ചങ്ങനാശേരി ∙ എംസി റോഡിൽ നഗരസഭാ പാർക്കിനു സമീപത്തുള്ള പൂവക്കാട്ടുചിറക്കുളത്തിലേക്ക് നിർമാണം നടക്കുന്ന സ്ഥലത്തെ മാലിന്യം തള്ളിയതോടെ കുളം മലിനമായി. വെള്ളത്തിനു കറുത്ത നaിറമായി.
സമീപത്ത് നിർമാണം നടക്കുന്ന സ്വകാര്യ സ്ഥലത്ത് നിന്നുള്ള മാലിന്യമാണ് കുളത്തിലേക്ക് തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു. പൈലിങ് നടത്താനായി കുഴിച്ചപ്പോൾ ലഭിച്ച ചെളിയും മാലിന്യവും കുളത്തിലേക്ക് തള്ളിയെന്നാണ് നാട്ടുകാരുടെ പരാതി.
നഗരസഭ കൗൺസിലർ വി.കെ.സത്യൻ, മുൻ നഗരസഭാധ്യക്ഷൻ സെബാസ്റ്റ്യൻ മണമേൽ എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നത് തടഞ്ഞു.
സംഭവത്തിൽ നഗരസഭയും ഇടപെട്ടു. മാലിന്യം തള്ളിയവർക്ക് നോട്ടിസും നൽകി.
പരിശോധന നടത്തി നടപടിയെടുക്കുമെന്ന് നഗരസഭ പറഞ്ഞു. വെള്ളം മലിനമായതോടെ കുളത്തിനെ ആശ്രയിച്ചിരുന്നവരാണ് ദുരിതത്തിലായത്. കൊടിയ ദുർഗന്ധം കാരണം വീടിനുള്ളിൽ ആളുകൾക്ക് ഇരിക്കാനും കഴിയുന്നില്ല.
കുളിക്കാനും അലക്കാനുമായി എത്തിയവരാണ് കുളത്തിലെ നിറവ്യത്യാസം ആദ്യം തിരിച്ചറിഞ്ഞത്.
സമീപത്തെ വീടുകളിലെ കിണറുകളിലേക്കും കുളത്തിലെ മാലിന്യം അരിച്ചിറങ്ങുമോ എന്ന് സംശയമുണ്ട്. വേനൽ കടുക്കുമ്പോൾ കൂടുതൽ പേരും കുളത്തിനെയാണ് ആശ്രയിച്ചിരുന്നത്.
മുനിസിപ്പൽ പാർക്കിലെ ബോട്ടിങ്ങും കുളത്തിലാണ് നടത്തിയിരുന്നത്. ഒട്ടേറെയാളുകളാണ് ബോട്ടിങ്ങിനും കുളത്തിന്റെ കടവിൽ വിശ്രമിക്കാനും എത്തിയിരുന്നത്.
സംരക്ഷണം വേണം
∙നഗരത്തിലുള്ള പൂവക്കാട്ടുചിറക്കുളത്തിന്റെ സാധ്യതകൾ മനസ്സിലാക്കി സംരക്ഷണം നൽകണം.
ആളുകൾക്ക് നടക്കാനും ചെറിയ വ്യായാമങ്ങൾ ചെയ്യാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. കുളത്തിനു ചുറ്റുമുള്ള മാലിന്യം നീക്കണം.
കൃത്യമായ നവീകരണമില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. മീൻ വളർത്തൽ പദ്ധതി നടത്തിയെങ്കിലും മുന്നോട്ട് പോയില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ പല സൗന്ദര്യവൽക്കരണ പദ്ധതികളും കാട് കയറി. സി.എഫ്.തോമസ് എംഎൽഎയായിരുന്നപ്പോൾ 20 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച് അലങ്കാര ലൈറ്റുകളിൽ പലതും തകർന്നു.
ചില ലൈറ്റുകളിൽ നാട്ടുകാർ ചേർന്ന് പിരിവിട്ടാണ് ബൾബ് മാറ്റിയിടുന്നത്.
റോഡ് പണി കെണിയാണ്
∙പൂവക്കാട്ടുചിറക്കുളത്തിനു ചുറ്റുമുള്ള ടൗൺ ഹാൾ റോഡിന്റെ നവീകരണം ഇഴഞ്ഞു നീങ്ങുകയാണ്. കുത്തിപ്പൊളിച്ചിട്ട
റോഡിൽ ആളുകൾ വീണ് പരുക്കേൽക്കുന്നു. സമീപവാസിയായ ആലുംകടവിൽ അമ്പിളി ജിനു 2 തവണയാണ് റോഡിൽ വീണ് പരുക്കേറ്റത്.
നടപടി സ്വീകരിക്കും
“മാലിന്യം തള്ളിയവർക്കെതിരെ നഗരസഭ നടപടി സ്വീകരിക്കും.
കുളം വൃത്തിയാക്കാനുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്. കൂടാതെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടപ്പാക്കും.
നഗരത്തിലെ പ്രധാന വിശ്രമ വിനോദ കേന്ദ്രമാക്കി കുളത്തിനെയും പരിസരത്തെയും മാറ്റും.”
വി.കെ.സത്യൻ, നഗരസഭ കൗൺസിലർ.
“കുളം മലിനമായതോടെ കനത്ത ദുർഗന്ധമാണ്. വീടിനുള്ളിൽ ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയായി”
മോഹൻ ആലുംകടവിൽ, പൂവക്കാട്ടുചിറ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

