കുമളി ∙ മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കുമ്പോൾ തീർഥാടകരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ കുമളിയിൽ വൻതിരക്ക്. പാർക്കിങ് പ്രശ്നത്തിന്റെ പേരിൽ തേക്കടി കുളത്തുപാലം ഭാഗത്ത് താൽക്കാലിക കടകളിലെ ജീവനക്കാർ നാട്ടുകാരനെയും തീർഥാടക വാഹനത്തിന്റെ ഡ്രൈവറെയും കയ്യേറ്റം ചെയ്തു.
ഡ്യൂട്ടിയിലുള്ള പൊലീസുകാർ നിസ്സംഗത പാലിക്കുന്നത് സ്ഥിതി രൂക്ഷമാക്കുന്നതായും ആരോപണമുണ്ട്.
ശബരിമല സീസണിലെ വ്യാപാരം ലക്ഷ്യമിട്ട് കുമളിയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കുമളി ഒന്നാം മൈൽ പുത്തൻപറമ്പിൽ ഷമീൻ (57) ആണ് മർദനത്തിന് ഇരയായ നാട്ടുകാരൻ.
ഇദ്ദേഹത്തിന്റെ ബൈക്ക് തങ്ങളുടെ കടയുടെ മുൻപിൽ നിർത്തിയതാണ് കടക്കാരെ പ്രകോപിപ്പിച്ചത്.
മറ്റൊരു സംഭവത്തിൽ തീർഥാടകരുമായി എത്തിയ വാഹനം കടയുടെ മുൻപിൽ നിർത്തിയെങ്കിലും തീർഥാടകർ മറ്റൊരു കടയിൽ കയറിയതിന്റെ പേരിൽ കടക്കാർ വാഹനത്തിന്റെ ഡ്രൈവറെ കയ്യേറ്റം ചെയ്തു. ഇതിൽ പ്രകോപിതരായ തീർഥാടകർ കടയിലെ ജീവനക്കാരെ കായികമായി നേരിട്ടു.
സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാർ ഈ സംഭവങ്ങൾക്ക് മൂകസാക്ഷികളായി മാറി നിൽക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. കടകളുടെ മുൻപിൽ വാഹനം നിർത്തിയാൽ അസഭ്യവർഷവുമായി നേരിടുന്നതായി നാട്ടുകാർ പറയുന്നു.
തീർഥാടനകാലം ആരംഭിക്കുന്നതിനു മുൻപ് സർവകക്ഷി യോഗം ഉൾപ്പെടെ കൂടി പല തീരുമാനങ്ങളും എടുക്കാറുണ്ട്.
എന്നാൽ അവയിൽ പലതും ഒരിക്കലും നടപ്പാക്കാറില്ല. പൊലീസിന്റെ അലംഭാവമാണ് ഇതിന് പ്രധാന കാരണമെന്ന് ആക്ഷേപമുണ്ട്.
പഞ്ചായത്തും പൊലീസും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പുമെല്ലാം ഏകോപിച്ച് പ്രവർത്തിച്ചാൽ മാത്രമേ കുമളിയിൽ തീർഥാടകർക്ക് നേരെയുള്ള കയ്യേറ്റവും ചൂഷണവും നിയന്ത്രിക്കാൻ കഴിയൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

