റാന്നി ∙ ‘ ചോറുണ്ട് കൈ കഴുകും മുൻപേ വലിയ ശബ്ദത്തോടെ കാർ തെറിക്കുന്നതാണു കണ്ടത്.’ പുനലൂർ–മൂവാറ്റുപുഴ പാതയിലെ മന്ദിരം പടിക്കും പൊട്ടങ്കൽ പടിക്കും മധ്യേ കാറും വാനും കൂട്ടിയിടിച്ച അപകടത്തിനു ദൃക്സാക്ഷിയായ പ്രസാദിന്റെ വാക്കുകളാണിത്. പത്തനംതിട്ട
കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറാണ് ഇടക്കുളം നെടുവേലിക്കുന്നിൽ പ്രസാദ്. ഇന്നലെ ഓഫായിരുന്നു.
ഉച്ചയ്ക്കു 12 മണിയോടെ അപകടം നടന്ന സ്ഥലത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതാണു പ്രസാദ്. ഊണു കഴിഞ്ഞു കൈ കഴുകാൻ തുടങ്ങുമ്പോഴാണ് വാൻ മുന്നിലൂടെ പോകുന്നതു കണ്ടത്.
വാനിന്റെ ഹോൺ നീട്ടിയടിക്കുന്നതു കണ്ടാണ് നോക്കിയത്.
നിമിഷങ്ങൾക്കുള്ളിൽ കാർ വന്ന് വാനിൽ ഇടിച്ചു. എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. അപകട സ്ഥലത്ത് ആദ്യം എത്തിയതും പ്രസാദാണ്.
2 പേർ കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഇരുന്ന 2 പേരെ ഇറക്കി റാന്നി പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അഗ്നി രക്ഷാസേനയെത്തി വെട്ടിപ്പൊളിച്ചാണ് 2 പേരെ പുറത്തെടുത്തത്. ഇതിനകം ഒരാൾ മരിച്ചു.
കാർ വെട്ടിപ്പൊളിച്ചെടുത്ത ഗുരുതര പരുക്കേറ്റയാളെ ഇതേ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്.
റാന്നി ∙ പഞ്ചായത്തംഗവും അഭിഭാഷകനുമായ ബ്ലസൻ ജോർജ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൺമുന്നിൽ നടന്ന അപകടത്തിന്റെ നടുക്കത്തിൽ നിന്ന് ബ്ലസൻ ഇപ്പോഴും മോചിതനായിട്ടില്ല.
പത്തനംതിട്ടയിൽ പോയി മടങ്ങുകയായിരുന്നു അങ്ങാടി പഞ്ചായത്തംഗമായ ബ്ലസൻ. മന്ദിരം പടിക്കു സമീപം അപകടത്തിൽപ്പെട്ട
വാനിനു പിന്നിലാണ് കാറിൽ ബ്ലസൻ യാത്ര ചെയ്തിരുന്നത്. സെക്കൻഡുകൾക്കുള്ളിലാണ് മുന്നിൽ അപകടം നടന്നത്.
എതിരെയെത്തിയ കാർ വാനിൽ ഇടിച്ചു കയറി തെറിക്കുന്നതാണു കണ്ടത്. 5 മീറ്റർ പിന്നിട്ടിരുന്നെങ്കിൽ ബ്ലസന്റെ കാർ വാനിൽ ഇടിച്ചു കയറുമായിരുന്നു.
ഏതാനും സെക്കൻഡുകൾ കാറിൽ തരിച്ചിരുന്ന ശേഷമാണ് ബ്ലസൻ പുറത്തിറങ്ങിയത്. രക്ഷാപ്രവർത്തനത്തിന് അദ്ദേഹവും പങ്കാളിയായി.
റാന്നി ∙ നാട്ടുകാർക്കൊപ്പം അപകട
സ്ഥലത്ത് ഓടിയെത്തി ജനപ്രതിനിധികളും. ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിൽ, പഞ്ചായത്തംഗങ്ങളായ വിനോദ്കുമാർ, ദിലീപ് ഉതിമൂട് എന്നിവരാണ് പങ്കെടുത്തത്.
താലൂക്ക് ആശുപത്രിയിലെത്തി പരുക്കേറ്റവരെയും ആരോൺ സന്ദർശിച്ചു.
പാതിമയക്കം; എസി തണുപ്പിൽ മരണപ്പാച്ചിൽ
റാന്നി ∙ ഓട്ടത്തിനിടെ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതു മൂലമുള്ള അപകടങ്ങൾ പുനലൂർ–മൂവാറ്റുപുഴ പാതയിൽ വർധിക്കുന്നു. അടുത്ത കാലത്തു നടന്ന അപകടങ്ങളധികവും ഇത്തരത്തിൽ സംഭവിച്ചതാണ്. ഇന്നലെ മന്ദിരം പടിക്കും പൊട്ടങ്കൽ പടിക്കും മധ്യേ നടന്ന അപകടവും ഡ്രൈവർ ഉറങ്ങിപ്പോയതു മൂലം സംഭവിച്ചതാണ്.
പത്തനംതിട്ട ഭാഗത്തു നിന്നെത്തിയ വാനിൽ കാർ തെറ്റായ ദിശയിലെത്തി നേരെ മുന്നിൽ ഇടിക്കുകയായിരുന്നു.
കാർ തെറ്റായ ദിശയിൽ കയറി വരുന്നതു കണ്ടപ്പോൾ തന്നെ ഹോൺ നീട്ടി അടിച്ചതായി വാൻ ഡ്രൈവർ പറഞ്ഞു. പെട്ടെന്ന് ഡ്രൈവർ ബ്രേക്കിൽ അമർത്തി ചവിട്ടി വാൻ നിർത്തി.
