയാണു കഴിയുന്നതെന്ന് ആരും തിരക്കിയിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു വിളിയും വന്നിട്ടില്ലെന്നും സിന്ധു പറയുന്നു.
2025 നവംബർ 1 ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വേണു നവംബർ 5 നാണു മരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