അമിത വേഗത്തിലെത്തിയ കാർ വാനിന്റെ മുന്നിൽ ഇടിച്ച ശേഷം തെറിച്ച് വശത്തെ കയ്യാലയോടു ചേർന്നു കുറുകെ കിടക്കുകയായിരുന്നു.
പുനലൂർ–മൂവാറ്റുപുഴ പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ച ശേഷം അമിത വേഗത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചു. കടുത്ത ചൂടിൽ എസി ഇട്ടാണ് ചെറിയ വാഹനങ്ങളോടിക്കുന്നത്.
ഉള്ളിൽ തണുപ്പ് നിറയുമ്പോൾ വേഗം അറിയില്ലെന്നു മാത്രമല്ല ശ്രദ്ധിക്കാറുമില്ല. അമിത വേഗത്തിൽ പായുന്നതിനിടെ കണ്ണ് തനിയെ അടഞ്ഞു തുറക്കുമ്പോഴേക്കും അപകടം നടന്നിരിക്കും.
പലപ്പോഴും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയാണ്. അതല്ലെങ്കിൽ നിയന്ത്രണം വിട്ടു മറിയും.
കൈവരിയിലോ കയ്യാലയിലോ വൈദ്യുതി തൂണിലോ ഇടിച്ചു കയറും. 4 റോഡുകൾ സന്ധിക്കുന്ന മന്ദിരം ജംക്ഷനിൽ അപകട
നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ജംക്ഷൻ കഴിഞ്ഞ് വാളിപ്ലാക്കൽ പടിയിലേക്കുള്ള വളവിൽ സുരക്ഷാ സംവിധാനമില്ല.
വാനിൽ കാർ ഇടിച്ച് ശബരിമല തീർഥാടകൻ മരിച്ചു
റാന്നി ∙ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ, വാനിൽ ഇടിച്ച് ഒരു തീർഥാടകൻ മരിച്ചു. 9 തീർഥാടകർക്കു പരുക്കേറ്റു.
ഇതിൽ 2 പേരുടെ നില ഗുരുതരം. ആന്ധ്ര ഓഗോൾ സഡൽഹെട്ടി ജില്ലയിൽ ബാൽഹെട്ടി പാലം സ്വദേശി വിനോദാണ് (22) മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ നരസിംഹ റെഡ്ഡി (28), തമിഴ്നാട് ട്രിച്ചി സ്വദേശി ശരവണവേൽ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്ര സ്വദേശി ശിവ (28), ഡ്രൈവർ കോടി റെഡ്ഡി (27), തിരുച്ചിറപ്പള്ളി സ്വദേശികളായ ഇസഹിയപ്പൻ, ഗുണശേഖരൻ, പുണ്യമൂർത്തി, മുരളി, ബാല എന്നിവർക്കു റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പുനലൂർ–മൂവാറ്റുപുഴ റോഡിൽ മന്ദിരം ജംക്ഷനും പൊട്ടങ്കൽ പടിക്കും മധ്യേ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം.
ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു മരിച്ച വിനോദും സംഘവും.
ശബരിമല ദർശനത്തിനു മുന്നോടിയായി എരുമേലിക്കു പോകുകയായിരുന്നു തിരുച്ചിറപ്പള്ളി സംഘം. തെറ്റായ ദിശയിലൂടെ അമിത വേഗത്തിൽ എത്തിയ കാർ, വാനിൽ ഇടിച്ചു കയറുകയായിരുന്നു. കാർ തെറിച്ചു സമീപത്തെ കയ്യാലയോടു ചേർന്ന് റോഡിനു കുറുകെ നിന്നു.
വാനിന്റെ മുന്നിലെ ചില്ലും വാതിലും തകർന്നു. ഓടിക്കൂടിയവർ കാറിനു പിന്നിലുണ്ടായിരുന്ന 2 പേരെ പുറത്തിറക്കി റാന്നി താലൂക്ക് ആശുപത്രിയിലാക്കി. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് മറ്റു 2 പേരെ പുറത്തെടുത്തത്.
ഇതിനകം വിനോദ് മരിച്ചു.
വാനിൽ ഡ്രൈവർ അടക്കം 19 പേരുണ്ടായിരുന്നു. ഇതിൽ 6 പേർക്കാണു പരുക്കേറ്റത്.
വാതിൽ തുറക്കാൻ പറ്റാത്തതു മൂലം ഇവരെ പുറത്തിറക്കാൻ കഴിഞ്ഞില്ല. അടിയന്തര വാതിൽ തുറന്നാണ് ഇറക്കിയത്. സാരമായി പരുക്കേറ്റ ശരവണവേലിനെ പൊട്ടിയ ചില്ലിനിടയിലൂടെ സ്ട്രെച്ചറിൽ പുറത്തെടുക്കുകയായിരുന്നു.
കാറും വാനും പിന്നീട് ക്രെയിൻ ഉപയോഗിച്ചു വലിച്ചു നീക്കി. തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിൽ പടർന്ന ഓയിലും ഡീസലും അഗ്നിരക്ഷാസേന കഴുകി നീക്കി.
റാന്നി ഡിവൈഎസ്പി ആർ.ജയരാജ്, ഇൻസ്പെക്ടർ ആർ.മനോജ്കുമാർ, എസ്ഐമാരായ കെ.കൃഷ്ണകുമാർ, എസ്.സിബി, അഗ്നി രക്ഷാനിലയം ഓഫിസർ എ.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

